Tuesday, December 27, 2011

ചെറുകിട വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യം കെ എസ് ഇ ബി നിര്‍ത്തലാക്കി

ചെറുകിട വ്യവസായങ്ങള്‍ക്ക് കൂട്ടത്തോടെ മരണവാറണ്ട് പുറപ്പെടുവിച്ച് സംസ്ഥാന വൈദ്യുതി വകുപ്പ് മിനിമം ഗ്യാരണ്ടി സ്‌കീം (എംജിഎസ്) പദ്ധതി പിന്‍വലിക്കുന്നു. 1970-80കളില്‍ ആരംഭിച്ചതും കേരളത്തിന്റെ വ്യാവസായികപുരോഗതിക്ക് ആക്കംകൂട്ടിയതുമായ പദ്ധതിയാണ് വൈദ്യുതിവകുപ്പ് പിന്‍വലിക്കാനൊരുങ്ങുന്നത്. 2003-ല്‍ നടപ്പിലാക്കിയ പുതിയ വൈദ്യുതി നിയമം ക്രോസ് സബ്‌സിഡി അനുവദിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് വൈദ്യുതി ബോര്‍ഡ് എംജിഎസ് പിന്‍വലിക്കാനൊരുങ്ങുന്നത്. ഇതുമൂലം ബാങ്കില്‍നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്ത് സംരംഭങ്ങള്‍ തുടങ്ങിയവര്‍ക്കുവരെ വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്ന് ചെറുകിട വ്യവസായികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ 85 ഓളം ചെറുകിട വ്യവസായ യൂണിറ്റുകള്‍ എറണാകുളം ജില്ലയില്‍ മാത്രമുണ്ട്. മിനിമം ഗ്യാരണ്ടി പദ്ധതിക്കുവേണ്ട അംഗീകാരം കെഎസ്ഇബി റഗുലേറ്ററി കമ്മിഷനില്‍നിന്ന് വാങ്ങിക്കുന്നതാണ് പ്രശ്‌നമെന്നിരിക്കെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മറയ്ക്കാനാണ് 2003ലെ നിയമത്തെ കുറ്റംപറയുന്നത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സമാനസ്ഥിതിയുണ്ടായപ്പോള്‍ പദ്ധതിയുടെ കാലാവധി നീട്ടിയതായി റഗുലേറ്ററി കമ്മിഷനെ അറിയിച്ച് ചെറുകിട വ്യവസായികളെ രക്ഷപ്പെടുത്തിയിരുന്നു.

മുന്‍കാലങ്ങളില്‍ മിനിമം ഗ്യാരണ്ടി പദ്ധതിപ്രകാരം ചെറുകിട വ്യവസായികള്‍ കെട്ടിടവും ഫാക്ടറിയും സജ്ജമാക്കിക്കഴിയുമ്പോള്‍ കെഎസ്ഇബി കണക്ഷന്‍ നല്‍കുകയും അതിന്റെ തുക മാസാമാസം ഒരുലക്ഷത്തിന് 2100 രൂപ എന്ന കണക്കില്‍ ഏഴുവര്‍ഷംകൊണ്ട് അടച്ചുതീര്‍ക്കുകയുമായിരുന്നു പതിവ്. എന്നാല്‍ കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ പുതിയ നിയമത്തിന്റെ പേരില്‍ വൈദ്യുതി വകുപ്പ് ചെറുകിടക്കാര്‍ക്ക് കണക്ഷനുകള്‍ നല്‍കുന്നില്ലെന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍ പ്രസിഡന്റ് ഷാജി സെബാസ്റ്റിയന്‍ പറഞ്ഞു. ഇപ്പോള്‍ ലൈനിനും ട്രാന്‍സ്‌ഫോര്‍മറിനും ഉള്‍പ്പെടെ ഏകദേശം നാലുലക്ഷം രൂപയോളം അടച്ചാല്‍മാത്രമേ കണക്ഷന്‍ നല്‍കൂയെന്ന നിലപാടാണ് ബോര്‍ഡിന്റേത്.
ബാങ്കുകളില്‍നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്ത് വ്യവസായം തുടങ്ങാന്‍ മാസങ്ങളായി തയ്യാറെടുത്തവര്‍ ഇതുമൂലം ബാങ്ക്‌വായ്പ എങ്ങനെ തിരിച്ചടക്കുമെന്നോര്‍ത്ത് കഷ്ടപ്പെടുകയാണ്. ഇതിനെതിരെ റഗുലേറ്ററി കമ്മിഷനില്‍ സമര്‍പ്പിച്ച പരാതിയിന്മേല്‍ ഈ മാസം 29ന് തിരുവനന്തപുരത്ത് ഹിയറിംഗ് നടത്തുന്നുണ്ട്. പക്ഷേ കെഎസ്ഇബി പുതുക്കിയ പദ്ധതി കൊടുക്കാതിരുന്നാല്‍ ഹിയറിങ്മൂലവും യാതൊരു നേട്ടവുമുണ്ടാകില്ല.

കേരളത്തെ വ്യാവസായിക പുരോഗതിയിലേക്ക് നയിക്കേണ്ടവര്‍തന്നെ വ്യവസായങ്ങളുടെ കഴുത്തില്‍ കത്തിവെയ്ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇത് കാര്‍ഷികരംഗത്തുണ്ടായതിനു സമാനമായ മറ്റൊരു തകര്‍ച്ച വ്യാവസായികരംഗത്തും ഉണ്ടാക്കാനിടയാക്കും.

janayugom 271211

2 comments:

  1. ചെറുകിട വ്യവസായങ്ങള്‍ക്ക് കൂട്ടത്തോടെ മരണവാറണ്ട് പുറപ്പെടുവിച്ച് സംസ്ഥാന വൈദ്യുതി വകുപ്പ് മിനിമം ഗ്യാരണ്ടി സ്‌കീം (എംജിഎസ്) പദ്ധതി പിന്‍വലിക്കുന്നു. 1970-80കളില്‍ ആരംഭിച്ചതും കേരളത്തിന്റെ വ്യാവസായികപുരോഗതിക്ക് ആക്കംകൂട്ടിയതുമായ പദ്ധതിയാണ് വൈദ്യുതിവകുപ്പ് പിന്‍വലിക്കാനൊരുങ്ങുന്നത്.

    ReplyDelete
  2. അഗളി: കര്‍ഷകര്‍ക്കുള്ള സൗജന്യ വൈദ്യുതി വിച്ഛേദിക്കാനുള്ള നീക്കം സിപിഐ എം പ്രവര്‍ത്തകര്‍ തടഞ്ഞു. കാവുണ്ടിക്കല്ലില്‍ ശിവരാമന്റെ തോട്ടത്തിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെയാണ് തടഞ്ഞത്. കര്‍ഷകരുടെ വൈദ്യുതിചാര്‍ജ് കൃഷിഭവനില്‍നിന്ന് കെഎസ്ഇബിയില്‍ അടയ്ക്കാഞ്ഞതിനെത്തുടര്‍ന്നാണ് വൈദ്യുതി വിച്ഛേദിച്ചത്. അഗളി പഞ്ചായത്തില്‍ ഒരാഴ്ചയായി കര്‍ഷകരുടെ വൈദ്യുതകണക്ഷന്‍ വിച്ഛേദിക്കുകയാണ്. തിങ്കളാഴ്ച കാവുണ്ടിക്കലില്‍ വൈദ്യുതി വിച്ഛേദിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ സിപിഐ എം പ്രവര്‍ത്തകര്‍ ജീവനക്കാരെ തടയുകയായിരുന്നു. തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് എം ആര്‍ സത്യനും വൈദ്യുതി ബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയ ശേഷമാണ് ജീവനക്കാരെ വിട്ടയച്ചത്. ചൊവ്വാഴ്ച അഗളിയില്‍ സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യാമെന്നും വിച്ഛേദിച്ച കണക്ഷന്‍ പുനഃസ്ഥാപിക്കാമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു. സമരത്തിന് സിപിഐ എം ഏരിയ സെക്രട്ടറി വി ആര്‍ രാമകൃഷ്ണന്‍ , ഏരിയ കമ്മിറ്റി അംഗങ്ങളായ ശിവശങ്കരന്‍ , സി കെ മണി, വി എസ് ജോസ്, ടി കെ രാഘവന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

    ReplyDelete