സെന്റ്പീറ്റേഴ്സ്ബര്‍ഗ്: സിറിയയില്‍ സൈനിക നടപടി പാടില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ജി20 ഉച്ചകോടിയില്‍ അഭിപ്രായപ്പെട്ടു. സൈനിക നടപടിയിലൂടെയുള്ള ഭരണമാറ്റത്തെ ഇന്ത്യ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാസായുധ പ്രയോഗമുണ്ടായിട്ടുണ്ടെങ്കില്‍ അത് അപലപനീയമാണ്. എന്നാല്‍ യുഎന്‍ സംഘം തെളിവ് കണ്ടെത്തും വരെ ഒരു നടപടിയ്ക്കും ആരും തുനിയരുത്. സിറിയയില്‍ ആക്രമണമുണ്ടായാല്‍ ദൂരവ്യാപകപ്രത്യാഘാതമുണ്ടാകുമെന്നത് കണക്കിലെടുക്കണമെന്നും മന്‍മോഹന്‍ സിങ്ങ് കൂട്ടിച്ചേര്‍ത്തു. സിറിയയിലെ സൈനിക ഇടപെടല്‍ ലോക സമ്പദ് വ്യവസ്ഥയെ താറുമാറാക്കുമെന്നും ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരാനിടയാക്കുമെന്നും ചൈനീസ് ഉപപ്രധാനമന്ത്രി ഷീ ഗ്വാന്‍ഗ്യാവു അഭിപ്രായപ്പെട്ടു.
അമേരിക്ക സാമ്പത്തിക ഉത്തേജക നടപടികളില്‍ നിന്ന് പിന്‍വാങ്ങുന്നതിനെ കഴിഞ്ഞദിവസം പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. അമേരിക്കയുടെ നടപടി ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നാണ് പ്രധാന മന്ത്രി പറഞ്ഞത്. അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥ പുരോഗതിയിലേക്ക് നീങ്ങിയതോടെ സാമ്പത്തിക ഉത്തേജക നടപടികളില്‍ നിന്ന് പിന്‍മാറുന്നതായുള്ള പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രഖ്യാപനം ഓഹരി വിപണികളിലടക്കം കനത്ത തകര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.
deshabhimani

No comments:
Post a Comment