Friday, September 6, 2013

പെന്‍ഷന്‍ ഇനി അവകാശമല്ല

പെന്‍ഷന്‍ എന്ന ക്ഷേമരാഷ്ട്ര ആനുകൂല്യം നിയമവിരുദ്ധമാക്കിയെന്നതാണ് യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ച് പാസാക്കിയ പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി വികസന അതോറിറ്റി നിയമത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. 2004 വരെ കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് റിട്ടയര്‍മെന്റ് ആനുകൂല്യമായി പെന്‍ഷന്‍ നല്‍കണമെന്നത് നിര്‍ബന്ധമായിരുന്നു. പുതിയ ബില്ലോടെ നിയമാനുസൃത പെന്‍ഷന്‍ ഇല്ലാതായി. സര്‍ക്കാര്‍ മേഖലയില്‍ ഇല്ലാത്ത പെന്‍ഷന്‍ മറ്റ് മേഖലകളിലും അവകാശപ്പെടാനാവില്ല എന്ന ഇരട്ടനേട്ടമാണ് ഗവണ്‍മെന്റും മുതലാളിത്ത ശക്തികളും ചേര്‍ന്ന് പങ്കിടുന്നത്.

പണിയെടുക്കുന്നവന്റെ അവകാശനിഷേധത്തിനുള്ള നിയമമാണിത്. ഇപ്പോള്‍ നിയമാനുസൃത പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ഭാവിയില്‍ അത് ലഭിക്കാതിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പണിയെടുക്കുന്നവരുടെ അധ്വാനത്തിന്റെ ഫലം ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടത്തിന് വിടുന്നതിന് ഔദ്യോഗിക അംഗീകാരം നല്‍കുന്നതു കൂടിയാണ് ബില്‍. ആരോഗ്യമുള്ള കാലത്ത് രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതിന് പ്രതിഫലമായി വാര്‍ധക്യകാലത്ത് ലഭിക്കുന്ന സുരക്ഷയായിരുന്നു പെന്‍ഷന്‍. ആ ക്ഷേമസങ്കല്‍പ്പം വിപണിയുടെ വാഴ്ചയ്ക്ക് വഴിമാറുകയാണ്. പെന്‍ഷന്‍ ഫണ്ടില്‍ സൂക്ഷിക്കുന്ന തുക ഓഹരിക്കമ്പോളത്തില്‍ നിക്ഷേപിച്ച് ചൂതാടാം. അതില്‍ ജയിച്ചാല്‍ മെച്ചം, ഇല്ലെങ്കില്‍ നഷ്ടം എന്നതാണ് പുതിയ സങ്കല്‍പ്പം. പെന്‍ഷന്‍ഫണ്ടില്‍ സൂക്ഷിക്കുന്ന പണം രാജ്യത്തിന്റെ വികസനത്തിനായി വിനിയോഗിക്കുന്നതിനു പകരം ആഗോള മൂലധനശക്തികള്‍ക്ക് ചൂതാടാനായി നല്‍കുന്നുവെന്നതാണ് പുതിയ മാറ്റം.

2003 മാര്‍ച്ചിലാണ് ആദ്യം ബില്ല് അവതരിപ്പിച്ചത്. പിന്നീട് 2005ല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും അവതരിപ്പിച്ചു. ഇടതുപക്ഷം ശക്തമായി ചെറുത്തതിനാല്‍ ബില്ലുമായി മുന്നോട്ടുപോയില്ല. പിന്‍വാങ്ങിയ യുപിഎ സര്‍ക്കാര്‍ അതിന്റെ രണ്ടാമൂഴത്തില്‍ 2011ല്‍ വീണ്ടും ബില്‍ അവതരിപ്പിച്ചു. അത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിടുകയായിരുന്നു. 2004നുശേഷം കേന്ദ്രസര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ ആനുകൂല്യം നല്‍കുന്നില്ല. ഇവര്‍ക്ക് പെന്‍ഷന്‍ ഫണ്ടിലേക്ക് ശമ്പളത്തില്‍നിന്ന് ഒരു വിഹിതം സംഭാവനചെയ്യാം. വിരമിക്കുമ്പോള്‍ ഈ തുക പെന്‍ഷനായി ലഭിക്കും. ദേശീയ പെന്‍ഷന്‍ പദ്ധതിയെന്ന ഈ പദ്ധതിയില്‍ ആര്‍ക്കും ചേരാം. അവരുടെ പെന്‍ഷന്‍ ഫണ്ട് ഏത് കോര്‍പറേറ്റ് കമ്പനിക്ക് ചൂതാട്ടത്തിന് കൊടുക്കണമെന്ന് ഗുണഭോക്താവിനു തന്നെ തീരുമാനിക്കാമെന്നത് വലിയ ആനുകൂല്യമായി ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പെന്‍ഷന്‍ഫണ്ട് മേഖലയില്‍ 26 ശതമാനം വിദേശനിക്ഷേപത്തിന് നിയമം അനുമതി നല്‍കുന്നു. 52,83,212 ഗുണഭോക്താക്കളും 34,965 കോടി രൂപയുടെ ഫണ്ടുമുള്ളതാണ് ഇന്ത്യയിലെ പെന്‍ഷന്‍ മേഖല. ഈ ഫണ്ട് ആര്‍ക്കൊക്കെ വിട്ടുകൊടുക്കണമെന്ന് നിശ്ചയിക്കാനാണ് പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ഡവലപ്പ്മെന്റ് അതോറിറ്റി. എട്ട് പെന്‍ഷന്‍ ഫണ്ട് മാനേജര്‍മാരില്‍ ഒന്നുമാത്രമാണ് പൊതുമേഖലയില്‍നിന്നുള്ളത്.
(വി ജയിന്‍)

നയങ്ങള്‍ ജനം തിരുത്തിക്കും: പി കരുണാകരന്‍

സാമ്പത്തികപ്രതിസന്ധി മറികടക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ജനങ്ങള്‍ക്കുമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുമെന്ന് സിപിഐ എം ലോക്സഭാകക്ഷി ഉപനേതാവ് പി കരുണാകരന്‍ പറഞ്ഞു. സര്‍ക്കാര്‍ നിലപാടിനെതിരെ പാര്‍ലമെന്റില്‍ മാത്രമല്ല, കോടിക്കണക്കിനു ആളുകള്‍രാജ്യമൊട്ടുക്ക് രാഷ്ട്രീയഭേദമില്ലാതെ പ്രതിഷേധിക്കുകയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാതെ വീണ്ടും വീണ്ടും ജനവിരുദ്ധനയങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. നയം തിരുത്താന്‍ തയ്യാറാകാത്ത യുപിഎ സര്‍ക്കാരിന് ജനങ്ങളില്‍നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ലോക്സഭയില്‍ ഉപധനാഭ്യര്‍ഥനാ ബില്ലിന്റെ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രിക്കുതന്നെ പാര്‍ലമെന്റില്‍ സമ്മതിക്കേണ്ടിവന്നു. പ്രശ്നം പരിഹരിക്കാനാകുമെന്ന പ്രധാനമന്ത്രിയുടെ ശുഭപ്രതീക്ഷയോട് വിരോധമില്ല. എന്നാല്‍, സമ്പദ്ഘടന ശോഷിക്കാന്‍ കാരണം പ്രതിപക്ഷ പാര്‍ടികളാണെന്ന അഭിപ്രായം അംഗീകരിക്കാനാകില്ല. രോഗാതുരമായ ഇന്ത്യന്‍ സമ്പദ്ഘടന നേരിടുന്നത് പലതരം പ്രശ്നങ്ങളാണ്. കുറയുന്ന സാമ്പത്തികവളര്‍ച്ച, വ്യാപാരക്കമ്മിയുടെ വര്‍ധന, രൂപയുടെ മൂല്യത്തകര്‍ച്ച, വര്‍ധിച്ച പണപ്പെരുപ്പം, ധനക്കമ്മിയുടെ വര്‍ധന, തൊഴിലവസരങ്ങളുടെ അഭാവം എന്നിവ അവയില്‍ ചിലതുമാത്രം.

2008നുശേഷം ആദ്യമായാണ് വളര്‍ച്ചനിരക്ക് 4.4 ശതമാനമായി കുറയുന്നത്. ഇന്‍ഷുറന്‍സ്, ബിസിനസ് സേവനരംഗത്ത് വളര്‍ച്ച കുറഞ്ഞു. നിര്‍മാണ, ഖനിമേഖലകളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച കുറവാണ്. വൈദ്യുതി, ഗ്യാസ്, ജലവിതരണം എന്നീ രംഗങ്ങളില്‍ മുന്‍വര്‍ഷം 6.2 ശതമാനമായിരുന്നു വളര്‍ച്ചയെങ്കില്‍ ഇപ്പോഴത് 3.7 ശതമാനമായി. രാജ്യത്തിന്റെ 53 ശതമാനം ആസ്തിയും നിയന്ത്രിക്കുന്നത് പത്തുശതമാനം അതിധനികരാണ്. 2004ല്‍ രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം ഒമ്പതായിരുന്നത് 2012-13ല്‍ 62 ആയി വര്‍ധിച്ചു. അതേസമയം, 73 ശതമാനം ജനങ്ങള്‍ ഒരു ദിവസം ജീവിക്കുന്നത് വെറും 20 രൂപ വരുമാനംകൊണ്ടാണ്. ജനങ്ങളുടെ വാങ്ങല്‍ശേഷി കുറയുന്നതോടൊപ്പം വിലക്കയറ്റവും കുത്തനെ കൂടുകയാണ്. പെട്രോളിനും ഡീസലിനും ഓരോ മാസവും വില കൂടുകയാണ്. ഇന്ത്യയില്‍ പെട്രോളിന് 76 രൂപയുള്ളപ്പോള്‍ പാകിസ്ഥാനില്‍ 26ഉം ബംഗ്ലാദേശില്‍ 22ഉം ക്യൂബയില്‍ 19ഉം ഇറ്റലിയില്‍ 14ഉം നേപ്പാളില്‍ 34ഉം അഫ്ഗാനിസ്ഥാനില്‍ 36ഉം ശ്രീലങ്കയില്‍ 34ഉം ആണ് വില-കരുണാകരന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment