Wednesday, September 18, 2013

ഡല്‍ഹിയില്‍ ത്രിദിന നിരാഹാരസമരം തുടങ്ങി

ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേരില്‍ നിലവിലുള്ള പൊതുവിതരണ സംവിധാനം ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സിപിഐ എം ഡല്‍ഹി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ത്രിദിന നിരാഹാര സത്യഗ്രഹം തുടങ്ങി. സെപ്തംബര്‍ ഒന്നുമുതല്‍ ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ പദ്ധതി ആരംഭിച്ചതോടെ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കും ചേരിനിവാസികള്‍ക്കും പുനരധിവാസ കോളനികളില്‍ താമസിക്കുന്ന പാവപ്പെട്ടവര്‍ക്കും ഭക്ഷ്യ ആനുകൂല്യം നഷ്ടപ്പെട്ടു. ബിപിഎല്‍ രജിസ്ട്രേഷനുള്ള സൗകര്യങ്ങള്‍ നല്‍കാതെ കുടുംബങ്ങളെ എപിഎല്‍ വിഭാഗത്തിലേക്ക് നിര്‍ബന്ധിച്ച് രജിസ്റ്റര്‍ചെയ്യിക്കുന്ന നടപടി ഡല്‍ഹിയില്‍ തുടരുകയാണ്.

റേഷന്‍കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ അപേക്ഷാഫോറത്തില്‍ പറഞ്ഞിരിക്കുന്ന സര്‍ടിഫിക്കറ്റിനു പുറമെ പലതരം രേഖകളും ഹാജരാക്കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നു. ഈ ഉദ്യോഗസ്ഥപീഡനം അവസാനിപ്പിക്കുക, എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും പയറുവര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, ഉപ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവ കുറഞ്ഞ വിലയ്ക്ക് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് സമരം. പാര്‍ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് സമരം ഉദ്ഘാടനംചെയ്തു.

നിലവില്‍ ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ഭക്ഷ്യസുരക്ഷയെന്ന സങ്കല്‍പ്പം ഇല്ലാതാക്കുകയും ചെയ്തിരിക്കയാണ് കേന്ദ്രസര്‍ക്കാര്‍. ആദായനികുതി അടയ്ക്കുന്നവരൊഴികെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ ഭക്ഷ്യധാന്യവും കുറഞ്ഞ വിലയ്ക്ക് അവശ്യവസ്തുക്കളും നല്‍കണമെന്നും വൃന്ദ ആവശ്യപ്പെട്ടു. വിവിധ ലോക്കല്‍ കമ്മിറ്റികളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകരാണ് നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്. ഐടിഒ ചൗക്കില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ ഡല്‍ഹി സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വിജേന്ദര്‍ ശര്‍മ, ആശ ശര്‍മ എന്നിവരും സംസാരിച്ചു.

deshabhimani

No comments:

Post a Comment