Wednesday, September 4, 2013

ആരോഗ്യ ഇന്‍ഷുറന്‍സ് പൊതുമേഖലയെ ഏല്‍പ്പിക്കണം

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പൊതുമേഖലയെ ഏല്‍പ്പിക്കണമെന്ന് കേരളാ സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍ ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ക്കും കൃഷിക്കാര്‍ക്കും വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെലവഴിക്കുന്ന സബ്സിഡി സ്വകാര്യ കമ്പനികള്‍ തട്ടിയെടുക്കുകയാണ്. ഇത് പുറത്തായ സാഹചര്യത്തില്‍, സംസ്ഥാന സര്‍ക്കാര്‍ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ചേര്‍ന്നുള്ള പദ്ധതി റദ്ദാക്കി ഇതിന്റെ നടത്തിപ്പ് പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിയെ ഏല്‍പ്പിക്കണം. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളായ രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന, കാലാവസ്ഥ അടിസ്ഥാന വിള ഇന്‍ഷുറന്‍സ്, രാജീവ്ഗാന്ധി ശില്‍പ്പി സ്വാസ്ഥ്യ ബീമാ യോജന, സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയുടെ പേരില്‍ കോടിക്കണക്കിന് രൂപ ഐസിഐസിഐ ലൊംബാര്‍ഡ് കമ്പനി തട്ടിയെടുത്തതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ആയിരക്കണക്കിന് ആളുകളുടെ പേര് വ്യാജമായി ചേര്‍ത്താണ് തട്ടിപ്പ് നടത്തിയത്. ഇത് കേരളത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി റിലയന്‍സിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കേണ്ടതാണ്. പദ്ധതിയില്‍ ആളുകളെ ചേര്‍ക്കുന്നതുസംബന്ധിച്ച് ഇതിനകം നിരവധി പരാതി ഉയര്‍ന്നിട്ടുണ്ട്. ഇതൊന്നും പരിഹരിച്ചിട്ടില്ല.

എല്‍ഡിഎഫ് സര്‍ക്കാര്‍ 28 ലക്ഷത്തിലേറെ കുടുംബത്തെ ഉള്‍പ്പെടുത്തി, പ്രമുഖ പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ സഹായത്തോടെ കാര്യക്ഷമമായി നടപ്പാക്കിയ പദ്ധതിയാണിത്. അര്‍ഹതപ്പെട്ട ഒരു ക്ലെയിംപോലും കമ്പനി നല്‍കാതിരുന്നിട്ടില്ല. ഇപ്പോള്‍ പദ്ധതിയുടെ നടത്തിപ്പുചുമതല ഏല്‍പ്പിച്ചിട്ടുള്ള കമ്പനിയെ പല സംസ്ഥാനങ്ങളും കരിമ്പട്ടികയില്‍ പെടുത്തിയിട്ടുള്ളതാണ്. ഇന്‍ഷുറന്‍സിലെ വിദേശനിക്ഷേപം ഉയര്‍ത്താനും പൊതുമേഖലാ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കാനും പാര്‍ലമെന്റില്‍ അവതരിപ്പിച്ചിട്ടുള്ള ഇന്‍ഷുറന്‍സ് ഭേദഗതി ബില്‍ എത്രയുംവേഗം പിന്‍വലിക്കണമെന്നും യൂണിയന്‍ ജനറല്‍ സെക്രട്ടറി സി ബി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

ആരോഗ്യ ഇന്‍ഷുറന്‍സ് രോഗികള്‍ക്കുള്ള 1.3 കോടി നല്‍കാതെ റിലയന്‍സിന്റെ തട്ടിപ്പ്

മഞ്ചേരി: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികള്‍ക്കുള്ള ഒരുകോടി മുപ്പത് ലക്ഷം രൂപ നല്‍കാതെ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയുടെ തട്ടിപ്പ്. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ആഗസ്റ്റ് 30 വരെ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞിറങ്ങിയ രണ്ടായിരത്തോളം രോഗികളെയാണ് കമ്പനി കബളിപ്പിച്ചത്. രോഗികളെ ചികിത്സിച്ച ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ എന്നിവര്‍ക്കുള്ള തുകയും കമ്പനി നല്‍കിയില്ല. ആദ്യ ഗഡുവായ 14 ലക്ഷം കമ്പനി ആശുപത്രി അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് ഇതുണ്ടായിട്ടില്ല.

ഇന്‍ഷുറന്‍സ് കാര്‍ഡുമായെത്തുന്ന രോഗികള്‍ക്ക് ചികിത്സ നല്‍കിയ ഇനത്തില്‍ ചെലവഴിക്കുന്ന തുകയുടെ ബില്ലുകള്‍ ആശുപത്രി അധികൃതര്‍ എല്ലാദിവസവും കമ്പനിക്കുമുമ്പില്‍ സമര്‍പ്പിക്കുന്നുണ്ട്. സൗജന്യ ചികിത്സ ഉറപ്പുവരുത്താന്‍ ആശുപത്രി വികസന സമിതിയുടെ അക്കൗണ്ടില്‍നിന്നാണ് തുക ഉപയോഗിച്ചിരുന്നത്. ഈ തുക ഇന്‍ഷുറന്‍സ് തുക ലഭിക്കുമ്പോള്‍ ആശുപത്രി അക്കൗണ്ടിലേക്ക് മാറ്റുകയാണ് പതിവ്. കോടികളുടെ കുടിശ്ശിക തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി അധികൃതര്‍ റിലയന്‍സ് കമ്പനി അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായിട്ടില്ല. തയ്യാറാക്കിയ സോഫ്റ്റ്വെയര്‍ തകരാറിലായതിനാല്‍ ഇന്‍ഷുറന്‍സ് തുക ആശുപത്രി അക്കൗണ്ടിലേക്ക് മാറ്റാന്‍ കഴിയില്ലെന്നാണ് കമ്പനി അധികൃതരുടെ മറുപടി. കോടികള്‍ കുടിശ്ശിക വന്നതിനാല്‍ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് വരുംദിവസങ്ങളില്‍ സൗജന്യ ചികിത്സ നല്‍കാനാകില്ല. 2008ല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നിലവില്‍ വന്നതുമുതല്‍ യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിക്കായിരുന്നു പദ്ധതിയുടെ ചുമതല. കഴിഞ്ഞ മാര്‍ച്ചിലാണ് നടത്തിപ്പ് റിലയന്‍സ്ിനെ ഏല്‍പ്പിച്ചത്.

deshabhimani

No comments:

Post a Comment