ഇന്നത്തെ വാഹന പണിമുടക്ക് തൊഴിലാളി സംഘടനകളുടെമാത്രം ആവശ്യത്തിനുവേണ്ടിയല്ല. സാധാരണ ജനങ്ങളുടെ മുഴുവന്‍ രോഷത്തിന്റേയും പ്രതിഷേധത്തിന്റെയും കൂടി പ്രതീകമാണത്.
കഴിഞ്ഞ മൂന്നുമാസത്തിനിടെമാത്രം ആറുതവണയാണ് ഇന്ധനവില കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയത്. ലക്കും ലഗാനുമില്ലാതെയുള്ള വില വര്‍ധനയില്‍ ഇടതുപക്ഷ എം പിമാര്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വന്‍ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. സഭ നടക്കുമ്പോള്‍പോലും സഭയ്ക്കുപുറത്ത് വിലവര്‍ധന പ്രഖ്യാപിച്ച പെട്രോള്‍ മന്ത്രാലയത്തിന്റെ ധാര്‍ഷ്ട്യം ജനകീയ സഭകളോടുള്ള അവഹേളനം തന്നെയാണ്. പാര്‍ലമെന്റിന്റെ പരമാധികാരത്തെപ്പോലും തള്ളിപ്പറഞ്ഞുകൊണ്ട് ഇന്ധനവില കൂട്ടാന്‍ കേന്ദ്രമന്ത്രിസഭയെ പ്രേരിപ്പിക്കുന്ന ചേതോവികാരമെന്താണ്. പെട്രോള്‍ ഡീസല്‍ വിലവര്‍ധനവിനെതുടര്‍ന്ന് ചരക്കുകൂലിയിലും യാത്രാക്കുലിയിലും ഉണ്ടായ വന്‍വര്‍ധനവ് സാധാരണ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. ഇതുമൂലം നിത്യോപയോഗ സാധനങ്ങളില്‍ ഉണ്ടായ വിലവര്‍ധനവ് സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്നു.
കേന്ദ്ര സര്‍ക്കാരിനെ ഈ ദുരിതം ഒരുവിധത്തിലും അലട്ടുന്നില്ല എന്നതുകൊണ്ടാണല്ലോ നിര്‍ലജ്ജം ഇന്ധനവില കൂട്ടിക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് ഉത്കണ്ഠ മുഴുവന്‍ എണ്ണകമ്പനികളുടെ നഷ്ടത്തിലാണ്. കുറച്ചുനാള്‍ മുമ്പ് ഇന്ധനവില വര്‍ധിച്ചപ്പോള്‍ ഇതേ ന്യായം പറഞ്ഞ് പ്രശ്‌നത്തില്‍ നിന്നും കൈകഴുകാന്‍ പെട്രോള്‍ മന്ത്രാലയം നടത്തിയ ശ്രമം ദേശീയ മാധ്യമങ്ങള്‍ വന്‍ചര്‍ച്ചയാക്കുകയുണ്ടായി. തുടര്‍ന്ന് ധനമന്ത്രാലയം പെട്രോള്‍ മന്ത്രാലയത്തിനോട് വിശദീകരണം ആവശ്യപ്പെട്ടു നല്‍കിയ 'ഓഫീസ് മെമ്മോറാണ്ട'ത്തില്‍ വിലവര്‍ദ്ധനവിന്റെ യഥാര്‍ഥ സാമ്പത്തിക ബാധ്യത വെളിവാക്കണമെന്നാവശ്യപ്പെടുകയുണ്ടായി.
ഒരു ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് 4.2 യു എസ് ഡോളറില്‍ നിന്നും 8.4 ആയി വില ഉയര്‍ത്തിയ സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള മന്ത്രിതലസമിതിയുടെ നടപടി പരോക്ഷമായി എണ്ണ കമ്പനികളെ സഹായിക്കാനുദ്ദേശിച്ചുള്ളതായിരുന്നു. കൃഷ്ണാ - ഗോദാവരി തടത്തിലെ ഡി ആര്‍ വാതകപ്പാടം കയ്യടക്കിവെച്ചിരിക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രിക്ക് അനേകായിരംകോടി രൂപയുടെ കൊള്ളലാഭം നേടിക്കൊടുക്കുന്നതാണ് കേന്ദ്രമന്ത്രിസഭയുടെ ഈ തീരുമാനം. റിലയന്‍സ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിക്കാത്ത വാതക ഉല്‍പ്പാദനത്തിലെ കുറവ് കണക്കിലെടുത്ത് അത്രയും വാതകത്തിന് തുടര്‍ന്നും പഴയ നിരക്കില്‍ വില ഈടാക്കണമെന്ന ധനമന്ത്രാലയ നിര്‍ദ്ദേശം കാറ്റില്‍ പറത്തിയാണ് പെട്രോളിയം വകുപ്പുമന്ത്രി വീരപ്പമൊയ്‌ലിയും മന്ത്രിസഭാ സമിതിയും വിലവര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. റിലയന്‍സ് വരുത്തിവെച്ച ഭീമമായ നഷ്ടം നികത്തുന്നതിനുപകരം അവരുടെ വ്യാജനഷ്ട കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി അതിന്റെ സാമ്പത്തിക ഭാരം മുഴുവന്‍ സാധാരണക്കാരന്റെ ചുമലില്‍കെട്ടിവെയ്ക്കുകയാണ് മൊയ്‌ലിയും കൂട്ടരും. വിലവര്‍ധന സംബന്ധിച്ച തീരുമാനം കൈക്കൊണ്ട മന്ത്രിസഭാ സമിതിയിലും മന്ത്രിസഭാ യോഗത്തിലും ധനമന്ത്രി ചിദംബരവും സന്നിഹിതനായിരുന്നു. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ് വെള്ളത്തില്‍വരച്ച വരപോലെയാകുന്നതില്‍ അത്ഭുതപ്പെടാനില്ലല്ലോ. ലോകസഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള ഫണ്ട് ശേഖരണം ലക്ഷ്യമിട്ട് റിലയന്‍സ് അടക്കമുള്ള എണ്ണ കമ്പനികളെ പ്രീണിപ്പിച്ചു നിര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണ് - വിലക്കയറ്റംകൊണ്ട് നട്ടം തിരിയുന്ന സാധാരണക്കാരന്റെ ആത്മരോഷം വോട്ടായി മാറുമ്പോള്‍ മുകേഷ് അംബാനിയുടെ നോട്ടുകെട്ടുകള്‍ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന തിരിച്ചറിവ് പോലും കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനില്ലാതെപോയി.
വിലവര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ ഇറാനില്‍ നിന്നുമുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി ഉയര്‍ത്തണമെന്ന ഇടതുപക്ഷ പാര്‍ട്ടികളുടെ ആവശ്യം അമേരിക്കയുടെ നിര്‍ബന്ധത്തിന് വഴങ്ങി വെട്ടിക്കുറച്ച യു പി എ സര്‍ക്കാര്‍ ഇപ്പോള്‍ അതേക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. രൂപയുടെ മൂല്യത്തിന്റെ അതിവേഗ തകര്‍ച്ചയും സാമ്പത്തിക മാന്ദ്യവും കാരണം പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായ കേന്ദ്രസര്‍ക്കാര്‍ ഇറാന്റെ കാര്യത്തില്‍ ഇപ്പോള്‍ കാണിക്കുന്ന താല്‍പ്പര്യം ആത്മാര്‍ഥതയുള്ളതാണോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
അംബാനി ഗ്രൂപ്പുകളുടെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി നിലകൊള്ളുകയും അമേരിക്കയുടെ ചരടുവലിക്കനുസരിച്ച് ചലിക്കുകയും ചെയ്യുന്ന മന്‍മോഹന്‍സിങ് അടക്കമുള്ള മന്ത്രിപ്രഭൃതികള്‍ ജനതാല്‍പ്പര്യം ഒരു സുപ്രഭാതത്തില്‍ സംരക്ഷിച്ചുകളയുമെന്ന് വിശ്വസിക്കുന്നത് മൂഢതയാണ്.
ഇന്ധനവിലയും അതേതുടര്‍ന്നുണ്ടായ വിലക്കയറ്റവും ജനജീവിതം പൂര്‍ണമായും ദുസഹമാക്കിയിരിക്കുന്ന അവസ്ഥയില്‍ ജനരോഷം അലയടിക്കുമെന്ന ഭയം കേന്ദ്രത്തെ ചെറുതായെങ്കിലും പിടികൂടിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ 'എന്നെകള്ളനെന്ന് വിളിച്ചല്ലോ' എന്ന് പറയാനെങ്കിലും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ വാ തുറന്നത്.
ഇറാനില്‍ നിന്നോ മറ്റെവിടെ നിന്നായാലും ശരി ക്രൂഡോയില്‍ ഇറക്കുമതി നടത്തിയോ കര്‍ശന നടപടികളെടുത്തോ ഇന്ധനവില പിടിച്ചു നിര്‍ത്തിയില്ലെങ്കില്‍ രാജ്യം നിന്നു കത്തുമെന്ന കാര്യത്തില്‍ പക്ഷഭേദമില്ല. പ്രധാനമന്ത്രി ഈ യാഥാര്‍ഥ്യം ഇനിയെങ്കിലും ഉള്‍ക്കൊണ്ടാല്‍ അത്രയും നന്ന്. വാഹന പണിമുടക്ക് നല്‍കുന്ന താക്കീതും ഇതുതന്നെ.
janayugom editorial
No comments:
Post a Comment