Friday, October 11, 2013

30,000 താല്‍ക്കാലിക ജീവനക്കാര്‍ പുറത്താകും

സംസ്ഥാനത്ത് പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് നിര്‍ത്തിവയ്ക്കാനും 30,000 താല്‍ക്കാലിക ജീവനക്കാരുടെ തസ്തികകള്‍ ഇല്ലാതാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എല്ലാ സര്‍ക്കാര്‍ സേവനങ്ങളുടെയും ഫീസും മറ്റ് റോയല്‍റ്റികളും വര്‍ധിപ്പിക്കും. സര്‍വകലാശാലാ ഫീസുകളും കൂട്ടും. ഭൂമിയുടെ ന്യായവില ഉയര്‍ത്തും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗ ഉടമ്പടികള്‍ക്കുള്ള ഫീസും വര്‍ധിപ്പിക്കും. സാമ്പത്തികപ്രതിസന്ധിയുടെ പേരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ചെലവുചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാനും വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് മരവിപ്പിക്കും. പദ്ധതി ചെലവുകള്‍ നിയന്ത്രിക്കും. പദ്ധതിയിതര ചെലവുകള്‍ കുറയ്ക്കും. ക്ഷേമപെന്‍ഷനുകളടക്കമുള്ളവയുടെ കുടിശ്ശിക നല്‍കുന്നത് തല്‍ക്കാലം നിര്‍ത്തിവയ്ക്കും. ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ക്കും നിയന്ത്രണമുണ്ടാകും. നികുതികള്‍ പുനര്‍നിര്‍ണയിക്കും. ട്രഷറി ബില്ലുകള്‍ക്കും നിയന്ത്രണം വരും.

സാമ്പത്തികനില മെച്ചപ്പെടുത്താനും വരുമാനം വര്‍ധിപ്പിക്കാനും നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എം മാണി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇതിനായി ചില കടുത്ത നടപടികള്‍ വേണ്ടിവരും. പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് ധനവകുപ്പിന്റെ അനുമതി വേണം. നിലവിലുള്ള മുപ്പതിനായിരത്തിലധികം താല്‍ക്കാലിക ജീവനക്കാരുടെ തസ്തികകള്‍ തുടരണമോ എന്ന് പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ധനകാര്യ എക്സ്പന്റിച്ചര്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരുമാസത്തിനകം മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കണം. പുതിയ വാഹനങ്ങള്‍ വാങ്ങില്ല. വകുപ്പുകളുടെ ഉപയോഗത്തിന് കരാറടിസ്ഥാനത്തില്‍ വാഹനങ്ങള്‍ എടുക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷനില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. നിലവിലുള്ളവരുടെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടില്ല. തുല്യതസ്തികയിലുള്ളവര്‍ക്കേ ഡെപ്യൂട്ടേഷന്‍ അനുവദിക്കൂ. പൊതുമേഖലാസ്ഥാപനങ്ങളിലേക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഡെപ്യൂട്ട് ചെയ്യുന്നത് തടയും. ഇവിടേക്ക് പ്രൊഫഷണലുകളെ ഓപ്പണ്‍ മാര്‍ക്കറ്റില്‍നിന്ന് എടുക്കണം. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും വിദേശയാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. എന്നാല്‍, അത്യാവശ്യയാത്രകള്‍ അനുവദിക്കുമെന്നും മാണി പറഞ്ഞു.

പ്രതിസന്ധിയില്ല; വൈഷമ്യം മാത്രമെന്ന് കെ എം മാണി

തിരു: സംസ്ഥാനത്ത് സാമ്പത്തികപ്രതിസന്ധിയില്ലെന്നും ചില വൈഷമ്യം മാത്രമാണുള്ളതെന്നും ധനമന്ത്രി കെ എം മാണി. മെച്ചപ്പെട്ട ധന മാനേജ്മെന്റാണ് തന്റേതെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വരുമാനം കുറഞ്ഞിരിക്കുകയാണ്. റവന്യൂ ചെലവ് 20 ശതമാനം വര്‍ധിച്ചതും ബജറ്റില്‍ പറഞ്ഞതിനേക്കാള്‍ 1180 കോടി രൂപ അധികമായി നല്‍കിയതുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. കെഎസ്ആര്‍ടിസി, കെഎസ്ഇബി, വിപണി ഇടപെടല്‍, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സഹായം തുടങ്ങിയവയ്ക്ക് കൂടുതല്‍ പണം അനുവദിക്കേണ്ടിവന്നു. ചെലവുകള്‍ ചുരുക്കും. വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി എടുക്കും. ചെക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കും. നികുതി കുടിശ്ശിക വരുത്തിയവരും റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവരുമായ വ്യാപാരികളുടെ ചരക്കുകള്‍ ചെക്പോസ്റ്റുകളില്‍ പിടിച്ചിടും. റവന്യൂ റിക്കവറി നടപടി ശക്തമാക്കും. നികുതി വെട്ടിപ്പ് തടയാന്‍ മിന്നല്‍ പരിശോധനകള്‍ വ്യാപകമാക്കും. വഴിവിട്ട് നികുതി ഇളവുകള്‍ നേടുന്ന വ്യാപാരികളുടെ നികുതി പുനര്‍നിര്‍ണയം നടത്തി അധികനികുതി ഇടാക്കും. നികുതി കുടിശ്ശിക കേസുകളില്‍ വേഗം തീര്‍പ്പുകല്‍പ്പിക്കും. വ്യാപാരികളുടെ റിട്ടേണുകളുടെ ആധികാരികത പരിശോധിക്കും. അസംഘടിത തൊഴിലാളികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ സ്വാലംബപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്നും മാണി പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരു: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയൊന്നുമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍, നികുതിയിതര വരുമാനം ഉടന്‍ വര്‍ധിപ്പിക്കാന്‍ നടപടി ഉണ്ടാകും. പദ്ധതിയിതര ചെലവുകള്‍ ചുരുക്കും. രണ്ടുതവണ ട്രഷറി അടച്ചിട്ടയാളാണ് താന്‍. അതിനേക്കാള്‍ ഭേദപ്പെട്ട സ്ഥിതിയാണിപ്പോഴെന്ന് മന്ത്രിസഭായോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖമന്ത്രി പറഞ്ഞു. പ്രാഥമിക ആരോഗ്യകേന്ദ്രം ഇല്ലാത്ത 13 പഞ്ചായത്തില്‍ ആരോഗ്യകേന്ദ്രം തുടങ്ങും. ശബരിമലയിലും പമ്പയിലും പൊലീസ് മെസ്സ് കെട്ടിടം പണിയാന്‍ 3,40,00,000 രൂപയും തെന്മല പൊലീസ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സിന് സ്ഥലവും അനുവദിച്ചു. സംസ്ഥാന ഇന്നൊവേഷന്‍ കൗണ്‍സിലിന് 63 ലക്ഷവും ചാലക്കുടിയില്‍ പനമ്പള്ളി മേനോന്‍ പ്രതിമ സ്ഥാപിക്കാന്‍ അഞ്ചു ലക്ഷം രൂപയും നല്‍കും. പട്ടികജാതി വികസന പ്രീ മെട്രിക് ഹോസ്റ്റലില്‍ മെസ്സ് തുക 2000 രൂപയായും പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ മെസ്സ് തുക 2300 രൂപയായും വര്‍ധിപ്പിച്ചു. അയ്യന്‍കാളി മോഡല്‍ റെസിഡന്‍ഷ്യല്‍സ്പോര്‍ട്സ് സ്കൂളിലെ ഒരു ദിവസത്തെ മെസ്സ് തുക 130 രൂപയാക്കി. നാല് സര്‍ക്കാര്‍ കോളേജ് തുടങ്ങും. 108 ആംബുലന്‍സ് നടത്തിപ്പ് ആന്ധ്രപ്രദേശിലെ ജിവികെ ഗ്രൂപ്പിന് നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. വരും ദിവസങ്ങളില്‍ മുഖ്യമന്ത്രി ജില്ലകളില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. എറണാകുളം- ഒക്ടോബര്‍ 25, കൊല്ലം-29, മലപ്പുറം- നവംബര്‍ 4, പത്തനംതിട്ട-8, പാലക്കാട്-11, കോഴിക്കോട്-16, കണ്ണൂര്‍-18, തൃശൂര്‍-22, കോട്ടയം-25, കാസര്‍ഗോഡ്-29, വയനാട്-ഡിസംബര്‍-5, ആലപ്പുഴ-7, ഇടുക്കി-9 എന്നീ ദിവസങ്ങളിലാണ് ജനസമ്പര്‍ക്ക പരിപാടി നടത്തുക.

deshabhimani

No comments:

Post a Comment