Friday, October 11, 2013

പ്രതിസന്ധിക്കു കാരണം ചെലവല്ല; വരുമാനം കുറഞ്ഞത്: ഐസക്

ആലപ്പുഴ: യുഡിഎഫ് സര്‍ക്കാരിന്റെ നയപരമായ പക്ഷാഘാതമാണ് കേരളത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് ഡോ. ടി എം തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി കെ എം മാണിയുടെ പ്രസ്താവന തെളിയിക്കുന്നു. നികുതി പിരിവില്‍ യുഡിഎഫ് സര്‍ക്കാര്‍ കാട്ടുന്ന കെടുകാര്യസ്ഥതയും ഭരണബാഹ്യ ശക്തികളുടെ ഇടപെടലുമാണ് ഈ സ്ഥിതിവിശേഷം ഉണ്ടാക്കിയത്. ചെലവില്‍ വന്ന വര്‍ധനയാണ് പ്രതിസന്ധിക്ക് ഇടയാക്കുന്നതെന്ന വാദം ശരിയല്ല. ബജറ്റില്‍ വിഭാവനം ചെയ്ത 20 ശതമാനം വര്‍ധന മാത്രമേ ഇതില്‍ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ റവന്യൂ വരവില്‍ വന്ന ഇടിവാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നത് ധനമന്ത്രി മന:പൂര്‍വ്വം മറച്ചുവെക്കുകയാണ്. വാറ്റ് നികുതി ഈ വര്‍ഷം 30 ശതമാനമെങ്കിലും വര്‍ധന ഉണ്ടാകേണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. നികുതിയില്‍ എത്ര സ്റ്റേ കൊടുത്തുവെന്നും ചെക്ക്പോസറ്റിലെ നികുതി വരുമാനം എത്രയെന്നും ധനമന്ത്രി വ്യക്തമാക്കണം. 

നിത്യനിദാനച്ചെലവിന് കടമെടുക്കേണ്ടിവരുമെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി കേരളം നിത്യനിദാനച്ചെലവിന് കടമെടുത്തിട്ടില്ല. ഇങ്ങിനെ പോയാല്‍ എന്ന് ഓവര്‍ഡ്രാഫ്റ്റിലേക്ക് വീഴുമെന്ന് പറയാനാകില്ല. പ്രതീക്ഷയ്ക്കൊത്ത് വരുമാനം കൂടിയില്ലെങ്കില്‍ മാര്‍ച്ചില്‍ ട്രഷറിയും പൂട്ടേണ്ടിവരും. റോഡ് നിര്‍മാണത്തിന് അനുവദിച്ച 826 കോടി ഇതുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. അത് മൂലധനച്ചെലവാണ്. മൂലധനച്ചെലവ് കൂടിയില്ലെങ്കില്‍ അടുത്തവര്‍ഷം റവന്യൂ കമ്മി ഉയരാനിടയാകും. ഇത് ധനകാര്യകമീഷന്റെ ഗ്രാന്റും മറ്റ് ആനുകൂല്യങ്ങളും നഷ്ടപ്പെടാനിടയാക്കുമെന്നും ഐസക് പറഞ്ഞു.

deshabhimani

No comments:

Post a Comment