Saturday, October 26, 2013

റവന്യൂവകുപ്പില്‍ 5060 തസ്തിക ഇല്ലാതാക്കും

സാമ്പത്തിക പ്രതിസന്ധിയുടെ മറവില്‍ റവന്യൂവകുപ്പിലെ 5060 താല്‍ക്കാലിക തസ്തിക ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ നീക്കം. വകുപ്പില്‍ പുതിയ നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. കെടുകാര്യസ്ഥതയും ഭരണസ്തംഭനവുംമൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് തസ്തിക വെട്ടിക്കുറയ്ക്കലിനും നിയമനനിരോധനത്തിനുമുള്ള നടപടി ആരംഭിച്ചത്. വകുപ്പുജീവനക്കാരുടെ കുറവുമൂലമുള്ള പ്രതിസന്ധി നേരിടുമ്പോഴാണ് സര്‍ക്കരിന്റെ നീക്കം. റവന്യൂമന്ത്രിയുടെ ഓഫീസും സര്‍ക്കാര്‍ നടപടി പാലിക്കാന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ വിശദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ആഴ്ചതോറും സമര്‍പ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

റവന്യൂവകുപ്പില്‍ തുടര്‍ അനുമതിയോടെ നിലനില്‍ക്കുന്ന തസ്തികകളാണ് ആദ്യഘട്ടത്തില്‍ നിര്‍ത്തലാക്കുന്നത്. കഴിഞ്ഞ ആഗസ്ത് 31ന് ശേഷം തുടര്‍ അനുമതി ലഭിക്കാത്ത നിരവധി തസ്തികകളുണ്ട്. ഇവിടെ ജോലിചെയ്യുന്ന വകുപ്പുദ്യോഗസ്ഥരുടെ ശമ്പളവും പ്രതിസന്ധിയിലാണ്. വിവിധ പ്രോജക്ടുകളുടെ ഭാഗമായി സൃഷ്ടിച്ച തസ്തികകളടക്കം തുടര്‍ അനുമതി ലഭിക്കാതിരിക്കുകയാണ്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളില്‍പ്പോലും മതിയായ ജീവനക്കാരില്ല. വില്ലേജ് ഓഫീസര്‍മാരുടെ നിരവധി തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. വിരമിക്കുന്ന ഒഴിവുകള്‍ തല്‍ക്കാലം നികത്തേണ്ടെന്നും ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യരുതെന്നും രഹസ്യനിര്‍ദേശവുമുണ്ട്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്ന വകുപ്പുകളിലൊന്നാണ് റവന്യൂവകുപ്പ്. ഇവിടെ നിയമന നിരോധനം നടപ്പാക്കുന്നത് തൊഴില്‍രഹിതര്‍ക്ക് വന്‍ തിരിച്ചടിയാകും. ചെലവുചുരുക്കല്‍ നടപടിയുടെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നത് നിര്‍ത്തിവയ്ക്കാനും 30,000 താല്‍ക്കാലിക ജീവനക്കാരുടെ തസ്തികകള്‍ ഇല്ലാതാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. അതിനിടെ, റവന്യൂവകുപ്പിലെ തസ്തികകള്‍ നിലനിര്‍ത്തിത്തരാമെന്ന് വാഗ്ദാനംചെയ്ത് ചില ഭരണാനുകൂല സംഘടനകള്‍ പണപ്പിരിവ് നടത്തുന്നതായും ആക്ഷേപമുണ്ട്.

deshabhimani

No comments:

Post a Comment