Friday, October 18, 2013

സര്‍ക്കാര്‍ ഉറങ്ങി; റിപ്പോര്‍ട്ട് കുരിശായി

പശ്ചിമഘട്ട സംരക്ഷണത്തിനായി സമര്‍പ്പിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റിക്കു പിന്നാലെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും കേരളത്തിന് പ്രതികൂലമാകാന്‍ കാരണം യുഡിഎഫ് സര്‍ക്കാരിന്റെ അനാസ്ഥ. ഇക്കാര്യം മറച്ചുവയ്ക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 21ന് സര്‍വകക്ഷി യോഗം വിളിച്ചത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ അശാസ്ത്രിയതയ്ക്കെതിരെ നിയമസഭ ചര്‍ച്ചചെയ്ത് ഏകീകൃത നിലപാട് രൂപപ്പെടുത്തിയിരുന്നു. എന്നാല്‍, കസ്തൂരിരംഗന്‍ സമിതിക്കും കേന്ദ്രസര്‍ക്കാരിനും മുന്നില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് അനുകൂലമാക്കുന്നതില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പരാജയപ്പെട്ടു. സോളാര്‍തട്ടിപ്പില്‍ താഴ്ന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരും കോടതിയിലും പാര്‍ടിയിലും പിടിച്ചുനില്‍ക്കാനുള്ള കുറുക്കുവഴിതേടുന്നതിലായിരുന്നു ശ്രദ്ധ.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ അപാകം തീര്‍ക്കാനാണ് പത്തംഗ കസ്തൂരിരംഗന്‍ സമിതി വന്നത്. തമിഴ്നാട്, കര്‍ണാടകം തുടങ്ങിയ സംസ്ഥാനങ്ങള്‍ വലിയൊരളവില്‍ അവരുടെ പരാതികള്‍ പരിഹരിച്ചു. എന്നാല്‍, കേരളം തീര്‍ത്തും പരാജയപ്പെട്ടു. കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് അംഗീകരിച്ചു നടപ്പാക്കാന്‍ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍. അതിന്റെ വിജ്ഞാപനം പുറത്തുവരുന്നത് തടയാനാണ് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ നടത്തുന്നത്. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംസ്ഥാനത്ത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ ആദ്യംചെയ്യേണ്ടത്. മന്ത്രിസഭായോഗം വ്യാഴാഴ്ച ചേര്‍ന്നിട്ടും അതിനുള്ള നടപടി സ്വീകരിക്കാതെ ചീഫ് വിപ്പും മന്ത്രിമാരും തമ്മിലുള്ള ചേരിപ്പോരും അടിയും ചര്‍ച്ചചെയ്യാനാണ് സമയം ചെലവഴിച്ചത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതിഛായ നഷ്ടപ്പെട്ട ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷം ബഹിഷ്കരിച്ചതിനാല്‍ സര്‍വകക്ഷിയോഗത്തിന് എല്‍ഡിഎഫ് പങ്കെടുക്കില്ല. എങ്കിലും സര്‍ക്കാര്‍ അനാസ്ഥ ചൂണ്ടിക്കാട്ടിയും റിപ്പോര്‍ട്ട് അതേപടി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടും എല്‍ഡിഎഫ് ഘടകകക്ഷികള്‍ കത്ത് നല്‍കും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു പ്രകാരം കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോലമാണ്. ഇതില്‍ ഇടുക്കിയിലെ 64 വില്ലേജുകളില്‍ 48 എണ്ണം ഉള്‍പ്പെടും. ഇടുക്കിയിലെ ഏകദേശം 75 ശതമാനം പ്രദേശവും ഇതോടെ തീവ്രനിയന്ത്രിതമേഖലയാകും. കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പശ്ചിമഘട്ട സംരക്ഷണം ഏറ്റവും പ്രധാനമാണെങ്കിലും സംരക്ഷണത്തിനായി ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ കമ്മിറ്റികള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ പലതും അപ്രായോഗികമാണ്. കേരളംപോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനത്ത് റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ ജനജീവിതം അസാധ്യമാകും. കാര്‍ഷികവൃത്തിയും നിര്‍മാണപ്രവര്‍ത്തനവും വ്യവസായവും ജല-വൈദ്യുത പദ്ധതികളും സ്തംഭിക്കും. ഈ മേഖലകളില്‍ ദീര്‍ഘകാലവിളകള്‍ ചരിവുകളില്‍ പാടില്ലെന്ന നിര്‍ദേശം റബര്‍കൃഷിയെ ബാധിക്കും. എസ്റ്റേറ്റുകള്‍ പൂട്ടേണ്ടി വരും. ഇതെല്ലാം കേരളത്തിന്റെ സമ്പദ്ഘടനയെത്തന്നെ തകര്‍ക്കും. റോഡ് ഉള്‍പ്പെടെയുള്ള പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിലും നിയന്ത്രണമുണ്ട്. നാടിനെ പ്രതികൂലമായി ബാധിക്കുന്ന റിപ്പോര്‍ട്ട് നടപ്പാക്കുന്നത് തടയാന്‍ കേന്ദ്രമന്ത്രിമാരെ അടക്കം അണിനിരത്തുന്നതടക്കമുള്ള കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ ഇതുവരെ ഒന്നുംചെയ്തിട്ടില്ല.

deshabhimani

No comments:

Post a Comment