Friday, October 18, 2013

ജനസമ്പര്‍ക്കത്തിന് ധനവകുപ്പ് വിലങ്ങിട്ടേക്കും

മുന്‍ ജനസമ്പര്‍ക്കപരിപാടിയിലെ പകുതിയിലധികം അപേക്ഷയിലും പരിഹാരമായില്ല. ലക്ഷക്കണക്കിന് അപേക്ഷ ഒരു തീരുമാനവും ഇല്ലാതെ കുന്നുകൂടിക്കിടക്കവെയാണ് കോടികള്‍ ചെലവഴിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വീണ്ടും ജനസമ്പര്‍ക്ക മാമാങ്കത്തിന് ഒരുങ്ങുന്നത്. കടുത്ത സാമ്പത്തികപ്രതിസന്ധിയും ഭരണസ്തംഭനവും നിലനില്‍ക്കവെയാണ് വെള്ളിയാഴ്ച ജനസമ്പര്‍ക്കപരിപാടി തുടങ്ങാനിരിക്കുന്നത്. സോളാര്‍ തട്ടിപ്പടക്കമുള്ള വിഷയങ്ങളില്‍ പ്രതിച്ഛായ നഷ്ടമായി, ഒറ്റപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ കബളിപ്പിക്കല്‍ തന്ത്രമായ സമ്പര്‍ക്കപരിപാടിക്ക് ധനവകുപ്പിന്റെ പിന്തുണയുമില്ല. ഗുരുതര സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാല്‍ പണം ഒഴുക്കാനാകില്ലെന്ന നിലപാടാണ് ധനവകുപ്പിന്്.

തിരുവനന്തപുരത്ത് വെള്ളിയാഴ്ച നടക്കുന്ന ആദ്യ ജനസമ്പര്‍ക്കപരിപാടിക്കു ശേഷം ധനവകുപ്പ് ഇതുസംബന്ധിച്ച് കടുത്ത നിലപാട് സ്വീകരിച്ചേക്കും. റവന്യൂവകുപ്പ്് ചട്ടവിരുദ്ധമായി കഴിഞ്ഞ ജനസമ്പര്‍ക്കപരിപാടിക്ക് പണം ചെലവഴിച്ചതിന് ധനവകുപ്പ് താക്കീതുനല്‍കിയിരുന്നു. അപേക്ഷ നല്‍കിയവരില്‍ നിന്ന് തെരഞ്ഞെടുത്തവരെ മാത്രമേ ഇക്കുറി പരിപാടിയില്‍ പങ്കെടുപ്പിക്കുന്നുള്ളൂ. എപിഎല്‍ കാര്‍ഡ് ബിപിഎല്ലിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷയാണ് ഇക്കുറിയും ഭൂരിഭാഗവും. വിവിധ ജില്ലയില്‍ കഴിഞ്ഞതവണ ലഭിച്ച പതിനായിരക്കണക്കിന് ഇത്തരം അപേക്ഷയില്‍ ഇതുവരെയും തീരുമാനമായില്ല. അപേക്ഷ ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിനെ കൈമാറിയതല്ലാതെ തുടര്‍നടപടി ഉണ്ടായില്ല. അന്ന് അപേക്ഷ നല്‍കിയവര്‍ വീണ്ടും അപേക്ഷിച്ചിട്ടുണ്ട്.

ഭൂമിയും വീടുമില്ലാത്തവരുടെ നിരവധി അപേക്ഷയിലും നടപടിയെടുത്തില്ല. ഇക്കുറി ഇത്തരം അപേക്ഷ ജനസമ്പര്‍ക്കപരിപാടിയില്‍ എത്തുന്നത് പരിമിതപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് തുക അനുവദിച്ച് ജനങ്ങളുടെ കണ്ണില്‍പൊടിയിടാനുള്ള ശ്രമമാണ് ഇക്കുറിയും കാര്യമായി നടക്കുക. പരിപാടി എല്ലാ രീതിയിലും കൊഴുപ്പിക്കാനുള്ള നിര്‍ദേശമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്നത്. എല്ലായിടത്തും ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങളടക്കമുള്ള കൂറ്റന്‍ ഫ്ളക്സുകളും മറ്റും സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ ജനസമ്പര്‍ക്കപരിപാടിയില്‍ ലഭിച്ച 2,47,996 അപേക്ഷതീര്‍പ്പാക്കാതെ വിവിധ ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. ഇവയില്‍ ചിലത് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയതും വിവാദമായിരുന്നു. ചിലയിടത്ത് ഇവ നശിപ്പിച്ചിട്ടുമുണ്ട്. ഈ അപേക്ഷകളില്‍ ഇനി തുടര്‍നടപടി വേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. 2004ല്‍ ഉമ്മന്‍ചാണ്ടി നടത്തിയ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ഭൂരിപക്ഷം അപേക്ഷയും പരിഗണിച്ചിരുന്നില്ല.
(ദിലീപ് മലയാലപ്പുഴ)

deshabhimani

No comments:

Post a Comment