Friday, October 25, 2013

ആം ആദ്മി പാര്‍ട്ടിയുടെ കണക്കുകള്‍ പരിശോധിക്കണമെന്ന് കോടതി

ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം മുതലുള്ള സാമ്പത്തിക സ്ഥിതിവിവരകണക്കുകള്‍ പരിശോധിച്ച് അവയുടെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്താന്‍ കേന്ദ്രത്തോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ 10ന് കോടതിയില്‍ സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് പ്രദീപ് നന്ദ്രജോഗ്, വി കെ റാവു എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് നിര്‍ദ്ദേശിച്ചു.

ആം ആദ്മി പാര്‍ട്ടിയുടെ ആരംഭം മുതലുള്ള കണക്കുകള്‍ കേന്ദ്രം പരിശോധിക്കണം. ഒപ്പം വിദേശത്തുനിന്ന് പണം സ്വീകരിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ (എഫ് സി ആര്‍ എ)എന്തെങ്കിലും കണ്ടെത്തിയാല്‍ അതില്‍ നടപടി സ്വീകരിക്കുകയോ അത് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയോ ചെയ്യമെന്നും ബഞ്ച് കൂട്ടിച്ചേര്‍ത്തു. ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജരിവാളും ചില അംഗങ്ങളും നിയമങ്ങള്‍ ലംഘിച്ച് വിദേശ പണം സ്വീകരിക്കുന്നുണ്ടെന്ന് അഭിഭാഷകനായ എം എല്‍ ശര്‍മ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഇതേ പരാതിക്കാരന്റെ പരാതിയെ തുടര്‍ന്ന് 2012ല്‍ അണ്ണാഹസാരെ സംഘത്തിന്റെ സാമ്പത്തിക കണക്കുകള്‍ പരിശോധിച്ചതാണെന്നും, അതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ജനുവരിയില്‍ ഈ കോടതിയില്‍ മറ്റൊരു ബഞ്ചിനു മുന്നില്‍ സമര്‍പ്പിച്ചിരുന്നുവെന്നും കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ റിച്ചാ കപൂര്‍ കോടതിയെ അറിയിച്ചു. ഇതിനു ശേഷമാണ് ആം ആദ്മി പാര്‍ട്ടിയുടെ കണക്കുകള്‍ പരിശോധിക്കുവാനും അന്വേഷണ റിപ്പോര്‍ട്ട് ഡിസംബര്‍ 10ന് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടത്.

എന്നാല്‍ നിലവിലെ പരാതി വഞ്ചനാപരമാണെന്നും, മുന്‍പ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റകരമായതൊന്നും സര്‍ക്കാരിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗത്തുള്ള അഭിഭാഷകന്‍കൂടിയായ പ്രശാന്ത് ഭൂഷന്‍ പറഞ്ഞു. പക്ഷെ അവിന്ദ് കേജരിവാളും ചില അംഗങ്ങളും നിയമങ്ങള്‍ ലംഘിച്ച് വിദേശത്തുനിന്നു പണം നേടിയിട്ടുണ്ടെന്നാണ് ശര്‍മ പരാതിയില്‍ ആരോപിക്കുന്നത്. വിദേശത്തുനിന്നും സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട (എഫ് സി ആര്‍ എ) നിയമം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരുതരത്തിലുമുള്ള വിദേശ പണം സ്വീകരിക്കുന്നതിനും അനുവാദം നല്‍കുന്നില്ലെന്നും പരാതി ചൂണ്ടിക്കാട്ടുന്നു.

janayugom

No comments:

Post a Comment