Friday, October 25, 2013

പരിസ്ഥിതി സംരക്ഷണം ജനങ്ങളെ വിശ്വാസത്തിലെടുത്താവണം

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ സമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കപ്പെടുന്ന മേഖലയിലെ ജനങ്ങള്‍ ആശങ്കയുടെ മുള്‍മുനയിലാണ്. അതുകൊണ്ടാണ് അവിടെ ജനങ്ങളാകെ അണിനിരന്നുള്ള പ്രക്ഷോഭങ്ങള്‍ രൂപപ്പെട്ടത്. ജനങ്ങളെ ഏറെ ബാധിക്കുന്ന പ്രശ്നമാണ് ഇതെന്നുകണ്ട് ശരിയായ നിലപാട് സ്വീകരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കാണിച്ച അലംഭാവമാണ് സ്ഥിതി ഇത്രയേറെ ഗുരുതരമാക്കിയത്.

കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഏറെ നാളായെങ്കിലും ആറ് സംസ്ഥാനങ്ങളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമെന്നനിലയില്‍ ഒരു തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഈ റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ ദേശീയ ഹരിത ട്രിബ്യൂണലോ സുപ്രീംകോടതിയോ ഇടപെട്ടിരുന്നില്ല. എന്നാല്‍, ഇതു സംബന്ധിച്ച് വ്യക്തമായ നിലപാട് സ്വീകരിക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കട്ടെ എന്ന നിലയിലേക്ക് സുപ്രീംകോടതിയെ എത്തിച്ചത്. രണ്ട് റിപ്പോര്‍ട്ട് വന്നിട്ടും, അവ പരിശോധിച്ച് ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നവിധം തീരുമാനമെടുക്കാനുള്ള സാഹചര്യം ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങിയില്ല. ഈ അനങ്ങാപ്പാറനയത്തെതുടര്‍ന്നാണ് കാലതാമസം വരുത്തിയതിന് പിഴ ഒടുക്കാന്‍ ഹരിത ട്രിബ്യൂണല്‍ വിധിക്കുന്ന സാഹചര്യമുണ്ടായത്.

മാധവ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശകള്‍ നടപ്പാക്കണം എന്നാവശ്യപ്പെട്ട് ഗോവ ഫൗണ്ടേഷന്‍ നല്‍കിയ ഹര്‍ജിയില്‍ ഹരിത ട്രിബ്യൂണല്‍ അനുകൂല നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് ട്രിബ്യൂണലിന് ഇടപെടാന്‍ അധികാരമില്ലെന്ന വാദം സുപ്രീംകോടതിയില്‍ കേരളം ഉന്നയിച്ചത്. ഹര്‍ജി പരിഗണിച്ച ഘട്ടത്തില്‍ ഡിവിഷന്‍ ബെഞ്ച് നടത്തിയ പ്രതികൂല പ്രതികരണങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനം ഹര്‍ജി പിന്‍വലിക്കുകയുംചെയ്തു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വേണ്ടത്ര ഗൃഹപാഠം നടത്തിയില്ല എന്ന വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. യഥാസമയം കാര്യങ്ങള്‍ മനസിലാക്കി ഇടപെടാതെ ഇപ്പോള്‍ ധൃതിപിടിച്ച് കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തത്. ഇതാണ് പശ്ചിമഘട്ടവുമായി നേരിട്ട് ബന്ധപ്പെട്ട മേഖലയില്‍ വലിയ പ്രതിഷേധത്തിനും ഹര്‍ത്താലുകളിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനും കാരണമായത്.

രണ്ട് റിപ്പോര്‍ട്ടും രൂപീകരിക്കപ്പെട്ട സാഹചര്യവും നടത്തിയ ഇടപെടലുകളും പരിശോധിച്ചാല്‍മാത്രമേ പ്രക്ഷോഭത്തിന് ഇടയാക്കിയ വിഷയങ്ങള്‍ മനസിലാക്കാനാകൂ. 2010 മാര്‍ച്ചിലാണ് മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായി 14 അംഗ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി (WGEEP) നിലവില്‍വന്നത്. 2011 സെപ്തംബറില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 2012 മെയ് 23ന് 522 പേജുള്ള റിപ്പോര്‍ട്ട് ഔദ്യോഗികമായി മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ജനങ്ങളില്‍ വലിയതോതില്‍ ആശങ്കയുണ്ടാവുകയും വിവിധ തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ രൂപപ്പെടുകയുംചെയ്തു. ഗാഡ്ഗില്‍ കമ്മിറ്റിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ചുമതലകളില്‍ തന്നെ വീഴ്ചയുണ്ടായിരുന്നു എന്ന് വ്യക്തം. പരിസ്ഥിതിയുടെ നാശം വിവിധ ജനവിഭാഗങ്ങളിലും സമൂഹത്തിലാകമാനവും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുന്ന കാര്യം ഇതില്‍ ഉള്‍പ്പെട്ടില്ല. പരിസ്ഥിതി സംരക്ഷിക്കുന്നതോടൊപ്പം തൊഴിലാളികള്‍, കര്‍ഷകര്‍, വനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികള്‍ തുടങ്ങിയ അധ്വാനിക്കുന്ന ജനങ്ങളുടെ ജീവനോപാധികളും മൗലികാവകാശങ്ങളും സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളുടെ രൂപീകരണവും കമീഷന് നല്‍കിയ ചുമതലയില്‍ ഉണ്ടായിരുന്നില്ല. മനുഷ്യനെ സംരക്ഷിച്ചുകൊണ്ടുതന്നെ പ്രകൃതിയെയും സംരക്ഷിക്കുക എന്ന ശാസ്ത്രീയവീക്ഷണത്തിന്റെ അഭാവം വ്യക്തമായിരുന്നു. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി കാണുക എന്നത് പ്രധാനമാണ്. എന്നാല്‍, അതിനെ മാറ്റിനിര്‍ത്തിയുള്ള നിലപാട് കമീഷന്റെ റിപ്പോര്‍ട്ടിനെത്തന്നെ സ്വാധീനിക്കുന്ന ഘടകമായി മാറി. എങ്കിലും പശ്ചിമഘട്ടത്തിന്റെ സംരക്ഷണം ഏറെ പ്രധാനമാണ് എന്ന് ബോധ്യപ്പെടുത്തുന്ന കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട് എന്നത് കാണാതിരിക്കേണ്ടതില്ല. അതിനായി മുന്നോട്ടുവച്ച ഗുണപരമായ നിര്‍ദേശങ്ങളെ അംഗീകരിക്കാനും കഴിയേണ്ടതുണ്ട്.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്തും പരിസ്ഥിതിലോല പ്രദേശങ്ങള്‍ നിര്‍ണയിക്കുന്ന കാര്യത്തിലും വലിയ പോരായ്മ ദൃശ്യമാണ്. ഇടുക്കി, വയനാട് ജില്ലകള്‍ പൂര്‍ണമായും പരിസ്ഥിതി ലോലപ്രദേശത്തിന്റെ പരിധിയില്‍വരികയും അവിടങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താനാകാത്ത സ്ഥിതിയും ഉണ്ടാകുന്നു എന്ന പ്രശ്നവും ഉയര്‍ന്നുവന്നു. ഇത് വിദ്യാഭ്യാസത്തിനും ആരോഗ്യസേവനത്തിനും ജീവനോപാധികളുടെ വികസനത്തിനും ജീവിതനിലവാരത്തിലെ പുരോഗതിക്കും പ്രാദേശിക ജനവിഭാഗങ്ങളുടെ മൗലിക അവകാശങ്ങള്‍ക്കുംമേലുള്ള കടന്നുകയറ്റത്തിനിടയാക്കുമെന്ന സ്ഥിതിയുണ്ടായി. രാസവളം, രാസകീടനാശിനി, രാസകളനാശിനി എന്നിവ ഉപേക്ഷിച്ച് നിശ്ചിത സമയപരിധിക്കകം ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നത് ശുപാര്‍ശചെയ്തു. ഇത് ശാസ്ത്രീയ കൃഷിരീതികള്‍ നടപ്പാക്കുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്ന തരത്തിലുള്ളതാണ്.

കര്‍ണാടക- തമിഴ്നാട് അതിര്‍ത്തിയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി അടിച്ചേല്‍പ്പിച്ച രാത്രിയാത്രാനിരോധനം പിന്‍വലിക്കാന്‍, വനംമേഖലയില്‍ മേല്‍പ്പാലം പണിയുന്നതിനും ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഉറപ്പുവരുത്താനുമുള്ള ഒരു നിര്‍ദേശവും സമിതി മുന്നോട്ടുവയ്ക്കുന്നില്ല. പശ്ചിമഘട്ടത്തിലെ വയലുകള്‍, നദികള്‍, നീര്‍ത്തടങ്ങള്‍, ജലാശയങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നിര്‍ദേശങ്ങള്‍ രൂപീകരിക്കാനും സമിതിക്ക് കഴിഞ്ഞിട്ടില്ല. പരിസ്ഥിതി മേഖലകളെ ആറുമാസത്തിനകം വിജ്ഞാപനംചെയ്യണം എന്ന് കമീഷന്‍ നിര്‍ദേശിക്കുകയുണ്ടായി. പ്രാദേശിക ജനവിഭാഗത്തിന്റെ പങ്കാളിത്തത്തെപ്പറ്റി വാചാലമായശേഷം ഇത്തരത്തില്‍ കാര്യങ്ങളെ അടിച്ചേല്‍പ്പിക്കുന്ന ജനാധിപത്യവിരുദ്ധമായ നിലപാട് ഇതിലുണ്ടായിരുന്നു. പശ്ചിമഘട്ട അതോറിറ്റിയിലോ ജില്ലാ പരിസ്ഥിതി സമിതികളിലോ തൊഴിലാളികള്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയ വിഭാഗങ്ങളെ ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. ഉദ്യോഗസ്ഥര്‍, അധികാരം തങ്ങളുമായി പങ്കിട്ടാല്‍ പ്രശ്നം തീരും എന്ന സമീപനമാണ് ഇതില്‍ വച്ചുപുലര്‍ത്തിയത്. സംസ്ഥാന അതോറിറ്റിയെ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കു നല്‍കാതെ, സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്ത് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുമെന്ന വ്യവസ്ഥ ഫെഡറലിസത്തെ കാറ്റില്‍ പറത്തുന്നതും അധികാരകേന്ദ്രീകരണ പ്രവണതയുള്ളതുമാണ്. മൃഗങ്ങളുടെ സഞ്ചാരപഥത്തിനിടയിലുള്ള ജനവാസവും നിര്‍മാണവും ഇല്ലാതാക്കണം എന്നതാണ് മറ്റൊരു ശുപാര്‍ശ. ആ സഞ്ചാരപഥങ്ങള്‍ ഏതെന്നുപോലും നിര്‍വചിക്കാതെ ഇവിടെയുള്ള ജനവാസം ഇല്ലാതാക്കണം എന്നത് ജനജീവിതത്തെ സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ്. കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ പ്രധാന പങ്ക് ജല വൈദ്യുത പദ്ധതികള്‍ക്കാണ്. പുതുതായി ഡാമുകള്‍ നിര്‍മിക്കാനാവില്ലെന്നു മാത്രമല്ല, ഉള്ളവ പൊളിച്ചു മാറ്റണം എന്ന സ്ഥിതി ഇത് സൃഷ്ടിക്കുമെന്ന ആശങ്കയുമുയര്‍ന്നു. ഇത് ഇടുക്കിഡാമിന്റെ നിലപോലും പ്രതിസന്ധിയിലാക്കുന്നു എന്ന ചിന്തയുണ്ടാക്കി. പരിസ്ഥിതിലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് താലൂക്ക് അടിസ്ഥാനത്തില്‍ നടത്തിയ വിഭജനവും ഗുരുതരമായ വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന തരത്തിലായിരുന്നു. ഇത്തരം പ്രശ്നങ്ങള്‍ പരിഗണിച്ച് പാര്‍ടി 2012 ഡിസംബര്‍ 16ന് പുറപ്പെടുവിച്ച പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു:

 ""ഈ കമീഷന്‍ റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ച് നടപ്പാക്കുന്നത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. അതേ അവസരത്തില്‍ പശ്ചിമഘട്ടം സംരക്ഷിക്കുക എന്നത് മര്‍മപ്രധാനമായി കണ്ട് കേരളത്തിന്റെ സാമൂഹ്യസവിശേഷതകളും ജനസംഖ്യാപരമായ പ്രത്യേകതകളും കണക്കിലെടുത്തുകൊണ്ടുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിലവിലുള്ള പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക എന്നതും പ്രധാനമാണ്.""

അതായത്, പശ്ചിമഘട്ട സംരക്ഷണം എന്നത് മര്‍മപ്രധാനമാണ് എന്നത് പാര്‍ടി പൂര്‍ണമായും അംഗീകരിക്കുന്നു. എന്നാല്‍, അതിനായി നടപ്പാക്കുന്ന പദ്ധതികള്‍ അവിടെ താമസിക്കുന്ന സാധാരണ ജനങ്ങളെയും കര്‍ഷകരെയും പരിഗണിക്കുന്ന വിധത്തിലാവണം. റിപ്പോര്‍ട്ട് അതേപടി നടപ്പാക്കുന്നതിനു പകരം ആവശ്യമായ ഭേദഗതികള്‍ വരുത്തേണ്ടത് അനിവാര്യമാണെന്ന് പാര്‍ടി കണ്ടു.

ഗാഡ്ഗില്‍ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ഇത്തരത്തില്‍ പല പ്രശ്നങ്ങള്‍ ഉള്ളതായതിനാല്‍ വലിയ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് പരിശോധിച്ച് ശുപാര്‍ശ സമര്‍പ്പിക്കുന്നതിന് 2012 ആഗസ്തില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഹൈ ലെവല്‍ വര്‍ക്കിങ് ഗ്രൂപ്പ് എന്ന പേരില്‍ കസ്തൂരിരംഗന്‍ സമിതിയെ നിയോഗിച്ചു. അധ്യക്ഷനെ കൂടാതെ ഏഴ് അംഗങ്ങളാണ് സമിതിയില്‍ ഉണ്ടായിരുന്നത്. ഇവരെ കൂടാതെ മെമ്പര്‍ കണ്‍വീനറും ഒരു പ്രത്യേക ക്ഷണിതാവും ഉള്‍പ്പെട്ടിരുന്നു. ഈ കമ്മിറ്റിയെ പശ്ചിമഘട്ട ഉന്നതതല സമിതി (എച്ച്എല്‍ഡബ്ല്യുജി) എന്ന് പൊതുവില്‍ വിളിക്കുന്നു.

വ്യത്യസ്ത അഭിപ്രായങ്ങളുടെയും വിമര്‍ശങ്ങളുടെയും പശ്ചാത്തലത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശങ്ങളെ സമഗ്രമായും ബഹുവിഷയാധിഷ്ഠിതമായും പരിശോധിക്കുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്മിറ്റിയില്‍ നിക്ഷിപ്തമായി. അമൂല്യമായ ജൈവവൈവിധ്യത്തെയും വന്യമൃഗങ്ങളെയും സസ്യങ്ങളെയും ജീവിവര്‍ഗങ്ങളെയും സംരക്ഷിക്കുമ്പോള്‍തന്നെ പ്രദേശത്തിന്റെ നീതിപൂര്‍വമായ സാമൂഹ്യ- സാമ്പത്തിക വളര്‍ച്ചയുടെ നിലനില്‍പ്പും പരിഗണിക്കണം എന്ന കാര്യവും നിര്‍ദേശിക്കുകയുണ്ടായി. നീതിപൂര്‍വകമായ സാമ്പത്തിക വളര്‍ച്ചയും സുസ്ഥിര വികസനവും പരിസ്ഥിതി സമഗ്രതയും നിലനിര്‍ത്തുമ്പോള്‍തന്നെ പ്രാദേശിക ജനതയുടെയും ആദിവാസികളുടെയും ഗോത്രവര്‍ഗക്കാരുടെയും വനവാസികളുടെയും ആവശ്യങ്ങളും വികസനമോഹങ്ങളും ഉറപ്പ് വരുത്തണം എന്നതുള്‍പ്പെടെ പരിശോധിക്കാന്‍ നിര്‍ദേശിക്കുകയുണ്ടായി. (അവസാനിക്കുന്നില്ല)

പിണറായി വിജയന്‍ ദേശാഭിമാനി

രണ്ടാം ഭാഗം ആശങ്കകള്‍ പരിഹരിക്കണം

No comments:

Post a Comment