Thursday, October 24, 2013

മെഡിക്കല്‍ ഏകീകൃത പരീക്ഷ: വിധി പുന:പരിശോധിക്കും

മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പൊതുപരീക്ഷയെ കുറിച്ചുള്ള വിധി പുന:പരിശോധിക്കുമെന്ന് സുപ്രീകോടതി. കേന്ദ്രസര്‍ക്കാരും മെഡിക്കല്‍ കൗണ്‍സിലുമാണ് പരീക്ഷക്കെതിരായ സുപ്രീംകോടതിയുടെ വിധി പുനപരിശോധികണമെന്നാവശ്യപ്പെട്ടത്. എം.ബി.ബി.എസ്, ബി.ഡി.എസ്, പിജി മെഡിക്കല്‍ എന്നീ കോഴ്സുകള്‍ക്കു പൊതു പ്രവേശന പരീക്ഷ നടത്താനുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം സുപ്രീം കോടതി കഴിഞ്ഞ ജൂലൈയില്‍ റദ്ദാക്കിയിരുന്നു. ഈ തീരുമാനമാണ് പുന:പരിശോധിക്കുക. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയെന്ന നിര്‍ദ്ദേശം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

മൂന്നംഗ ബെഞ്ചില്‍ രണ്ടു പേര്‍ പൊതു പ്രവേശന പരീക്ഷയെ എതിര്‍ത്തപ്പോള്‍ ജസ്റ്റിസ് അനില്‍ ആര്‍ ദാവെ പൊതു പ്രവേശനപരീക്ഷകള്‍ ആവശ്യമാണെന്ന നിലപാടാണ് കൈക്കൊണ്ടത്. പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ ആവശ്യത്തിനെതിരെ 115 മാനേജ്മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പൊതു പ്രവേശന പരീക്ഷക്ക് പകരം സംസ്ഥാനങ്ങള്‍ക്കും മാനേജ്മെന്റ് സ്ഥാപനങ്ങള്‍ക്കും പ്രവേശനപരീക്ഷ നടത്താമെന്നും പൊതുപ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണെന്നും വിധിച്ചിരുന്നു.

deshabhimani

No comments:

Post a Comment