വിദേശ ഇന്ത്യക്കാരനും അനുരാധയുടെ ഭര്‍ത്താവുമായ ഡോ. കുനാല്‍ സാഹയുടെ ഹര്‍ജിയിലാണ് വിധി. അമേരിക്കയില്‍ ഡോക്ടറായ അനുരാധ മരിച്ചത് ചികില്‍സാപിഴവുമൂലമാണെന്ന് കണ്ടെത്തിയിരുന്നു. കൊല്‍ക്കത്തയിലെ എംഎംആര്‍ഐയിലെ ചികില്‍സക്കിടെ രോഗം മൂര്‍ഛിച്ച് അനുരാധയെ മുംബെയിലേക്ക് മാറ്റിയിരുന്നു. അവിടെ വെച്ചാണ് മരിച്ചത്. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍വെച്ച് കൂടുതല്‍ അളവില്‍ സ്റ്റീറോയ്ഡുകള്‍ കുത്തിവെച്ചതാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. നേരത്തെ 1.73 കോടിരൂപയായിരുന്നു ആദ്യം നഷ്ടപരിഹാരം വിധിച്ചിരുന്നത്. എന്നാല്‍ ഹര്‍ജിയുടെ ഗൗരവം പരിഗണിച്ച് തുക ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് 5.96 കോടിയാക്കിയത്. കേസില്‍ കുറ്റാരോപിതരായ മൂന്ന് ഡോക്ടര്‍മാരും കുനാലിന് 10 ലക്ഷം രൂപവീതം നല്‍കണം.ശേഷിക്കുന്ന തുക ആശുപത്രി നല്‍കണം. മൂന്നാഴ്ചക്കകം ആറ് ശതമാനം പലിശയടക്കം നല്‍കണമെന്നാണ് വിധിയിലുള്ളത്. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് 15 വര്‍ഷമായി കുന്യാല്‍ സാഹ നടത്തുന്ന നിയമയുദ്ധമാണ് അന്തിമ വിജയം നേടിയത്.
കുനാല്‍ നല്‍കിയ കേസില്‍ ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമീഷന്‍ 1.73 കോടി രൂപയാണ് നഷ്ടപരിഹാരം വിധിച്ചത്. 13 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ 2011 ഒക്ടോബര്‍ 21നായിരുന്നു ഈ വിധി. നഷ്ടപരിഹാര തുക ഉപയോഗിച്ച് കേസിലെ വാദിയായ ഡോ. കുനാല്‍ സാഹ സ്ഥാപിച്ച പീപ്പിള്‍ ഫോര്‍ ബെറ്റര്‍ ട്രീറ്റ്മെന്റ് (PBT) എന്ന സംഘടന സാമൂഹ്യപ്രശ്നങ്ങളില്‍ ഇന്ന് സജീവസാന്നിധ്യമാണ്. 2012ല്‍ അതേ എഎംആര്‍ഐ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുവേണ്ടിയും സംഘടന സജീവമായി രംഗത്തുണ്ടായിരുന്നു.
കൊല്‍ക്കത്തയില്‍ ജനിച്ച് അമേരിക്കയില്‍ പഠിച്ച് അവിടെ സ്ഥിരതാമസമാക്കിയവരായിരുന്നു അനുരാധയും കുനാലും. ഒരിക്കല്‍ നാട്ടിലായിരിക്കെ യാദൃച്ഛികമായി കണ്ടുമുട്ടി പ്രണയബദ്ധരായ അവര്‍ ഒരിക്കല്‍ക്കൂടി ഒന്നിച്ച് നാട്ടില്‍ വന്നപ്പോഴായിരുന്നു അനുരാധയുടെ ദാരുണമായ മരണം. ചൈല്‍ഡ് സൈക്കോളജിസ്റ്റായി ജോലിചെയ്യാനുള്ള പഠനം പൂര്‍ത്തിയാക്കിയ അനുരാധ അമ്മയെ കാണാന്‍കൂടിയാണ് നാട്ടിലെത്തിയത്. തൊലിപ്പുറത്ത് ഉണ്ടായ ചില പോറലുകളുമായാണ് അനുരാധ ഡോക്ടറെ കണ്ടത്. ആദ്യം ചികിത്സിച്ച ഡോ. സുകുമാര്‍ മുഖര്‍ജി അനുരാധയ്ക്ക് ത്വക്ക് രോഗമാണെന്നു മനസ്സിലാക്കി. എന്നാല്‍ ത്വക്ക് രോഗ വിദഗ്ധനെ കാണാന്‍ നിര്‍ദേശിച്ചില്ല. പകരം അമിതമായ അളവില്‍ ഡെപ്പോമെട്രോള്‍ നല്‍കി. മരുന്നുണ്ടാക്കുന്ന കമ്പനി പറഞ്ഞ അളവുപോലും മറികടന്നായിരുന്നു ഇത്. ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങള്‍ പരിഗണിച്ചതേയില്ല. അനുരാധയുടെ അസുഖം ടോക്സിക് എപ്പിഡെര്‍മല്‍ നെക്രോളിസിസ് (TEN) ആയിരുന്നു. ഇതു മനസ്സിലാക്കാതെയായിരുന്നു ചികിത്സ.
"ടെന്‍" ഉള്ളയാള്‍ക്ക് ഇത്രയും അളവില്‍ സ്റ്റെറോയ്ഡ് കൊടുക്കാന്‍പാടില്ല. ഇക്കാര്യം ഡോ. മുഖര്‍ജി കണക്കിലെടുത്തില്ല. ടിഇഎന്‍ ആണ് അസുഖമെന്നു മനസ്സിലാക്കിയ മറ്റൊരു ഡോക്ടറായ അബനി റോയ് ചൗധരിയും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിച്ചില്ല. പിന്നീടാണ് എഎംആര്‍ഐയില്‍ ചികിത്സക്കെത്തിയത്. അവിടെ പരിശോധിച്ച ഡോ. ബല്‍റാം പ്രസാദിനും വീഴ്ചവന്നു. ഐവി ഫ്ളൂയിഡ് കൊടുക്കുക, രക്തപരിശോധന നടത്തുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ആശുപത്രിയില്‍ വീഴ്ചവന്നു. കൊല്‍ക്കത്തയിലെ ചികിത്സയില്‍ ഗുരുതരാവസ്ഥയിലായ അനുരാധയെ പിന്നീട് മുംബൈ ബീച്ച്കാണ്ടി ആശുപത്രിയിലെത്തിച്ചു. അവിടെ 1998 മെയ് 28ന് 36-ാം വയസ്സില്‍ അവര്‍ മരിച്ചു
deshabhimani
No comments:
Post a Comment