Tuesday, October 8, 2013

ഗാഡ്ഗില്‍ കമ്മിറ്റി നിര്‍ദേശം: കേരളം ഹര്‍ജി പിന്‍വലിച്ചു

പശ്ചിമഘട്ട സംരക്ഷണത്തിന് മാധവ് ഗാഡ്ഗില്‍ സമിതി നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഗോവ ഫൗണ്ടേഷന്‍ ഹര്‍ജി പരിഗണിക്കാന്‍ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കേരളം പിന്‍വലിച്ചു. കോടതി ഹര്‍ജി തള്ളുമെന്ന് തീര്‍ച്ചയായ ഘട്ടത്തിലാണ് ഹര്‍ജി പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. ഹരിത ട്രിബ്യൂണല്‍ നിര്‍ദേശം ചോദ്യംചെയ്യുന്നത് ഉചിതമാണോയെന്ന് ഹര്‍ജിയില്‍ വാദംകേള്‍ക്കവെ ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ ഹര്‍ജി പിന്‍വലിച്ചത്.

ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഈ പശ്ചാത്തലത്തില്‍ ഗോവ ഫൗണ്ടേഷന്റെ ഹര്‍ജി പരിഗണിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ ട്രിബ്യൂണലിന് അധികാരമില്ലെന്നുമുള്ള വാദമാണ് കേരളം മുന്നോട്ടുവച്ചത്. തുടക്കംമുതല്‍ ഹര്‍ജിയെ നിരുത്സാഹപ്പെടുത്തുന്ന നിലപാടായിരുന്നു കോടതിയുടേത്. പരിസ്ഥിതി വിഷയങ്ങളില്‍ ആശങ്കപ്പെടാന്‍ ട്രിബ്യൂണലല്ലാതെ മറ്റാരുണ്ടെന്ന് കോടതി ആരാഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിന് സഹായകരമാണ് ട്രിബ്യൂണല്‍ നിര്‍ദേശങ്ങള്‍. ഇവ ഉപയോഗിച്ച് പശ്ചിമഘട്ടസംരക്ഷണത്തിന് ശ്രമിക്കേണ്ടതിന് പകരം സര്‍ക്കാര്‍ ഹര്‍ജികളുമായി കോടതികള്‍ കയറിയിറങ്ങുന്നത് ഉചിതമാണോയെന്നും കോടതി ചോദിച്ചു. ഗാഡ്ഗില്‍ സമിതി നിര്‍ദേശങ്ങളും ഇത് പഠിക്കാന്‍ നിയോഗിച്ച കസ്തൂരിരംഗന്‍ സമിതിയുടെ നിര്‍ദേശങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടെന്നും അതുകൊണ്ടാണ് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ വൈകുന്നതെന്നും കേന്ദ്രം കോടതിയെ അറിയിച്ചു. കേന്ദ്രതീരുമാനം വൈകുമെങ്കില്‍ അതുവരെ ഗാഡ്ഗില്‍ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള ട്രിബ്യൂണല്‍ ഉത്തരവ് പാലിക്കുന്നതല്ലേ നല്ലതെന്ന് കോടതി കേരളത്തോട് ചോദിച്ചു. തുടര്‍ന്നാണ് ഹര്‍ജി പിന്‍വലിച്ചത്. ഗോവ ഫൗണ്ടേഷന്റെ ഹര്‍ജിയില്‍ വാദംകേള്‍ക്കരുതെന്ന് ട്രിബ്യൂണല്‍ മുമ്പാകെ കേരളം വാദിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ ഹര്‍ജി കഴിഞ്ഞ ജൂലൈ 19ന് ട്രിബ്യൂണല്‍ തള്ളി. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.

deshabhimani

No comments:

Post a Comment