Tuesday, October 8, 2013

ടോള്‍ നിരക്ക് വര്‍ധിപ്പിക്കാഞ്ഞത് ജനകീയ പ്രതിഷേധത്താല്‍

ടോള്‍ നിരക്ക് വര്‍ധിപ്പിക്കില്ല; സര്‍വീസ് റോഡ് നിര്‍മാണ ചെലവ് സര്‍ക്കാര്‍ വഹിക്കും

തൃശൂര്‍ ഇടപ്പള്ളിþമണ്ണുത്തി ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ദേശീയപാതയിലെ ടോള്‍നിരക്ക് 5 മുതല്‍ 25 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ടോള്‍നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി ഓസ്കാര്‍ ഫെര്‍ണാണ്ടസ് നല്‍കിയ ഉറപ്പ് മറികടന്ന് കമ്പനി നിരക്ക് വര്‍ധനയുമായി മുന്നോട്ട് പോയതോടെ ജനകീയപ്രക്ഷോഭം ഉയര്‍ന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗം വിളിച്ചത്. സര്‍വീസ് റോഡ് നിര്‍മാണത്തിന്റെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും അതിന് 43 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായും യോഗശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അനുബന്ധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായശേഷം നിരക്ക് വര്‍ധന കാര്യം ചര്‍ച്ചചെയ്യും. ടോള്‍പിരിവ് സംബന്ധിച്ച ജനങ്ങളുടെ വികാരം പൂര്‍ണമായി ഉള്‍ക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ജനവികാരം മാനിച്ചാണ് ടോള്‍നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്ന തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, പി സി ചാക്കോ എംപി, പി മാധവന്‍ എംഎല്‍എ, റൂറല്‍ എസ്പി അജിത ബേഗം, ടി ഒ സൂരജ്, ടോള്‍ കമ്പനിയായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍വീസ് റോഡിന്റെ നിര്‍മാണമടക്കമുള്ള അനുബന്ധജോലികള്‍ പൂര്‍ത്തിയാകാത്തതാണ് പ്രതിഷേധത്തിനുള്ള പ്രധാനകാരണമെന്ന് യോഗം വിലയിരുത്തി. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കും. തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതടക്കം മറ്റ് ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാമെന്നും ധാരണയായി.

ടോള്‍ നിരക്ക് വര്‍ധിപ്പിക്കാഞ്ഞത് ജനകീയ പ്രതിഷേധത്താല്‍

തൃശൂര്‍: ദേശീയപാതയില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ അന്യായമായി വീണ്ടും ടോള്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന് സര്‍ക്കാര്‍ വഴങ്ങാതിരുന്നത് ശക്തമായ ജനകീയ പ്രതിഷേധത്തിന്റ ഫലം. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ടോള്‍കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് നിരക്ക് തല്‍ക്കാലം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ടോള്‍നിരക്ക് ഒരു വര്‍ധിപ്പിക്കരുതെന്ന് എംഎല്‍എമാരായ സി രവീന്ദ്രനാഥ്, ബി ഡി ദേവസി, ജോസ് തെറ്റയില്‍ എന്നിവര്‍ ഫാക്സിലൂടെ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

സെപ്തംബര്‍ ഒന്നുമുതല്‍ ടോള്‍നിരക്ക് വര്‍ധിപ്പിക്കാനായിരുന്നു ടോള്‍കമ്പനിയുടെ തീരുമാനം. ഇതിനനുസൃതമായി ദേശീയപാത അതോറിറ്റി വിജ്ഞാപനമിറക്കിയപ്പോള്‍ തന്നെ ഇടതുപക്ഷ പാര്‍ടികളും യുവജന സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നു. ഒക്ടോബര്‍ ഒന്നിന് അര്‍ധരാത്രിമുതല്‍ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ ടോള്‍ പ്ലാസ ഉപരോധിച്ചു. വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിപ്പിച്ചശേഷമാണ് പ്രവര്‍ത്തകര്‍ മടങ്ങിയത്. ഇതിന്റെയെല്ലാം ഫലമാണ് ടോള്‍ കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങാതിരുന്നതെന്ന് സി രവീന്ദ്രനാഥ് എംഎല്‍എ പറഞ്ഞു. സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്ന സമരം എല്‍ഡിഎഫ് തുടരുന്നതിനാലാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്നത്

deshabhimani

No comments:

Post a Comment