Tuesday, October 8, 2013

ഗ്രന്ഥശാലാ പ്രസ്ഥാനം പിരിച്ചു വിടാനുള്ള നീക്കം ഉപേക്ഷിക്കണം

കല്‍പ്പറ്റ: കേരളത്തിലെ നവോത്ഥാന പ്രക്രിയയുടേയും ദേശീയ പ്രസ്ഥാനത്തിന്റേയും സംസ്ഥാന രൂപീകരണത്തിന്റേയും ചാലകശക്തിയായി പ്രവര്‍ത്തിച്ച കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തെ പിരിച്ചു വിടാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

 1994 ല്‍ രൂപീകൃതമായ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജനാധിപത്യ ഭരണത്തിലൂടെ പ്രവര്‍ത്തിച്ചു വരികയാണ്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഗ്രന്ഥശാലകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്ന പ്രദേശത്തിന്റെ സാമൂഹിക- സാംസ്കാരിക-വിദ്യാഭ്യാസ മേഖലയുടെ വികാസത്തിനും വേണ്ടി സംസ്ഥാനത്തിലുടനീളം നടപ്പിലാക്കിയിട്ടുള്ള ഒട്ടേറെ വികസന പദ്ധതികള്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1977 ലെ ഗവണ്‍മെന്റ് നടപടികളെ അനുസ്മരിപ്പിക്കുന്നതരത്തില്‍ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിട്ട് ഗ്രന്ഥശാലകളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ടി സുരേഷ് ചന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എന്‍ കെ ജോര്‍ജ്ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി എസ് രാമചന്ദ്രന്‍, കെ ജി പുരുഷോത്തമന്‍, ഇ ഐ ജോര്‍ജ്ജ്, എ കെ രാജേഷ് എന്നിവര്‍ സംസാരിച്ചു.

ഗ്രന്ഥശാല: ജില്ലകളില്‍ പ്രതിഷേധക്കൂട്ടായ്മ

ഗ്രാന്റ് നിഷേധിച്ചും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ഭരണസമിതി പിരിച്ചുവിട്ടും ഗ്രന്ഥശാല പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള സര്‍ക്കാര്‍നീക്കത്തിനെതിരെ സെക്രട്ടറിയറ്റിനുമുന്നിലും ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധക്കൂട്ടായ്മ നടത്തി. തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം ബേബിജോണ്‍ കൂട്ടായ്മ ഉദ്ഘാടനംചെയ്തു. തൃശൂരില്‍ സി പി നാരായണന്‍ എംപിയും ആലപ്പുഴയില്‍ ജി സുധാകരന്‍ എംഎല്‍എയും പാലക്കാട്ട് പി ബിജു എംപിയും എറണാകുളത്ത് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് പി കെ ഹരികുമാറും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ കെ ചന്ദ്രനും കോഴിക്കോട്ട് യു എ ഖാദറും മലപ്പുറത്ത് മണമ്പൂര്‍ രാജന്‍ ബാബുവും പത്തനംതിട്ടയില്‍ ചുനക്കര ജനാര്‍ദനന്‍നായരും വയനാട്ടില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി കെ സുധീറും പ്രതിഷേധക്കൂട്ടായ്മ ഉദ്ഘാടനംചെയ്തു.

ഭരണാധികാരികളുടേത് ചരിത്രവും പാരമ്പര്യവും നിഷേധിക്കുന്ന നിലപാട്: ഡോ. ബി ഇക്ബാല്‍

കണ്ണൂര്‍: കേരളത്തിന്റെ ചരിത്രവും പാരമ്പര്യവും നിഷേധിക്കുന്ന നിലപാടാണ് കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ ഭരണാധികാരികള്‍ കൈക്കൊള്ളുന്നതെന്ന് ഡോ. ബി ഇക്ബാല്‍ പറഞ്ഞു. ഗ്രന്ഥശാലാസംഘത്തെ പിരിച്ചുവിടാനുള്ള നീക്കത്തിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മയിലും ദേശീയ സെമിനാര്‍ സംഘാടക സമിതി രൂപീകരണയോഗത്തിലും സംസാരിക്കുകയായിരുന്നു അദ്ധേഹം. നവോത്ഥാന പാരമ്പര്യത്തിന്റെ തുടര്‍ച്ചയായ ഗ്രന്ഥശാലാ പ്രവര്‍ത്തനത്തെ ഇല്ലാതാക്കാനുള്ള എല്ലാ ശ്രമത്തെയും കൂട്ടായ എതിര്‍പ്പിലൂടെ മറികടക്കാന്‍ സാധിക്കണം. ഈ പ്രസ്ഥാനത്തെ പിരിച്ചുവിടുന്നത് കേരളത്തിന്റെ മൊത്തം പ്രശ്നമായി കാണണമെന്നും ഡോ. ഇക്ബാല്‍ പറഞ്ഞു.

കൂട്ടായ്മ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രന്‍, മുന്‍ സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ കെ രവി, പി കെ ബൈജു എന്നിവര്‍ സംസാരിച്ചു. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. ഇ പി ആര്‍ വേശാല സ്വാഗതവും എം മോഹനന്‍ നന്ദിയും പറഞ്ഞു. വായന, സംസ്കാരം-മാറുന്ന ലോകം എന്നീ വിഷയത്തില്‍ നവംബര്‍ അവസാനവാരമാണ് സെമിനാര്‍. ഭാരവാഹികള്‍: കെ എ സരള(ചെയര്‍മാന്‍), ടി കൃഷ്ണന്‍, രോഷ്നി ഖാലിദ്, അഡ്വ ടി ഒ മോഹനന്‍, കെ ബാലകൃഷ്ണന്‍ നമ്പ്യാര്‍, പി മനോഹരന്‍, കെ സി ഹരികൃഷ്ണന്‍, കെ കെ രവി, പൊന്ന്യം ചന്ദ്രന്‍, കവിയൂര്‍ രാജഗോപാലന്‍(വൈസ് ചെയര്‍മാന്‍), പി കെ ബൈജു(ജനറല്‍ കണ്‍വീനര്‍), കെ എം ബാലചന്ദ്രന്‍, കെ ജയരാജന്‍, വൈക്കത്ത് നാരായണന്‍, ഇ ചന്ദ്രന്‍, സി സോമന്‍( കണ്‍വീനര്‍).

ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടുന്നതിനെതിരെ കലക്ടറേറ്റ് മാര്‍ച്ച്

കാസര്‍കോട്: ദുര്‍ബല കാരണങ്ങള്‍ കണ്ടെത്തി ജനാധിപത്യമായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പിരിച്ചുവിടാനുള്ള നീക്കം ജനാധിപത്യ വിരുദ്ധവും ദുരുപദിഷ്ടവുമാണെന്ന് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എ കെ ചന്ദ്രന്‍ പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി കെ അഹമ്മദ് ഹുസൈന്‍ അധ്യക്ഷനായി. പി അപ്പുക്കുട്ടന്‍, എ കെ നാരായണന്‍, എസ് നാരായണഭട്ട്, വാസു ചോറോട്, യു ശ്യാംഭട്ട് എന്നിവര്‍ സംസാരിച്ചു. പി വി കെ പനയാല്‍ സ്വാഗതവും രാഘവന്‍ ബെള്ളിപ്പാടി നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment