Friday, October 25, 2013

ഇടതുപക്ഷത്തിന്റെ മാധ്യമ വിമര്‍ശനത്തിന് പ്രസക്തിയേറുന്നു-ഡോ. കെ പി മോഹനന്‍

പാലക്കാട്: മാധ്യമങ്ങളെ ഏറ്റവും കൂടുതല്‍ വിമര്‍ശനവിധേയമാക്കുന്ന ഇടതുപക്ഷത്തിന്റെ നിലപാട് ശരിയാണെന്ന നിലയിലേക്കാണ് മാധ്യമലോകം വളര്‍ന്നുവരുന്നതെന്ന് ദേശാഭിമാനി വാരിക എഡിറ്റര്‍ ഡോ. കെ പി മോഹനന്‍ പറഞ്ഞു. പുരോഗമനകലാസാഹിത്യസംഘത്തിന്റെ പത്താം സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണപരമ്പരയില്‍ "മാധ്യമങ്ങളും സംസ്കാര രൂപീകരണവും" എന്ന വിഷയത്തില്‍ താരേക്കാട് എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇടതുപക്ഷം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ മാധ്യമലോകത്ത് മാറ്റങ്ങള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ്. മാധ്യമലോകത്ത് സിന്‍ഡിക്കേറ്റല്ല, മാധ്യമമാരിവില്‍ മഹാസഖ്യം തന്നെ രൂപപ്പെട്ടിരിക്കുകയാണ്. വ്യാപാരവാണിജ്യ താല്‍പ്പര്യത്തിനതീതമായ ഒരു ആന്തരിക കൂട്ടുകെട്ടുതന്നെ മാധ്യമലോകത്ത് ഇന്നുണ്ട്. ഇതിനെല്ലാമപ്പുറമാണ് ലോകത്തെ മുഴുവന്‍ അടക്കിവാഴുന്ന സൈബര്‍ മാധ്യമങ്ങളുടെ നിയന്ത്രണം. അത്യന്തം മാധ്യമവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ ഭരണാധിവര്‍ഗങ്ങളുടെ എല്ലാ ചെയ്തികള്‍ക്കും മാധ്യമങ്ങളുടെ സഹായം ലഭിക്കുന്നു. ഈ അവിശുദ്ധ കൂട്ടുകെട്ട് എല്ലാ പൗരാവകാശങ്ങളുടെയും അതിരുകള്‍ ലംഘിക്കുകയാണ്. മൂലധനം മാത്രമല്ല, മൂലധനകേളികളും മാധ്യമലോകത്ത് നടക്കുന്നു. ചമല്‍ക്കൃതവാര്‍ത്തകളും പെയ്ഡ് ന്യൂസുകളുമെല്ലാം ഇതിന്റെ പരിണിതഫലങ്ങളാണ്. ഇതില്‍ സമൂഹത്തില്‍ ആദരവുള്ള മാധ്യമപ്രവര്‍ത്തകരും അകപ്പെട്ടുപോകുന്നുവെന്നു. പാരമ്പര്യങ്ങളെ മറന്ന കളങ്കിതമായ മാധ്യമലോകമാണ് ഇന്ന് വളര്‍ന്നുവരുന്നതെന്നും അതുകൊണ്ടാണ് ഇടതുപക്ഷം ഉയര്‍ത്തിവന്ന മാധ്യമവിമര്‍ശനം കൂടുതല്‍ പ്രസക്തമാകുന്നതെന്നും കെ പി മോഹനന്‍ പറഞ്ഞു.

ടി ആര്‍ അജയന്‍ അധ്യക്ഷനായി. ടി കെ നാരായണദാസ്, എന്‍ രാധാകൃഷ്ണന്‍നായര്‍, എ കെ ചന്ദ്രന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. സംസ്ഥാനസമ്മേളനത്തിന്റെ ബ്രോഷറിന്റെ പ്രകാശനവും കെ പി മോഹനന്‍ നിര്‍വഹിച്ചു. അന്തരിച്ച സംഗീതസംവിധായകന്‍ മന്നഡെക്ക് ആദരാഞ്ജലിയര്‍പ്പിച്ചു. രാജേഷ് മേനോന്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു.

deshabhimani

No comments:

Post a Comment