Friday, October 25, 2013

പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍

ഭരണസ്തംഭനവും സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയുംമൂലം സംസ്ഥാനത്തെ വാര്‍ഷികപദ്ധതി നിര്‍വഹണം കൂടുതല്‍ അവതാളത്തിലേക്ക്. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് പദ്ധതി പ്രവര്‍ത്തനങ്ങളാകെ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. സംസ്ഥാനത്ത് പദ്ധതി നിര്‍വഹണം ഇത്രയും അവതാളത്തിലായ ഒരു കാലമുണ്ടായിട്ടില്ലെന്നാണ് ആസൂത്രണബോര്‍ഡ് വിലയിരുത്തിയത്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ അഞ്ചു മാസംമാത്രം ബാക്കി നില്‍ക്കെ പദ്ധതിച്ചെലവ് 25 ശതമാനംമാത്രമേ ആയിട്ടുള്ളു. പദ്ധതി അടങ്കലായ 17,000 കോടിയില്‍ നാലായിരം കോടി മാത്രമേ ചെലവിട്ടുള്ളു. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികളടക്കം പിന്നിലാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളിലും പിന്നോട്ടടിയാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനവും തൃപ്തികരമല്ല. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം സാമ്പത്തിക വര്‍ഷത്തിന്റെ പകുതിക്കു മുമ്പ് വന്‍ മുന്നേറ്റം കൈവരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍, സംസ്ഥാനത്തെ ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളുടെയും പദ്ധതി പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള പണം അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഭവനപദ്ധതികളടക്കം പ്രതിസന്ധിയിലാണ്. ഇനി എത്ര ശ്രമിച്ചാലും പദ്ധതി നിര്‍വഹണം അറുപത് ശതമാനത്തിന് മുന്നിലെത്തിക്കാനാവില്ലെന്നാണ് ആസൂത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. ഇത് സംസ്ഥാനത്ത് ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കും. സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ചെലവുചുരുക്കല്‍ നടപടികളും പദ്ധതി നിര്‍വഹണത്തെ ബാധിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ചെലവില്‍ കാര്യമായ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ട്രഷറിയിലെത്തുന്ന ബില്ലുകള്‍ പാസാക്കുന്നതിനും നിയന്ത്രണമുണ്ട്.

deshabhimani

No comments:

Post a Comment