Wednesday, October 16, 2013

ദരിദ്ര ഇന്ത്യ

എണ്‍പത്തിയെട്ട് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഗോള ദാരിദ്ര്യ സൂചക (ഗ്ലോബല്‍ ഹങ്കര്‍ ഇന്‍ഡക്‌സ് - ജി എച്ച് ഐ) ത്തില്‍ ഇന്ത്യയുടെ സ്ഥാനം അറുപത്തിയാറാമത്. അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ബംഗ്ലാദേശിനും പിന്നിലാണ് സൂചകത്തില്‍ ഇന്ത്യയുടെ സ്ഥാനം. അതി ദരിദ്ര്യമായ സബ്‌സഹാറന്‍ ആഫ്രിക്കയ്ക്കു പുറത്ത് 'അസ്വസ്ഥജനകമായ തോതില്‍' പട്ടിണി നേരിടുന്ന ഹയ്ത്തി, ടിമോര്‍ - ലെസ്‌റ്റെ (കിഴക്കന്‍ ടിമോര്‍) എന്നീ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിട്ടുള്ളത്.

യുദ്ധക്കെടുതികളില്‍ ഉഴലുന്ന സെര്‍ബിയ, ലിത്വാനിയ എന്നീ ചെറുരാജ്യങ്ങള്‍പോലും വിഭവ സമൃദ്ധമായ ഇന്ത്യയെക്കാള്‍ ദാരിദ്ര്യസൂചികയില്‍ ഏറെ മുന്നിലാണ്. കൊടുംശീതമരുഭൂമിരാജ്യമായ മംഗോളിയ, ചെറുരാഷ്ട്രങ്ങളായ സുറിനാം, ഹോണ്ടുറാസ്, വൈവിദ്യമാര്‍ന്ന ബ്രസീല്‍, ചൈന എന്നിവയെല്ലാം ഇന്ത്യയെക്കാള്‍ ഏറെ മുന്നിലാണെന്ന് രാഷ്ട്രാന്തര ഭക്ഷ്യനയ ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ (ഐ എഫ് പി ആര്‍ ഐ) പഠനം വ്യക്തമാക്കുന്നു.

'ഉള്‍ക്കൊണ്ടുള്ള വളര്‍ച്ച', ഭക്ഷ്യസുരക്ഷ തുടങ്ങിയ ഭരണവര്‍ഗ വായ്ത്താരികളുടെ പൊള്ളത്തരമാണ് ഐ എഫ് പി ആര്‍ ഐ പഠനം തുറന്നുകാട്ടുന്നത്. യു പി എ സര്‍ക്കാര്‍ കൊണ്ടാടുന്ന സാമ്പത്തിക വളര്‍ച്ച പട്ടിണിയും പോഷകാഹാരത്തിന്റെ അഭാവവും തടയാന്‍ തെല്ലും സഹായകമായിട്ടില്ലെന്നാണ് ആഗോള ദാരിദ്ര്യ സൂചകത്തിന് ആധാരമായ കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയ സാമ്പിള്‍ സര്‍വേ സംഘടന (എന്‍ എസ് എസ് ഒ), ദേശീയ കുടുംബ ആരോഗ്യ സര്‍വെ (മൂന്ന്) എന്നീ ഔദ്യോഗിക ഏജന്‍സികളുടെ ഡാറ്റകളെ അടിസ്ഥാനമാക്കിയാണ് സൂചകം തയ്യാറാക്കിയിട്ടുള്ളത്.
ദാരിദ്ര്യ സൂചകം തയ്യാറാക്കുന്നതില്‍ ഏറ്റവും പ്രധാന മാനദണ്ഡങ്ങളില്‍ ഒന്ന് അഞ്ച് വയസിനു താഴെയുള്ള കുട്ടികളുടെ ശരാശരി ഭാരമാണ്. ഇന്ത്യയില്‍ 40 ശതമാനത്തിലധികം കുട്ടികള്‍ ഈ വിഭാഗത്തില്‍പെടുന്നു. ഇത് ലോകത്തിലെ തന്നെ ഭാരം കുറഞ്ഞ കുട്ടികളുടെ ഏറ്റവും ഉയര്‍ന്ന നിരക്കുകളില്‍ ഒന്നാണ്. ബി ജെ പി ഭരിക്കുന്ന മധ്യപ്രദേശില്‍ 60 ശതമാനത്തിലധികം കുട്ടികള്‍ ഈ വിഭാഗത്തില്‍പെടും. ആഭ്യന്തര കലഹം മൂലം ചിന്നഭിന്നമായ കോംഗോ, റവാണ്ട, സുഡാന്‍ എന്നീ രാജ്യങ്ങളെക്കാള്‍ വഷളാണ് ഇത്.

ജനങ്ങള്‍ക്കിടയില്‍ ഭക്ഷണ-ആരോഗ്യ മേഖലയിലെ മൂന്ന് സൂചകങ്ങളാണ് ജി എച്ച് ഐ കണക്കാക്കുന്നതിന് പരിഗണിക്കുന്നത്. പോഷകാഹാരക്കുറവുള്ളവരുടെ അനുപാതം, അഞ്ച് വയസിനു താഴെയുള്ള കുട്ടികളിലെ തൂക്കക്കുറവുള്ള കുട്ടികളുടെ അനുപാതം, അഞ്ച് വയസിനുള്ളിലുള്ള കുട്ടികളുടെ മരണനിരക്ക് എന്നിവയാണത്.

രാജ്യത്തിന്റെ 'ധാന്യക്കൊട്ട' എന്ന് വിശേഷിപ്പിക്കുന്ന പഞ്ചാബിന്റെ സ്ഥിതി പോലും അപമാനകരമാണ്. ഭാരക്കുറവുള്ള കുട്ടികളുടെ കാര്യത്തില്‍ പഞ്ചാബ് വിയറ്റ്‌നാമിനെയും ഗാബോണിനെയും പിന്നിലാക്കുന്നു. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളില്‍ ഏതാണ്ട് നാലിലൊന്നിനും ശരാശരി അഭിലഷണീയ ഭാരമില്ലാത്തവരാണ്.

പഠനവിധേയമായ 18 സംസ്ഥാനങ്ങളില്‍ 12 ലും സ്ഥിതി അത്യന്തം ഉല്‍ക്കണ്ഠാജനകമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെല്ലാം സ്ഥിതി അസ്വസ്ഥതാജനകമാണ്.

സ്വന്തം രാജ്യത്തെ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ വെനസ്വേല, മെക്‌സിക്കോ, ക്യൂബ, ഘാന, തായ്‌ലാന്റ്, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ 55 ശതമാനത്തിലധികം പുരോഗതി കൈവരിച്ചു. ചൈന ഇക്കാര്യത്തില്‍ 57.69 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് കേവലം 34 ശതമാനം മാത്രമാണ്.

janayugom

No comments:

Post a Comment