Wednesday, October 16, 2013

സലിംരാജിനായി ഫോണ്‍ ചോര്‍ത്തല്‍ നിര്‍ദേശിച്ചത് ഉന്നതന്‍

ഓച്ചിറ സ്വദേശിയെ തട്ടിക്കൊണ്ടുപോകാന്‍ മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജിന് സൈബര്‍ സെല്ലില്‍നിന്ന് വിവരങ്ങള്‍ നല്‍കണമെന്ന് നിര്‍ദേശിച്ചത് പൊലീസിലെ ഉന്നതന്‍. സിറ്റി പൊലീസ് കമീഷണറുടെ ഷാഡോ പൊലീസ് സംഘത്തിലെ പ്രധാനി ഗ്രേഡ് എസ്ഐ സുനില്‍ലാലിനെ പ്രധാനപ്പെട്ട കേസ് ഏല്‍പ്പിച്ചിരിക്കുകയാണെന്നും ഇയാള്‍ വാക്കാല്‍ പറയുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും സൈബര്‍ സെല്ലിലെ പൊലീസുകാര്‍ക്ക് ഈ ഉന്നതന്‍ നിര്‍ദേശം നല്‍കിയിരുന്നു.

സുനില്‍ലാല്‍ ആവശ്യപ്പെട്ട പ്രകാരമാണ് ടവര്‍ ലൊക്കേഷന്‍ പറഞ്ഞുകൊടുത്തതെന്നും അക്കാര്യം ഓഫീസ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസുകാരായ രതീഷ്, പ്രശാന്ത് എന്നിവര്‍ രഹസ്യാന്വേഷണവിഭാഗത്തിന് മൊഴി നല്‍കി. സുനില്‍ലാലിന് ഫോണ്‍ ചോര്‍ത്തിനല്‍കാന്‍ ആവശ്യപ്പെട്ട ഉന്നത ഉദ്യോഗസ്ഥനെ കുറിച്ചും ഇവരുടെ മൊഴിയിലുണ്ട്. സലിംരാജിന് ഫോണ്‍ ചോര്‍ത്തിനല്‍കിയ ഗ്രേഡ് എസ്ഐ സുനില്‍ലാല്‍ സലിംരാജിന്റെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തില്‍ പങ്കാളിയാണ്.

ഇവരുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സഹായികളാണെന്നും ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. സലിംരാജിന്റെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച ഓച്ചിറ സ്വദേശി പ്രസന്നകുമാറിന്റെയും ഒപ്പം സഞ്ചരിച്ചിരുന്ന സ്ത്രീയുടെയും മൊബൈല്‍ നമ്പരുകളുടെ ടവര്‍ ലൊക്കേഷനും ഫോണ്‍വിളികളുമാണ് സിറ്റി സൈബല്‍ സെല്ലില്‍നിന്ന് ചോര്‍ത്തിക്കൊടുത്തത്. സെപ്തംബര്‍ 11ന് കോഴിക്കോട്ടുവച്ച് പ്രസന്നനെയും യുവതിയെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരാണ് സലിംരാജ് ഉള്‍പ്പെടെ ഏഴംഗസംഘത്തെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

സലിംരാജിന് സഹായം നല്‍കിയത് ഓച്ചിറ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണെന്ന് സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍, ഇന്റലിജന്‍സ് വിഭാഗത്തിന്റെ അന്വേഷണത്തിലാണ് സുനില്‍ലാലിന്റെയും സൈബര്‍ സെല്ലിന്റെയും ഒത്തുകളി പുറത്തായത്. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ ഇതുസംബന്ധിച്ച് ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യത്തിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ കമീഷണറോട് വിശദമായ റിപ്പോര്‍ട്ട് ഡിജിപി ആവശ്യപ്പെട്ടു. എന്നാല്‍, ഡിജിപി അവധിയിലായതിനാല്‍ റിപ്പോര്‍ട്ട് നല്‍കാതെ കമീഷണര്‍ നീട്ടിക്കൊണ്ടുപോയി. തന്റെ ഷാഡോ സംഘത്തിലെ പ്രധാനിയായ ഗ്രേഡ് എസ്ഐയെ രക്ഷിക്കാനാണ് കമീഷണറുടെ നീക്കമെന്ന് ആക്ഷേപം ഉയര്‍ന്നു. തുടര്‍ന്നാണ് നടപടി എടുക്കാന്‍ ദക്ഷിണമേഖലാ എഡിജിപി എ ഹേമചന്ദ്രന്‍ ആവശ്യപ്പെട്ടത്.

സുനില്‍ലാലും സലിംരാജും ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് ലോബി നഗരത്തില്‍ പലയിടങ്ങളിലും ബിനാമി പേരില്‍ ഭൂമി ഇടപാട് നടത്തിയതായി ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥര്‍വരെ ഇവരുടെ ഭൂമി കച്ചവടത്തില്‍ പങ്കാളികളാണ്. കൊള്ളപ്പലിശക്കാരായ പൊലീസുകാരും സംഘത്തിലുണ്ട്. അടുത്തിടെ എഡിജിപി നടപടി എടുത്ത ട്രാഫിക് എഎസ്ഐ ഉള്‍പ്പെടെയുള്ള വട്ടിപ്പലിശ സംഘം കേസില്‍നിന്ന് തലയൂരാന്‍ ഈ സംഘത്തെ സമീപിച്ചിരുന്നു. സലിംരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് ഈ ആറ് പൊലീസുകാരെയും അറസ്റ്റ് ചെയ്തില്ല. ചാലയിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഈ കേസ് ഫോര്‍ട്ട് പൊലീസ് ആണ് പൂഴ്ത്തിയത്.

deshabhimani

No comments:

Post a Comment