Thursday, October 17, 2013

സാമൂഹ്യ സുരക്ഷാ മിഷനില്‍ പിന്‍വാതില്‍ നിയമന നീക്കം

കേരള സാമൂഹ്യ സുരക്ഷാ മിഷനില്‍ വിവിധ തസ്തികകളില്‍ പിന്‍വാതില്‍ നിയമനത്തിന് തിരക്കിട്ട നീക്കം തുടങ്ങി. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍, അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തുടങ്ങിയ തസ്തികകളിലാണ് ആളുകളെ തിരുകിക്കയറ്റുന്നത്. ഇതിനായി പത്തൊമ്പതോളം തസ്തിക പുതുതായി സൃഷ്ടിച്ചു. അഞ്ചുമുതല്‍ 15 ലക്ഷം രൂപവരെയാണ് നിയമനങ്ങള്‍ക്ക് കോഴ. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ 28, 29, 30 തീയതികളില്‍ പ്രഹസന കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

മിഷന്‍ എക്സിക്യൂട്ടിവ് ഡയറക്ടറുടെ പാര്‍ശ്വവര്‍ത്തികളെയും സ്വന്തക്കാരെയുമാണ് അനധികൃതമായി നിയമിക്കുന്നത്. റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ അനൂപ് കെ വിജയന്‍, എ ബി ബൈജു എന്നിവര്‍ക്കും മലപ്പുറം സ്വദേശിയായ പി മുഹമ്മദാലിക്കും പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിയമന ഉറപ്പ് ലഭിച്ചതായാണ് വിവരം. അസിസ്റ്റന്റ് തസ്തികയില്‍ ഏഴ്, ടൈപ്പിസ്റ്റ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ രണ്ട്, ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ ഒന്ന് എന്നിങ്ങനെ നിയമനത്തിന് ഒരു മലയാള പത്രത്തില്‍ ഒക്ടോബര്‍ ഒമ്പതിന് പരസ്യം നല്‍കിയിരുന്നു. ഇതില്‍ അപേക്ഷിക്കേണ്ട മേല്‍വിലാസമില്ല. പിന്നീട് വിലാസം ഉള്‍പ്പെടുത്തി വീണ്ടും പരസ്യം നല്‍കി. ഇതെല്ലാം മുന്‍കൂട്ടി നിശ്ചയിച്ചവര്‍ക്ക് നിയമനം ഉറപ്പാക്കുന്നതിനുള്ള കള്ളക്കളിയായിരുന്നു.

തൊഴില്‍ വകുപ്പിന്റെയും ബ്യൂറോ ഓഫ് പബ്ലിക് എന്റര്‍പ്രൈസസ് വകുപ്പിന്റെയും എല്ലാ നിര്‍ദേശങ്ങളും കാറ്റില്‍ പറത്തിയാണ് നിയമന നീക്കം. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലെ പിഎസ്സിയുടെ പരിധിയില്‍പെടാത്ത എല്ലാ സ്ഥിര നിയമനങ്ങളും താല്‍ക്കാലിക നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തണമെന്നാണ് കര്‍ശന നിര്‍ദേശം. സര്‍ക്കാര്‍ ഗ്രാന്റും ബജറ്റ് വിഹിതവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വിഹിതവും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സുരക്ഷാ മിഷന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങളെല്ലാം ഇവിടെ കാറ്റില്‍ പറത്തുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി മിഷനില്‍ നടന്ന അഴിമതികളെക്കുറിച്ച് ധനവകുപ്പ് പരിശോധനാ വിഭാഗം ഉള്‍പ്പെടെയുള്ളവ അന്വേഷിക്കുന്നുണ്ട്.
(ജി രാജേഷ്കുമാര്‍)

deshabhimani

No comments:

Post a Comment