Thursday, October 17, 2013

വിമോചന സമരകാലത്ത് നെഹ്റുവിനെ കാണാന്‍ പോയത് അബദ്ധം: ക്രിസോസ്റ്റം

ജനകീയാസൂത്രണം ആരംഭിക്കുന്നതിന്റെ ഭാഗമായി 98ലാണ് സൗഹൃദം തുടങ്ങുന്നതെന്ന് പറഞ്ഞപ്പോള്‍ മുന്‍ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് എംഎല്‍എ വാചാലനായി. അന്ന് സഹായമഭ്യര്‍ഥിച്ച് കേരളത്തിലെ എല്ലാ ബിഷപ്പുമാരെയും കണ്ടു. എല്ലാവരും സഹായവാഗ്ദാനവും നല്‍കി. എന്നാല്‍ നടപ്പാക്കിയത് ക്രിസോസ്റ്റം തിരുമേനി മാത്രം. എല്ലാവരും സഹകരിക്കണമെന്ന് ഒരു ലേഖനവും എഴുതി. "മാര്‍ ക്രിസോസ്റ്റം സ്പീക്കിങ് ഒരു നൂറ്റാണ്ടിന്റെ ശബ്ദം" എന്ന ടെലി സീരിയലിന്റെ ചിത്രീകരണത്തിലാണ് ഐസക്ക് ക്രിസോസ്റ്റവുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ പുതുക്കിയത്. ജനകീയാസൂത്രണത്തെക്കുറിച്ച് താനെഴുതിയ പുസ്തകം വിവാദമായപ്പോള്‍ പുസ്തകത്തിന്റെ ഗുണം മനസിലാക്കി തന്റെ കൈയില്‍നിന്ന് 25 പുസ്തകം ക്രിസോസ്റ്റം വാങ്ങിയിരുന്നു. പിന്നീട് മാരാമണ്‍ കണ്‍വന്‍ഷന് താനെത്തിയപ്പോള്‍ ആ പുസ്തകം വിറ്റ കാശ് തിരികെ ഏല്‍പ്പിക്കുന്ന ക്രിസോസ്റ്റത്തെയാണ് കണ്ടത്- ഐസക്ക് പറഞ്ഞു.

""ഐ ആം മോര്‍ ഇന്ററസ്റ്റഡ് ഇന്‍ മേന്‍"" വികസന കാര്യത്തില്‍ രാഷ്ട്രീയ-മത ചിന്തകളൊന്നും തടസ്സമാകരുതെന്നാണ് തന്റെ പക്ഷം, ക്രിസോസ്റ്റം പറഞ്ഞു. ജനകീയാസൂത്രണം കമ്യൂണിസ്റ്റ് സര്‍ക്കാര്‍ കൊണ്ടുവന്നു എന്നതിനാല്‍ ഇത് വേണ്ട രീതിയില്‍ "ടേക്ക് അപ്പ്" ചെയ്തില്ല എന്ന ഒരഭിപ്രായം തനിക്കുണ്ട്. ഇത് പാടില്ല. കേരളത്തില്‍ എല്ലാവര്‍ക്കും ഭക്ഷണവും വീടും ഉണ്ടാകണം. ഇത് സാധ്യമാകും. ഇതിലും മറ്റും സഭ പ്രസംഗിക്കുകയേയുള്ളു; പ്രവര്‍ത്തിക്കില്ല. തോമസ് ഐസക്കിന് കാര്യങ്ങള്‍ ശാസ്ത്രീയമായി മനസിലാക്കാനുള്ള കഴിവുണ്ട്. ആ കഴിവുപയോഗിച്ച് കാര്യങ്ങളെ വിമര്‍ശിച്ച് ജനത്തെ മനസിലാക്കണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. ജനത്തിന് നന്മ ചെയ്യാന്‍ ശ്രമിക്കണമെന്നും സ്വതസിദ്ധമായ ചിരിയോടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവര്‍ക്കും വീട്, ഭക്ഷണം എന്നിവ നല്‍കാന്‍ രാഷ്ട്രീയ അഭിപ്രായ വ്യത്യാസം തടസ്സമാകരുതെന്ന അഭിപ്രായത്തോട് തോമസ് ഐസക്കും യോജിച്ചു.

പവര്‍വിഷന്‍ പ്രൊഡക്ഷന്‍സാണ് ടെലിസീരിയല്‍ നിര്‍മിക്കുന്നത്. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവചരിത്രവും സന്ദേശവും പ്രമുഖരുമായുള്ള സംഭാഷണവും ഉള്‍ക്കൊള്ളന്നതാണ് ചിത്രം. 50 എപ്പിസോഡില്‍ 35 എണ്ണം ചിത്രീകരിച്ചു. ഡോ. മാത്യു കോശിയാണ് പ്രമുഖരുമായുള്ള സംഭാഷണത്തിലെ അവതാരകന്‍. ക്രിസോസ്റ്റം തിരുമേനിയുടെ അരമനയിലായിരുന്നു തോമസ് ഐസക്കുമായുള്ള ബുധനാഴ്ച നടന്ന സംഭാഷണം. താന്‍ പ്രവര്‍ത്തിച്ച ഇടവകകളെക്കുറിച്ചും കുട്ടിക്കാലത്തെ കുസൃതിക്കളെക്കുറിച്ചും ക്രിസോസ്റ്റം പറയുന്ന ടെലിസീരിയലില്‍ മൂന്നുമാസം തിരുപ്പത്തൂരില്‍ താമസിച്ച് റെയില്‍വെ പോര്‍ട്ടറായി ജോലി ചെയ്ത കാര്യവും ഓര്‍ത്തെടുക്കുന്നു. വിമോചന സമരകാലത്ത് പ്രധാനമന്ത്രി നെഹ്റുവിനെ കാണാന്‍ പോയ സംഘത്തിന്റെ തലവനായിരുന്നത് അബദ്ധമായി പോയെന്നാണ് അദ്ദേഹം പറയുന്നത്. ഇന്നാണെങ്കില്‍ ആ പദവി ഏറ്റെടുക്കില്ലായിരുന്നുവെന്നും പറയുന്നു. ബ്ലെസിന്‍ ജോണ്‍ മലയില്‍ ആണ് സംവിധായകന്‍.

deshabhimani

No comments:

Post a Comment