പണം ചെലവഴിക്കുന്നത് സലിം രാജ് മുഖേനയാണെന്നും ഇയാള്‍ വന്‍ ബിനാമിയാണെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. തമിഴ്നാട്ടില്‍ സമാനമായ തട്ടിപ്പ് നേരത്തെ നടന്നിട്ടുണ്ടെന്ന് കോടതി നിരീക്ഷിച്ചു. സലിം രാജിന്റെ ഭാര്യക്ക് ലാന്‍ഡ് റവന്യു കമീഷണര്‍ ഓഫീസിലേക്ക് സ്ഥലംമാറ്റം ലഭിച്ചതോടെയാണ് തട്ടിപ്പിന് പുതുജീവന്‍ വച്ചതെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു. കോടതി നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് സലിം രാജിന്റെ ഭാര്യയുടെ സ്ഥലംമാറ്റ ഉത്തരവ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിക്കു കൈമാറി. സ്ഥലംമാറ്റത്തിന് പ്രത്യേക കാരണങ്ങളോ, അപേക്ഷ ഉള്ള കാര്യമോ ഉത്തരവില്‍നിന്നു വ്യക്തമല്ലെന്ന് രേഖ പരിശോധിച്ച ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് വ്യക്തമാക്കി.
തിരുവനന്തപുരത്തെ ഭൂമി സര്‍വേ വകുപ്പ് ഓഫീസില്‍നിന്നാണ് ഇവര്‍ ലാന്‍ഡ് റവന്യു കമീഷണര്‍ ഓഫീസിലേക്ക് സ്ഥലംമാറ്റം വാങ്ങിയതെന്നും ഒന്നരവര്‍ഷമായി തുടരുകയാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വിശദീകരിച്ചു. മൊബൈല്‍ ഫോണ്‍ കമ്പനികളായ ബിഎസ്എന്‍എല്‍, വൊഡാഫോണ്‍, എയര്‍ടെല്‍, ഐഡിയ എന്നിവയെ കോടതി കേസില്‍ കക്ഷിചേര്‍ത്തു. ഹര്‍ജിക്കാരുടെ ആവശ്യം അനുവദിച്ചാണ് കോടതി നടപടി. 150 ഓളം കുടുംബങ്ങളുടെ കൈവശമുള്ള ഭൂമി തട്ടിയെടുക്കാനാണ് സലിം രാജും സംഘവും ശ്രമിച്ചതെന്നും ഇതിനുവേണ്ടി റവന്യുരേഖകളില്‍ തിരിമറി നടത്തിയിട്ടുണ്ടെന്നും രേഖകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവുമെന്നും ഹര്‍ജിഭാഗം വിശദീകരിച്ചു. വെള്ളിയാഴ്ചയും കേസില്‍ വാദം തുടരും. സലിം രാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പുകേസില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ സര്‍ക്കാരിനാവില്ലെന്ന് ഹൈക്കോടതി ബുധനാഴ്ച നിരീക്ഷിച്ചിരുന്നു. തൊട്ടുപിറ്റേന്നാണ് സലിം രാജിന്റെ ബിനാമി ബന്ധങ്ങള്‍ എന്താണെന്ന ചോദ്യം കോടതി ഉയര്‍ത്തുന്നത്. സോളാര്‍ കേസിലും പിന്നീട് ഭൂമി തട്ടിപ്പുകേസിലും നിരവധി തെളിവുകളുണ്ടായിട്ടും സലിം രാജിനെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ ആദ്യം മുതലേ എടുത്തത്. ഉന്നത ഭരണകേന്ദ്രങ്ങളില്‍ ഇയാള്‍ക്കുള്ള അവിഹിത ബന്ധങ്ങളെകുറിച്ച് നിരവധി ആക്ഷേപം ഉയര്‍ന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല.
പ്രതിപക്ഷ വിമര്‍ശനം കോടതിയും ശരിവയ്ക്കുന്നു
തിരു: സോളാര്‍ കേസ് ഒത്തുതീര്‍ക്കാന്‍ പ്രതികള്‍ക്ക് പണം ആരു നല്‍കിയെന്നും ഉന്നതര്‍ക്ക് പങ്കുള്ള കേസിന്റെ സത്യാവസ്ഥ അറിയണമെന്നുമുള്ള ഹൈക്കോടതി പരാമര്‍ശം, പ്രതിപക്ഷവും മാധ്യമങ്ങളും ഉന്നയിച്ച വിമര്‍ശനങ്ങളെ പൂര്‍ണമായും ശരിവയ്ക്കുന്നു. ഇത് വ്യക്തികള്‍ തമ്മിലുള്ള കേസാണെന്നും പൊതുഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും ഉന്നതര്‍ക്ക് പങ്കില്ലെന്നുമുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശവാദങ്ങളുടെ പൊള്ളത്തരവും ഹൈക്കോടതി പരാമര്‍ശത്തിലൂടെ തുറന്നുകാട്ടപ്പെടുന്നു. സരിത എസ് നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും പേഴ്സണല്‍ സ്റ്റാഫിന്റെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ബന്ധം ഉപയോഗിച്ചാണ് കൊള്ള ആസൂത്രണം ചെയ്തത്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വരെ സോളാര്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനെന്ന വ്യാജേന പണം തട്ടിയെടുക്കാന്‍ ഗൂഢാലോചന നടന്നു. ഇതെല്ലാം ഒതുക്കിയത് അധികാരത്തിന്റെ പിന്‍ബലത്തിലാണ്. തട്ടിപ്പുകേസെന്ന് വരുത്തിത്തീര്‍ത്ത് ഇരകള്‍ക്ക് പണം നല്‍കി ഒത്തുതീര്‍പ്പിലെത്തിയതോടെ പ്രതികള്‍ക്ക് വീണ്ടും വിലസാനുള്ള അവസരമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
സരിതയുടെ മൊഴി തിരുത്തലുമായി ബന്ധപ്പെട്ട് നടന്ന നാടകത്തിലെ അണിയറക്കഥകള്‍ പരിശോധിക്കുമ്പോഴാണ് സോളാര്‍കേസ് ഒത്തുതീര്‍ക്കാന്‍ പണം എവിടെനിന്നെന്ന ഹൈക്കോടതിയുടെ ചോദ്യം പ്രസക്തമാകുന്നത്. സരിത സ്വന്തം കൈപ്പടയില്‍ എഴുതിയ 21 പേജുള്ള രഹസ്യമൊഴിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ ഉള്‍പ്പെടെ പല ഉന്നതരുടെയും പേരുണ്ടെന്നു പറഞ്ഞത് അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനാണ്. മൊഴി തിരുത്താന്‍ സരിതയുടെ ജയില്‍ മാറ്റി. മാറ്റിയെഴുതിയ മൊഴിയില്‍ പറഞ്ഞത് തികച്ചും വ്യക്തിപരമായ കാര്യങ്ങള്‍ മാത്രം. ഉന്നതരുടെ പേര് ഒഴിവാക്കിയതിന് കോടികള്‍ ഒഴുക്കിയതും അജ്ഞാതന്‍ ജയിലില്‍ സരിതയെ സന്ദര്‍ശിച്ചതും ഇതുമായി കൂട്ടിവായിക്കാം. പത്തനംതിട്ടയിലെ മല്ലേലില്‍ ക്രഷറര്‍ ഉടമ ശ്രീധരന്‍നായരില്‍ നിന്ന് പണം തട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിനാണ് പേഴ്സണല്‍ സ്റ്റാഫ് ടെന്നിജോപ്പനെ അറസ്റ്റുചെയ്തത്. എന്നാല്‍, മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചതും അതിനു ശേഷം കരാര്‍ ഉറപ്പിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ശ്രീധരന്‍നായര്‍ വെളിപ്പെടുത്തിയത്. ശ്രീധരന്‍നായരുടെ രഹസ്യമൊഴി പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. സരിതയ്ക്കെതിരെ മുഖ്യമന്ത്രിയോട് പരാതി പറഞ്ഞത് നിമിഷങ്ങള്‍ക്കകം സരിതയറിഞ്ഞ കാര്യം വെളിപ്പെടുത്തിയത് തിരുവനന്തപുരം സ്വദേശി ടി സി മാത്യുവാണ്. ജിക്കുമോനും സലിംരാജിനുമെല്ലാം തട്ടിപ്പുസംഘവുമായി ബന്ധമുണ്ട്. അടച്ചിട്ട മുറിയില്‍ ബിജു രാധാകൃഷ്ണനുമായി എന്താണ് സംസാരിച്ചതെന്ന് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. ജുഡീഷ്യല്‍ അന്വേഷണപരിധിയില്‍ താനും ഓഫീസും ഉള്‍പ്പെടുമെന്ന് ആദ്യം സമ്മതിച്ച ഉമ്മന്‍ചാണ്ടി അതില്‍നിന്നു പിന്മാറി. ഇപ്പോള്‍ ജുഡീഷ്യല്‍ അന്വേഷണവും അട്ടിമറിക്കപ്പെട്ടു. സിറ്റിങ് ജഡ്ജിയെ കിട്ടുന്നില്ലെന്നു പറഞ്ഞ് ഏകപക്ഷീയമായി ഒരു റിട്ടയേര്‍ഡ് ജഡ്ജിയെ കമീഷനാക്കി നിയോഗിച്ചു. പ്രത്യേകസംഘം നടത്തുന്ന അന്വേഷണവും നിലച്ചു.
deshabhimani
No comments:
Post a Comment