തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് രാവിലെ ഉപരോധത്തിന് തുടക്കമിടുക. എട്ടോടെ മറ്റ് നിയോജകമണ്ഡലങ്ങളിലെ പ്രവര്‍ത്തകരും അണിചേരും. ഉപരോധത്തിനായി മണ്ഡലംമുതല്‍ ബൂത്ത്തലംവരെ വിപുലമായ ഒരുക്കങ്ങളും ചിട്ടയായ തയ്യാറെടുപ്പുമാണ് നടന്നത്. കൃത്യമായ ക്വോട്ടയും ചുമതലയും നിശ്ചയിച്ചാണ് ബൂത്ത്തലംമുതല്‍ വളണ്ടിയര്‍മാരെ കലക്ടറേറ്റില്‍ എത്തിക്കുക. ഇതിനുള്ള ഒരുക്കങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായതായി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ ജോര്‍ജ് ഇടപ്പരത്തി പറഞ്ഞു. മുഖ്യമന്ത്രി എത്തുമെന്ന് പ്രഖ്യാപിച്ച സമയത്തിന് മൂന്നുമണിക്കൂര്‍ മുമ്പേ ഇവിടം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വളയുമെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ അഴിമതി ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ക്ലിഫ്ഹൗസ് ഉപരോധസമരത്തിന് മുന്നോടിയായുള്ള രണ്ട് സംസ്ഥാനതല ജാഥകളില്‍ ഒന്ന് ആരംഭിക്കുന്നത് എറണാകുളത്താണ്. കേരളം കാത്തിരിക്കുന്ന ഉശിരന്‍ പോരാട്ടത്തിന്റെ മുന്‍ രൂപമാകും വെള്ളിയാഴ്ച കാണുകയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് ഉയര്‍ത്തുന്ന പ്രതിഷേധത്തോടൊപ്പം ജില്ലയില്‍ ജനസമ്പര്‍ക്ക പരിപാടിയിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തിലുണ്ടായ കുറവും മുഖ്യമന്ത്രിക്കും കൂട്ടര്‍ക്കും അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞതവണ 15,247 പരാതിയാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 8000 പരാതി മാത്രമാണ് ലഭിച്ചത്. എങ്കിലും ലക്ഷങ്ങള്‍ മുടക്കി വിപുലമായ പന്തലും മറ്റ് ഒരുക്കങ്ങളും കലക്ടറേറ്റിലും അങ്കണത്തിലുമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ദുരിതാശ്വാസ നിധിയിലെ സഹായവിതരണം നിലച്ചു
ജനസമ്പര്‍ക്ക പരിപാടിക്കായി കോടികള്‍ ധൂര്‍ത്തടിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ധനസഹായ വിതരണവും നിലച്ചു. നാല് മാസത്തിനിടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ച അപേക്ഷകളിലൊന്നും പണം നല്‍കിയിട്ടില്ല. തിരുവനന്തപുരത്തെ ജനസമ്പര്‍ക്ക പരിപാടിയില്‍ ആയിരത്തോളം പേര്‍ക്കായി ദുരിതാശ്വാസ നിധിയില്‍നിന്ന് 1.87 കോടി അനുവദിച്ചെന്നാണ് അവകാശവാദം. ഈ തുക ഇതുവരെ വിതരണം ചെയ്തിട്ടില്ല. എന്നാല്‍, പരിപാടിയുടെ സംഘാടനത്തിനും മറ്റുമായി 10 കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടത്. ദുരിതാശ്വാസനിധിയില്‍ ആവശ്യമായ തുകപോലും നീക്കിവയ്ക്കാതെയാണ് പ്രചാരണ മാമാങ്കത്തിന് 10 കോടി ധൂര്‍ത്തടിക്കുന്നത്.
മലപ്പുറം ജില്ലയില്‍ സമീപകാലത്തുണ്ടായ മൂന്ന് വാഹനാപകടങ്ങളില്‍ മരണമടഞ്ഞ 26 പേരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം ഇനിയും നല്‍കിയില്ല. തേലക്കാട്ട് അപകടത്തില്‍ മുഖ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തിയാണ് ധനസഹായം പ്രഖ്യാപിച്ചത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്ന് ലക്ഷം വീതം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. തേലക്കാട്ട് അപകടത്തില്‍ 15 പേര്‍ മരിക്കുകയും മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. താനൂരില്‍ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് എട്ട് പേരാണ് മരിച്ചത്. തിരൂരങ്ങാടി അപകടത്തില്‍ മൂന്ന് പേര്‍ മരണമടഞ്ഞു. ഈ കുടുംബങ്ങള്‍ നഷ്ടപരിഹാര തുകയ്ക്കായി ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. പരിക്കേറ്റവര്‍ക്കുള്ള സാമ്പത്തിക സഹായവും പ്രഖ്യാപനത്തില്‍ ഒതുങ്ങി. 5,000 മുതല്‍ 25,000 രൂപവരെയാണ് ഇവര്‍ക്കായി പ്രഖ്യാപിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് മലപ്പുറം കലക്ടര്‍ക്ക് തുക ഇതുവരെയും കൈമാറിയിട്ടില്ല. മൂന്നു കോടി രൂപ അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ കത്തയച്ചിട്ടും നടപടിയില്ല. മറ്റ് 13 ജില്ലകളിലും ഇതേ സ്ഥിതി തുടരുകയാണ്. ജൂണില്‍ ഇറങ്ങിയ ഉത്തരവ് നടപ്പാക്കാന്‍ കലക്ടര്‍മാര്‍ക്കാകുന്നില്ല.
(ദിലീപ് മലയാലപ്പുഴ)
deshabhimani
No comments:
Post a Comment