Monday, October 7, 2013

റെയില്‍വെ യാത്രക്കൂലി വര്‍ധനവ് പിന്‍വലിക്കണം: സിപിഐ എം

റെയില്‍വെ യാത്രക്കൂലി വര്‍ധനവ് പിന്‍വലിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യുറോ ആവശ്യപ്പെട്ടു. രണ്ട് ശതമാനം കൂലി കുട്ടാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി ശക്തിയായി പ്രതിഷേധിച്ചു. ഇന്ധനവില കൂടുന്ന ക്രമത്തില്‍ യാത്രക്കൂലിയും ചരക്കുകൂലിയും വര്‍ധിപ്പിക്കാനുള്ള തീരുമാനം അവസാനിപ്പിക്കണമെന്നും ഞായറാഴ് സമാപിച്ച പി ബി യോഗം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

ചെന്നൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉടന്‍ ഉപേക്ഷിക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉടമസ്ഥതയിലുള്ള ഈ വിമാനത്താവളങ്ങള്‍ കൈമാറുന്നതിനൊപ്പം മറ്റ് പന്ത്രണ്ട് വിമാനത്താവളങ്ങള്‍ പുറംകരാര്‍ വഴി സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കാനുള്ള നീക്കവും അവസാനിപ്പിക്കണം.

പിന്നോക്കനിലയുമായി ബന്ധപ്പെടുത്തി സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതം നല്‍കുന്നത് സംബന്ധിച്ച രഘുറാം രാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച ചെയ്യാതെ നടപ്പാക്കരുത്. സംസ്ഥാനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഭരണഘടനാപരമായി അധികാരമുള്ള സ്ഥാപനം ധനകാര്യ കമ്മീഷനാണെന്നും പിബി ചൂണ്ടിക്കാട്ടി.

അമേരിക്കയുമായി കുടുതല്‍ അടുത്ത സൈനിക സഹകരണത്തിനുള്ള മന്‍മോഹന്‍ ഗവര്‍മെണ്ടിന്റെ നീക്കം രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നതാണെന്ന് പി ബി വിലയിരുത്തി. മന്‍മോഹന്‍ സിങ്ങിന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ ഒബാമയുമായി ചേര്‍ന്ന് സംയുക്ത പ്രതിരോധസഹകരണ പ്രസ്താവന ഇറക്കിയിരുന്നു. കൂടുതല്‍ അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങുന്നതിനും സംയുക്ത ഉല്‍പ്പാദനത്തിനും വഴിയൊരുക്കുന്നതാണിത്. അമേരിക്കന്‍ ആയുധകമ്പനികള്‍ക്ക് ഇന്ത്യയില്‍ സംയുക്തസംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് അവസരമൊരുക്കുമെന്നും പി ബി ചൂണ്ടിക്കാട്ടി.

പശ്ചിമ ബംഗാളില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ തുടരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പ്രമേയവും പി ബി അംഗീകരിച്ചു. വര്‍ഗീയസംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിപ്പിക്കാനും അക്രമത്തിന് പ്രകോപനമുണ്ടാക്കാനുമുള്ള ആര്‍എസ്എസ് സംഘടനകളുടെ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ വേണം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ വര്‍ഗീയ കലാപത്തെ കാണാനെന്ന് പി ബി പറഞ്ഞു. വര്‍ഗീയ കലാപങ്ങള്‍ തടയാനുള്ള നിയമം എത്രയും വേഗം പാസാക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും പി ബി ചൂണ്ടിക്കാട്ടി.

ഒക്ടോബര്‍ 30ന് ഡല്‍ഹിയില്‍ നടക്കുന്ന മതനിരപേക്ഷ ദേശീയ കണ്‍വന്‍ഷന് പാര്‍ട്ടി എല്ലാ പിന്തുണയും പ്രഖ്യാപിച്ചു.

deshabhimani

No comments:

Post a Comment