Monday, October 7, 2013

കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് ലൈസന്‍സ് അനുവദിക്കരുത്: ബെഫി

തിരുവല്ല: കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് ലൈസന്‍സ് അനുവദിക്കരുതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) സംസ്ഥാന സമ്മേളനം കേന്ദ്ര സര്‍ക്കാരിനോടും റിസര്‍വ് ബാങ്ക് അധികാരികളോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വ്യവസായികളുടെ ഉടമസ്ഥതയിലായിരുന്ന ഏതാനും ബാങ്കുകള്‍ 1969ല്‍ ദേശസാല്‍ക്കരിക്കുകയായിരുന്നു. എന്നാല്‍ വ്യവസായികള്‍ക്ക് വീണ്ടും ബാങ്ക് ലൈസന്‍സ് അനുവദിക്കാനാണ് ഇപ്പോള്‍ നീക്കം. ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ 500 കോടി രൂപ മൂലധനം സ്വരൂപിക്കണം. 26 അപേക്ഷകള്‍ ഇതിനകം ലഭിച്ചു. ദേശസാല്‍ക്കരണത്തിന് മുമ്പ് രാജ്യത്തെ കോര്‍പറേറ്റുകള്‍ തങ്ങളുടെ ബാങ്കുകളിലെ നിക്ഷേപം വ്യവസായിക-വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചതിന്റെ ഫലമായി ആയിരക്കണക്കിന് ബാങ്കുകളാണ് അന്ന് തകര്‍ന്നത്. ബാങ്കുകളിലെ നിക്ഷേപം തന്നെ സുരക്ഷിതമല്ലായിരുന്നു.

1969ല്‍ പ്രധാന ബാങ്കുകളെ സര്‍ക്കാര്‍ ഏറ്റെടുക്കുകയും ബാങ്കുകളുടെമേല്‍ കര്‍ശന സാമൂഹ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തശേഷമാണ് നിക്ഷേപം സുരക്ഷിതമായത്. അന്നുമുതല്‍ കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കിയിരുന്നില്ല. ഊഹക്കച്ചവടത്തിലേക്ക് വന്‍തോതില്‍ പണം മുടക്കി ആയിരക്കണക്കിന് ബാങ്കുകള്‍ തകര്‍ന്നടിഞ്ഞ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം മിക്ക പാശ്ചാത്യ രാജ്യങ്ങളിലും കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നില്ല.

 എന്നാല്‍, ബാങ്ക് ലൈസന്‍സിനായി കോര്‍പറേറ്റുകള്‍ നല്‍കിയ അപേക്ഷകളില്‍ ഉടന്‍ നടപടി പൂര്‍ത്തിയാക്കുമെന്നാണ് യുപിഎ സര്‍ക്കാരും പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണറും പ്രഖ്യാപിച്ചത്. പാര്‍ലമെന്റിന്റെ ഫിനാന്‍ഷ്യല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി കോര്‍പറേറ്റുകള്‍ക്ക് തല്‍ക്കാലം ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. ലോകത്തൊരിടത്തും കോര്‍പറേറ്റുകള്‍ക്ക് ബാങ്ക് നടത്താന്‍ ഇപ്പോള്‍ അനുവാദമില്ലെന്നും ഇന്ത്യയില്‍ ആരംഭിച്ച നവസ്വകാര്യ ബാങ്കുകളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്നും അവ ഇതുവരെ പതിനേഴ് ശതമാനം മാത്രമേ ഗ്രാമങ്ങളില്‍ ശാഖ തുടങ്ങിയിട്ടുള്ളൂവെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സാമൂഹ്യ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് കോര്‍പറേറ്റുകള്‍ക്ക് ബാങ്കിങ് ലൈസന്‍സ് നല്‍കാനുള്ള നീക്കത്തില്‍നിന്ന് റിസര്‍വ് ബാങ്കും കേന്ദ്ര ഭരണാധികാരികളും പിന്മാറണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.









സംഘശക്തി തെളിയിച്ച് ബാങ്ക് ജീവനക്കാരുടെ സമ്മേളനത്തിന് തുടക്കമായി 

No comments:

Post a Comment