Friday, October 18, 2013

ജനസമ്പര്‍ക്ക പരിപാടി അധികാരവികേന്ദ്രീകരണത്തെ തകര്‍ക്കും

സംസ്ഥാനത്ത് നിലനില്‍ക്കുന്ന അധികാരവികേന്ദ്രീകരണ പ്രക്രിയയെ പൂര്‍ണ്ണമായും തകിടംമറിക്കുകയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി. വില്ലേജ് ഓഫീസുകളിലും പഞ്ചായത്താഫീസുകളിലും തീര്‍പ്പാക്കാന്‍ കഴിയുന്ന പരാതികള്‍ ജനസമ്പര്‍ക്ക പരിപാടി എന്ന പേരില്‍ മുഖ്യമന്ത്രിയുടെ അധികാരത്തിന്‍ കീഴില്‍ കൊണ്ടുവരുകയാണ്.
മന്ത്രിസഭയിലെ മറ്റ് അംഗങ്ങളിലും എം എല്‍ എമാരിലും നിഷിപ്തമായ അധികാരാവകാശങ്ങള്‍ പോലും മുഖ്യമന്ത്രി ജനകീയതയുടെ പേരില്‍  കയ്യാളുകയാണ്. ഇത് കേരളത്തിലെ ജനാധിപത്യ സമ്പ്രദായത്തെ തന്നെ തകിടം മറിക്കുന്നു എന്നു മാത്രമല്ല അധികാരം ഒരാളില്‍മാത്രം കേന്ദ്രീകരിക്കുന്നതിന് വഴിതെളിക്കുകയും ചെയ്യുകയാണ്. ജനങ്ങള്‍ക്ക് പ്രീയപ്പെട്ടവനായി അഭിനയിച്ച ഹിറ്റ്‌ലറെ പോലെ ജനകീയന്‍ എന്ന പരിവേഷം കെട്ടി ഉദാരമതിയായ ഏകാധിപതിയായി ഉമ്മന്‍ചാണ്ടി  മാറുകയാണ്. ആനുകൂല്യങ്ങളും സാമൂഹ്യ പെന്‍ഷനുകള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ സഹായങ്ങളും തന്റെ ഔദാര്യംകൊണ്ട് നല്‍കുന്നു എന്നു വരുത്തി ഉമ്മന്‍ചാണ്ടിതന്റെ ഏകാധിപതിയിലേക്കുള്ള പരിണാമം പൂര്‍ത്തിയാക്കുകയാണ്.  ജനസമ്പര്‍ക്ക പരിപാടിയില്‍ സംബന്ധിക്കാന്‍ ഉദ്യോഗസ്ഥരെ മുഴുവന്‍ തിരുവനന്തപുരത്തേക്ക് ക്ഷണിച്ചിരിക്കുന്നതിനാല്‍  ജില്ലയിലെ മിക്കവാറുമെല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഇന്ന് നിശ്ചലമാകും. കൂടാതെ നഗരത്തില്‍ ഇന്ന് പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുഖം മിനുക്കാന്‍ വേണ്ടി ജനങ്ങളുടെ അടിസ്ഥാന യാത്രാസൗകര്യം പോലും നിഷേധിക്കുകയാണ്.  രാജാവിന്റെ ഏഴുന്നള്ളത്തിനായി രാജവീഥികളെ പടയാളികള്‍ ഏറ്റെടുത്തിരുന്ന രാജഭരണകാലത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്  ഈ പ്രവൃത്തി. ഇതെല്ലാം മുഖ്യമന്ത്രിയില്‍ അധികാരം കേന്ദ്രീകരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ജനമധ്യത്തില്‍ നഷ്ടപ്പെട്ട മുഖം മിനുക്കാന്‍ ഉമ്മന്‍ചാണ്ടി ചെലവഴിക്കുന്നത് പൊതുഖജനാവിലെ കോടിക്കണക്കിന് രൂപയാണ്. സോളാര്‍ പ്രതിസന്ധി മറികടക്കാനുള്ള കുറുക്കുവഴിയായി മുഖ്യമന്ത്രി കാണുന്ന ജനസമ്പര്‍ക്കപരിപാടിക്കായി ഇത്തവണ ഖജനാവില്‍ നിന്നും കുറയുന്നത് ആറുകോടിയോളം രൂപ. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയും  ജനങ്ങളുടെപേരില്‍ നടത്തുന്ന ധൂര്‍ത്തുമാണ്. ഭരണസ്തംഭനവും കെടുകാര്യസ്ഥതയും  സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാര്‍ ഇഴഞ്ഞുനീങ്ങുമ്പോഴാണ്   ഉമ്മന്‍ചാണ്ടി മുഖംമിനുക്കാനായി   കോടികള്‍ ധൂര്‍ത്തടിക്കുന്നത്. കര്‍ശനമായ ചെലവുചുരുക്കലും നിയമന നിരോധന നടപടികളും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ജനസമ്പര്‍ക്ക ധൂര്‍ത്തിന് ഖജനാവ് തുറന്നുകൊടുത്തിരിക്കുന്നത്. വിവിധ ജില്ലകളില്‍ നടത്തുന്ന പരിപാടിയുടെ പ്രചാരണത്തിന് ലക്ഷക്കണക്കിന് രൂപയുടെ പരസ്യമാണ് നല്‍കുന്നത്.  കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിക്ക് സംഘാടനത്തിനുമാത്രം മൂന്നരക്കോടിയിലധികം രൂപ ചെലവഴിച്ചിരുന്നു. ഇക്കുറി അതു ആറുകോടിരൂപയോളമാകുമെന്നാണ് കണക്കാക്കുന്നത്.  14 ജില്ലയില്‍ താല്‍ക്കാലിക പന്തല്‍നിര്‍മാണത്തിനുമാത്രം കഴിഞ്ഞ തവണ നാലു കോടി രൂപ ചെലവിട്ടു.

ഉമ്മന്‍ചാണ്ടിയുടെ വണ്‍മാന്‍ ഷോയില്‍ പരിഗണനക്കായി എത്തിയിരിക്കുന്ന പരാതികള്‍ എല്ലാം തന്നെ വില്ലേജാഫീസിലും താലൂക്കാഫീസിലും പരിഹരിക്കാന്‍ കഴിയുന്നതുമാത്രമാണ്. റേഷന്‍കാര്‍ഡ് ബിപിഎല്‍ ആക്കണം, വീടും സ്ഥലവും, ദുരിതാശ്വാസനിധിയില്‍ നിന്നും സഹായം, വീട്ടുനമ്പര്‍, പിഎസ്‌സിവഴി ലഭിക്കേണ്ട ജോലി, മാലിന്യ നിര്‍മ്മാര്‍ജനം, ഗതാഗതപ്രശ്‌നം എന്നിങ്ങനെയുള്ള പരാതികളാണ് ജനസമ്പര്‍ക്കപരിപാടിയില്‍ വന്നിരിക്കുന്നത്. ഇതില്‍ ബിപിഎല്‍ കാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ സാധിക്കും. ഇതിന് വില്ലേജാഫീസുതലത്തില്‍ അന്വേഷണം ആവശ്യമാണ്. എംഎല്‍എ മാര്‍വഴി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിക്കാനുള്ള ദുരിതാശ്വാസനിധിയില്‍നിന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിക്കപ്പെടുമ്പോള്‍ നിയമസഭാ സാമാജികരുടെ പ്രസക്തിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. വീടും സ്ഥലവും വേണമെന്ന ആവശ്യം വില്ലേജാഫീസറും റവന്യൂ ഉദോഗസ്ഥരും കൈകാര്യം ചെയ്യേണ്ടതാണെന്നത് ആര്‍ക്കും അറിയാവുന്ന വിഷയമാണ്. മാലിന്യനിര്‍മ്മാര്‍ജനം ഗതാഗതപ്രശ്‌നം എന്നിവ പരിഹരിക്കുന്നത് മുഖ്യമന്ത്രിക്കു കഴിയുമെങ്കില്‍ കേരളം ഇന്നനുഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍ എന്നേ പരിഹരിക്കാനാവുമായിരുന്നു. വിവിധതരം സര്‍ട്ടിഫിക്കറ്റുകള്‍ അതാതു ഓഫീസുകളില്‍ നിന്നല്ലാതെ മുഖ്യമന്ത്രിയുടെ കൈകൊണ്ട് കൊടുക്കുന്നത് ഒരു നല്ല ജനാധിപത്യ പ്രവണതയാകുന്നില്ല.

കഴിഞ്ഞ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച 2,47,996 അപേക്ഷയില്‍  തീരുമാനമൊന്നും  ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതില്‍ തുടര്‍നടപടി വേണ്ടെന്ന് സര്‍ക്കാര്‍ പിന്നീട് നിര്‍ദേശം നല്‍കി.  തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷ തീര്‍പ്പാക്കാനുള്ളത്. 2004ലെ ആദ്യ ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പകുതിയിലേറെ അപേക്ഷയിലും ഒരു തീരുമാനവും ഉണ്ടായില്ല. ജനങ്ങളും ഭരണകൂടവും തമ്മിലുള്ള അകലം കുറയ്ക്കുന്നതിനുവേണ്ടിയാണ് ജനസമ്പര്‍ക്കപരിപാടി എന്നാണ് മുഖ്യമന്ത്രിയുടെ ഇന്നലെത്തെ ന്യായീകരണം. അതിന്റെ പേരില്‍ ജനങ്ങളുടെ ദൈന്യംദിന ജീവിതത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കേണ്ട ഭരണയന്ത്രം ജനങ്ങള്‍ക്ക് അന്യമാകുകയാണ്.
 (വി ബി നന്ദകുമാര്‍)

janayugom

No comments:

Post a Comment