Thursday, October 17, 2013

അമേരിക്കന്‍ പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരം

16 ദിവസമായി അമേരിക്കയില്‍ തുടരുന്ന സാമ്പത്തിക അടിയന്തരാവസ്ഥയ്ക്കും വായ്പ പരിധി ഉയര്‍ത്തിയില്ലെങ്കിലുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിക്കും താല്‍ക്കാലിക പരിഹാരം. യുഎസ് സെനറ്റ് 18നെതിരെ 81 വോട്ടിന് സാമ്പത്തിക അടിയന്തരാവസ്ഥ അവസാനിപ്പിക്കുന്നതിനുള്ള നിര്‍ദേശം അംഗീകരിച്ചിരുന്നു. ഈ നിര്‍ദേശം 144 നെതിരെ 285 വേട്ടുകള്‍ക്ക് ജനപ്രതിനിധി സഭയും അംഗീകരിച്ചതോടെയാണ് പ്രതിസന്ധിയ്ക്ക് പരിഹാരമായത്.

അതേസമയം അമേരിക്ക നേരിടുന്ന പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരം മാത്രമാണ് ഉണ്ടായിരിക്കുന്നത്. വായ്പ പരിധി 2014 ഫെബ്രുവരി ഏഴ് വരെ മാത്രമാണ് ഉയര്‍ത്തിയത്. ബജറ്റ് അംഗീകരിച്ചത് ജനുവരി 15വരെയുമാണ്. ഈ സമയപരിധി അവസാനിക്കുന്നതിനിടെ പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത വര്‍ഷം ആദ്യം യുഎസ് സഭകള്‍ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് അംഗങ്ങള്‍ തമ്മില്‍ വീണ്ടും ഒരു ഏറ്റുമുട്ടലിന് സാക്ഷ്യം വഹിക്കും.

സെനറ്റും ജനപ്രതിനിധി സഭയും അംഗീകരിച്ചതോടെ ബില്ല് പ്രസിഡന്റ് ബറാക്ക് ഒബാമ ഒപ്പുവെച്ചു. പ്രതിസന്ധി പരിഹരിക്കാന്‍ സഹായിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു. ബില്ലില്‍ ഒബാമ ഒപ്പുവെച്ചതോടെ 16ദിവസമായി പ്രവര്‍ത്തന രഹിതമായിരുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങും.

ഒബാമ മുന്നോട്ടുവെച്ച ആരോഗ്യപരിരക്ഷ പരിപാടിയായ ഒബാമ കെയര്‍ പദ്ധതി നടപ്പിലാക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടി തയ്യാറാവാഞ്ഞതിനെ തുടര്‍ന്നാണ് അമേരിക്കയില്‍ പ്രതിസന്ധി ഉടലെടുത്തത്. ഒബാമ കെയറിന് പണം അനുവദിക്കാതെ ജനപ്രതിനിധിസഭ പസാക്കിയ ധനവിനിയോഗ ബില്‍ സെനറ്റ് തള്ളിയതോടെയാണ് ട്രഷറി അടച്ചുപ്പൂട്ടുന്നതടക്കമുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്.

deshabhimani

No comments:

Post a Comment