Tuesday, November 12, 2013

ചരിത്ര പോരാട്ടത്തിന് ഉജ്വല തുടക്കം

നെടുങ്കണ്ടം: സ്വന്തം ഭൂമിയിലെ അധ്വാനമണ്ണിന്റെ അവകാശികളാകാനും പിറന്ന കുടലില്‍ സൈ്വരമായി ജീവിക്കാനും ഒരു ജനതയുടെ സന്ധിയില്ലാ ചെറുത്തുനില്‍പ്പ്. പ്രതികൂല സാഹചര്യങ്ങളോട് പതിറ്റാണ്ടുകളായി പടവെട്ടി പടുത്തുയര്‍ത്തിയ ജീവിത സംസ്കാരത്തെ പറിച്ചെറിയാന്‍ ഒരു റിപ്പോര്‍ട്ടുകള്‍ക്കുമാവില്ലെന്ന സന്ദേശം വിളിച്ചോതുന്ന കര്‍ഷകസംഘം തുടര്‍ സത്യഗ്രഹ സഹന സമരത്തിന് നെടുങ്കണ്ടത്ത് ആവേശത്തുടക്കം. കൈവശകൃഷിക്കാര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കണമെന്നും ഡോ. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക-തോട്ടം തൊഴിലാളി ദ്രോഹ ശുപാര്‍ശകള്‍ തള്ളണമെന്നും ആവശ്യപ്പെട്ട് 20 വരെ നടക്കുന്ന ഐതിഹാസിക സമരത്തിനാണ് കുടിയേറ്റ പോരാട്ട ചരിത്രമുറങ്ങുന്ന മലനാട് പട്ടണമായ നെടുങ്കണ്ടത്ത് തുടക്കമായത്.

തലചായ്ക്കാന്‍ ഇത്തിരി മണ്ണിനുവേണ്ടിയുളള ഭൂമിയുടെ അവകാശികളുടെ പോരാട്ടം നിലയ്ക്കുന്നില്ലെന്നുകൂടി അടിവരയിടുന്നതായി കര്‍ഷക കൂട്ടായ്മ. മലയോര കര്‍ഷകരുടെ പട്ടയസമരത്തിന് നിരവധി തവണ വേദിയായ നെടുങ്കണ്ടം കിഴക്കേകവലയില്‍ പ്രത്യേകം തയാറാക്കിയ പന്തലിലാണ് സമരം നടക്കുന്നത്. സത്യഗ്രഹ സമരം കിസാന്‍സഭ അഖിലേന്ത്യാ കമ്മിറ്റിയംഗം എം എം മണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി വി വര്‍ഗീസ് അധ്യക്ഷനായി. കെ കെ ജയചന്ദ്രന്‍ എംഎംഎ, മുഹമ്മദ് റഫീഖ് മൗലവി, സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍, സംഘാടകസമിതി ചെയര്‍മാന്‍ പി എന്‍ വിജയന്‍, എന്‍ കെ ഗോപിനാഥന്‍, പിഎംഎം ബഷീര്‍, വി എന്‍ മോഹനന്‍, എം എ സിറാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി എന്‍ വി ബേബി സ്വാഗതവും ടി ആര്‍ ശശികുമാര്‍ നന്ദിയും പറഞ്ഞു.

രാവിലെ ആരംഭിച്ച സമരത്തില്‍ നെടുങ്കണ്ടം ഏരിയയിലെ ഒമ്പത് ലോക്കല്‍ കമ്മിറ്റികളില്‍നിന്നായി ആയിരത്തിലധികം സമര വളന്റിയര്‍മാര്‍ പങ്കെടുത്തു. ടൗണിലെ ഓട്ടോ-ടാകസി തൊഴിലാളികള്‍ പ്രകടനമായെത്തി അഭിവാദ്യമര്‍പ്പിച്ചു. ചൊവ്വാഴ്ച സമരം ഇടുക്കി രൂപത അധ്യക്ഷന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനം ചെയ്യും. കട്ടപ്പന ഏരിയയിലെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് 13 ശാന്തമ്പാറ, 14 ഏലപ്പാറ, 15 പീരുമേട് , 16 അടിമാലി, 17 ഇടുക്കി, 18 മൂന്നാര്‍, മറയൂര്‍, 10 തൊടുപുഴ, കരിമണ്ണൂര്‍, മൂലമറ്റം, 20 രാജാക്കാട് എന്നീ ഏരിയ ക്രമത്തില്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കും. രാഷ്ട്രീയ- കര്‍ഷക നേതാക്കള്‍, മതമേലധ്യക്ഷര്‍, സാമുദായിക നേതാക്കള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ തുടങ്ങി വിവിധ തുറകളിലുള്ളവര്‍ സമരം ഉദ്ഘാടനം ചെയ്യും

നടപ്പാക്കുന്നത് ചെറുക്കണം റിപ്പോര്‍ട്ടുകള്‍ക്ക് പിന്നില്‍ ഗൂഢാലോചന: എം എം മണി

നെടുങ്കണ്ടം: ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ രൂപപ്പെടുത്തിയതിനു പിന്നില്‍ ഭരണപങ്കാളിത്തത്തോടെയുള്ള വലിയ ഗൂഢാലോചന നടന്നതായും ലോകജനതയുടെ പരിസ്ഥിതി സംരക്ഷണവും ബാധ്യതകളും ഇടുക്കിക്കാരുടെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും കിസാന്‍സഭ അഖിലേന്ത്യാ കമ്മിറ്റിയംഗം എം എം മണി പറഞ്ഞു. കേരള കര്‍ഷകസംഘം നേതൃത്വത്തിലുള്ള തുടര്‍ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എം മണി.

പരിസ്ഥിതി സംരക്ഷണം ഇവിടുത്തെ മാത്രം ബാധ്യതയല്ല മറിച്ച് പരിസ്ഥിതി സംരക്ഷണം ആകെ ബാധ്യതയായി കാണണം. ഇതിന്റെ പേരില്‍ ഇടുക്കി ജില്ലയിലുള്ളവര്‍ തെരുവാധാരമാകാനാവില്ല. റിപ്പോര്‍ട്ടുകളിലെ ജനവിരുദ്ധ-കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഒഴിവാക്കണം. ചില തീവ്ര പരിസ്ഥിതി വാദികളുടെ പിന്തുണയോടെ തയ്യാറാക്കിയ നിര്‍ദേശങ്ങളടങ്ങുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനും ജനതയ്ക്കും നല്‍കുന്നതിനു മുമ്പ് അന്താരാഷ്ര്ട തലത്തിലുള്ള ചില സംഘടനകള്‍ക്ക് കൈമാറിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇവരുടെ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പാര്‍ലമെന്റ് കേന്ദ്രത്തില്‍ വച്ച് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയതിലും ദുരൂഹതയുണ്ട്. ഇതിനെതുടര്‍ന്ന് പി ടി തോമസും, ശശി തരൂരും റിപ്പോര്‍ട്ടിനെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. വളര്‍ന്നുവരുന്ന ടൂറിസത്തെയും സമ്പന്നമായ കൃഷിയെയും തകര്‍ക്കുകയെന്നതും റിപ്പോര്‍ട്ടിനു പിന്നിലുണ്ട്.

സംസ്ഥാനത്തെ 123ഉം ജില്ലയിലെ 48ഉം വില്ലേജുകളിലെ ലക്ഷക്കണക്കിന് മനുഷ്യജീവിതത്തെയാകെ ബാധിക്കുന്ന റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് മുമ്പ് ഇവിടെയെത്തി അഭിപ്രായം തേടാത്തത് ജനവിരുദ്ധവും നിയമ വിരുദ്ധവുമാണ്. ജനതയുടെ പ്രശ്നം ബന്ധപ്പെട്ടവരുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി പരാജയപ്പെട്ടു. നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ സമാന ചിന്താഗതിക്കാരായ കര്‍ഷക സംഘടനകള്‍, ഹൈറേഞ്ച് സംരക്ഷണസമിതി, കത്തോലിക്കാസഭ, മതസാമുദായി സംഘടനകള്‍ മുതലായവയുമായി കൈകോര്‍ക്കും. പട്ടയംനല്‍കാതെയും പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചും എക്കാലവും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കര്‍ഷകവിരുദ്ധ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. പട്ടം, ശങ്കര്‍ സര്‍ക്കാര്‍ മുതല്‍ ഉമ്മന്‍ചാണ്ടിവരെയുള്ളവ ഉദാഹരണം മാത്രം. എന്നാല്‍ കര്‍ഷകനെ മണ്ണിന്റെ അവകാശികളാക്കി മാറ്റിയത് കമ്യൂണിസ്റ്റ്- ഇടതുസര്‍ക്കാരുകളാണ്. ഏറ്റവും ഒടുവില്‍ ഉപാധിരഹിത പട്ടയം നല്‍കാനും നടപടിസ്വീകരിച്ചു. എന്നാല്‍ ഭരണമാറ്റത്തോടെ ഉമ്മന്‍ചാണ്ടി ഇതെല്ലാം അട്ടിമറിച്ചു. എന്നിട്ടും കര്‍ഷകസ്നേഹം പറയുന്നത് കാപട്യമാണെന്നും കര്‍ഷകജനതയുടെ നിലനില്‍പ്പിനായുള്ള സമരത്തില്‍ ജനത ഒന്നടങ്കം അണിനിരക്കണമെന്നും എം എം മണി അഭ്യര്‍ഥിച്ചു.

യോജിച്ച ചെറുത്തുനില്‍പ്പ് വേണം: മുഹമ്മദ്റഫീഖ് മൗലവി

നെടുങ്കണ്ടം: പ്രതികൂല സാഹചര്യങ്ങളോട് എതിരിട്ടുനിന്ന മലയോര നിവാസികളാണ് എന്നും പരിസ്ഥിതി സംരക്ഷിച്ചുപോന്നതെന്ന്നെടുങ്കണ്ടം നൂര്‍ മുഹമ്മദ് ജുമാ മസ്ജിദ് ഇമാം മുഹമ്മദ് റഫീഖ് മൗലവി പറഞ്ഞു. പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരില്‍ ജനജീവിതം അസാധ്യമാക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ജനങ്ങളുടെ യോജിച്ച ചെറുത്തുനില്‍പ്പ് വേണം. കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നെടുങ്കണ്ടത്ത് നടന്നുവരുന്ന തുടര്‍ സത്യഗ്രഹസമരത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കാര്‍ഷിക-തോട്ടം മേഖല ഇല്ലാതാകും: കെ കെ ജയചന്ദ്രന്‍

നെടുങ്കണ്ടം: മാധവ് ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍് പൂര്‍ണ രൂപത്തില്‍ നടപ്പാക്കിയാല്‍ ജില്ലയിലെ കാര്‍ഷിക-തോട്ടം മേഖല ഇല്ലാതാകുമെന്ന് കെ കെ ജയചന്ദ്രന്‍ എംഎല്‍എ പറഞ്ഞു. നെടുങ്കണ്ടത്ത് ആരംഭിച്ച തുടര്‍ സത്യഗ്രഹ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.

മാധവ് ഗാഡ്ഗിലിനെക്കാള്‍ മെച്ചമാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടെന്ന ചിലരുടെ ധാരണ ശരിയല്ല. ജില്ലയിലെ ആകെ 63ല്‍ 48 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശമായി അംഗീകരിക്കുന്ന റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ ഏലം, കാപ്പി, തേയില, റബര്‍ തുടങ്ങിയ തോട്ടവിളകള്‍ കൃഷിചെയ്യാന്‍ കഴിയാതെ വരും. നാടിന്റെ വികസനമാകെ തടസ്സപ്പെടും. ഇതോടെ ഇവിടെ ജനജീവിതം അസാധ്യമാകും. റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളില്‍ വലിയ ആശങ്കയാണ് നിലനില്‍ക്കുന്നത്. റിപ്പോര്‍ട്ടിനെതിരെ ജനങ്ങളുടെ യോജിച്ച ചെറുത്തുനില്‍പ്പ് ഉയരണം. കേന്ദ്ര വന സംരക്ഷണ നിയമത്തിന്റെ ചുവടുപിടിച്ച് മലയോരകര്‍ഷകന് തടസ്സപ്പെട്ടുകിടക്കുന്ന പട്ടയം യഥാര്‍ഥ്യമാക്കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത് മൂലമാണ്. 2011 മാര്‍ച്ച് ഒന്‍പതിനാണ് പട്ടയം നല്‍കുന്നതിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായത്. ഇതേ തുടര്‍ന്ന് 25 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ലെ ഉപാധിയോടെ നേരത്തേ നല്‍കപ്പെട്ടതടക്കം ഉപാധി രഹിതമാക്കി പട്ടയം നല്‍കുന്നതിന് ആ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അന്ന് 14000 പേര്‍ക്ക് പട്ടയം നല്‍കിയത്. പിന്നീട് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുതുക്കാത്തതുമൂലം അസാധുവായതിനാല്‍ പട്ടയം ലഭിക്കാത്ത അവസ്ഥയാണിന്നുള്ളതെന്നും ജയചന്ദ്രന്‍ പറഞ്ഞു.

പുതിയ പാലങ്ങള്‍ മനുഷ്യര്‍ക്കോ മൃഗങ്ങള്‍ക്കോ മന്ത്രി പങ്കെടുത്ത ചടങ്ങില്‍ ആശങ്ക തുറന്നുകാട്ടി ഇടുക്കി രൂപത മെത്രാന്‍

ചെറുതോണി: പുതിയപാലങ്ങള്‍ നിര്‍മിക്കുന്നത് മനുഷ്യന് സഞ്ചരിക്കുന്നതിനാണോ അതോ മൃഗങ്ങള്‍ക്ക് പെരിയാര്‍ കുറുകെ കടക്കുന്നതിനുള്ള ഇടനാഴിയണോ എന്ന് ഭരണകര്‍ത്താക്കള്‍ വ്യക്തമാക്കണമെന്ന് ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു.കരിമ്പന്‍ പാലത്തിന്റെ നിര്‍മാണ ഉദ്ഘാടന വേദിയിലാണ് മെത്രാന്‍ എംപിക്കും എംഎല്‍എക്കുമെതിരെ ഒളിയമ്പ് എയ്തത്. ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ കമീഷന്‍ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തില്‍ ജില്ലയിലെ പ്രതിഷേധങ്ങള്‍ ഭംഗ്യന്തരേണ സൂചിപ്പിച്ചാണ് മെത്രാന്‍ ഭരണകര്‍ത്തക്കള്‍ക്കെതിരെ പരിഹാസം ചൊരിഞ്ഞത്.

പാലവും റോഡുമൊക്കെ വരുന്നത് നല്ലതാണ്. പക്ഷേ മനുഷ്യന് കൃഷിചെയ്യാനും സുരക്ഷിതമായി ജീവിക്കാനുള്ള അവസരമുണ്ടാകണം. ഒരുജനതയെ മുഴുവന്‍ ആട്ടിപ്പായിക്കാനുള്ള ഗൂഢാലോചനയാണ് നടന്നുവരുന്നത്. ഇതിനെ പ്രതിരോധിക്കാനും കൃഷിക്കാര്‍ക്കൊപ്പം നില്‍ക്കാനും ജനപ്രതിനിധികള്‍ തയ്യാറാകുന്നില്ലെന്നും പി ടി തോമസിനെയും റോഷി അഗസ്റ്റ്യനെയും ചൂണ്ടികാട്ടി ബിഷപ് തുറന്നടിച്ചു. കരിമ്പന്‍പാലം വന്യജീവികള്‍ക്കുള്ള ഇടത്താവളമാണോയെന്ന ചോദ്യംപൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും ഞെട്ടിച്ചു. വന്‍ കരഘോഷത്തോടെയാണ് സദസ് പിതാവിന്റെ പ്രസംഗം ശ്രവിച്ചത്. യുഡിഎഫ് സര്‍ക്കാരിന്റെ വികസനം മലബാര്‍ കേന്ദ്രീകൃതമാണെന്ന് പറയാനും പിതാവ് മടികാണിച്ചില്ല. ലീഗ് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വേദിയിലിരുത്തിയാണ് യുഡിഎഫ് സര്‍ക്കാരിന്റെ ഫണ്ട് മലപ്പുറത്തേക്ക് പോകുന്നതെന്ന് മെത്രാന്‍ തുറന്നടിച്ചത്. സന്തുലിതമായ വികസനമാണ് സംസ്ഥാനത്തിന് ആവശ്യമെന്നും അദേഹം സൂചിപ്പിച്ചു. പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനത്തിന്റെ വേദി യഥാര്‍ഥത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി ചര്‍ച്ച വേദിയായി. പിതാവ് തുടങ്ങിവച്ചത് പിന്നാലെ വന്ന പസംഗകര്‍ ആവര്‍ത്തിക്കുകയും പിതാവിന് പിന്തുണ നല്‍കുകയും ചെയ്തു. മുഖ്യാതിഥിയായ എംപി പി ടി തോമസിനെ പേരെടുത്ത് അഭിസംബോധന ചെയ്യാനും ഇടുക്കി മെത്രാന്‍ തയ്യാറായില്ല.

deshabhimani

No comments:

Post a Comment