Tuesday, October 8, 2013

വസ്തുത വിവരാവകാശ പരിധിക്ക് "പുറത്ത്"

ആലപ്പുഴ: മൂന്നരപതിറ്റാണ്ടിലേറെ നിര്‍മാണം നടത്തിയിട്ടും പൂര്‍ത്തീകരിക്കാനാകാത്ത ബൈപ്പാസിന്റെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാലും നല്‍കാന്‍ മടി. ഗ്രീന്‍ സൊസൈറ്റി പ്രസിഡന്റ് തോമസ് കളപ്പുര നല്‍കിയ അപേക്ഷയാണ് തൊടുന്യായംപറഞ്ഞ് പൊതുമരാമത്ത് അധികൃതര്‍ മടക്കിയത്. അപേക്ഷ ചോദ്യാവലി രൂപത്തിലായതാണ് വിവരങ്ങള്‍ കൈമാറാന്‍ വകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് തടസമായത്. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നാളിതുവരെ കൈക്കൊണ്ട ഭരണപരവും നിയമപരവുമായ നടപടിക്രമങ്ങളാണ് നിയമപ്രകാരം ആവശ്യപ്പെട്ടത്. ആഗസ്ത് 22ന് നല്‍കിയ അപേക്ഷയാണ് ചോദ്യാവലി രൂപത്തിലാണെന്ന കാരണംപറഞ്ഞ് "ഖേദപൂര്‍വം" നിരസിച്ചത്.

ബൈപ്പാസ് നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ് സ്വീകരിച്ച നടപടികള്‍, ഇതുവരെ ചെലവഴിച്ച തുക, പണം ലഭിച്ച ഏജന്‍സി ഏത്, ടോള്‍ പിരിവ് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടത്. ബൈപ്പാസ് നിര്‍മാണത്തിന് കോടികള്‍ അനുവദിച്ച് നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് പ്രചരിപ്പിച്ച് കേന്ദ്രസഹമന്ത്രി നഗരത്തിലാകെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ദേശീയപാത വികസനവകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് ജനുവരി 17ന് അപേക്ഷനല്‍കി. എന്നാല്‍ ഒരുവിധ തുകയും അനുവദിച്ചിട്ടില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയതായും തോമസ് കളപ്പുരയ്ക്കല്‍ പറഞ്ഞു. 2012-13ല്‍ ബജറ്റില്‍ അഞ്ചുകോടി രൂപ വകയിരുത്തിയെങ്കിലും ഒരു പ്രവര്‍ത്തനവും നടത്തിയില്ല. അപേക്ഷയില്‍ പറഞ്ഞ വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായും ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കം നേരിടുമെന്നും ഗ്രീന്‍ സൊസൈറ്റി പ്രസിഡന്റ് തോമസ് കളപ്പുരയ്ക്കല്‍, സെക്രട്ടറി ടി എം സന്തോഷ് എന്നിവര്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment