Tuesday, October 8, 2013

സഹ. ബാങ്കുകള്‍ വിവരാവകാശ പരിധിയിലല്ല: സുപ്രീംകോടതി

കേരള കോ- ഓപ്പറേറ്റീവ് സൊസൈറ്റി നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത സഹകരണ സൊസൈറ്റികള്‍ വിവരാവകാശനിയമത്തിലെ പൊതു അധികാരകേന്ദ്രമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടില്ലെന്ന് സുപ്രീംകോടതി വിധിച്ചു. സഹകരണ സൊസൈറ്റികള്‍ വിവരാവകാശനിയമത്തിന്റെ പരിധിയില്‍വരുമെന്ന ഹൈക്കോടതി ഫുള്‍ബെഞ്ച് ഉത്തരവ് അസാധുവാക്കിയാണ് ജസ്റ്റിസുമാരായ കെ എസ് രാധാകൃഷ്ണനും എ കെ സിക്രിയും ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.

തലപ്പലം സര്‍വീസ് സഹകരണ ബാങ്കാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിവരാവകാശനിയമപ്രകാരം ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍വരെ പലരും ചോദിച്ചുതുടങ്ങിയതോടെയാണ് വിഷയം കോടതി മുമ്പാകെ എത്തിയത്. സഹകരണ ബാങ്കുകള്‍ ആര്‍ടിഐ നിയമപരിധിയില്‍വരുമെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ബെഞ്ചിന്റെ തീര്‍പ്പ്്. പിന്നീട് ഡിവിഷന്‍ബെഞ്ച് ഈ വിധി തിരുത്തി. സഹകരണ ബാങ്കുകള്‍ ആര്‍ടിഐ പരിധിയില്‍ വരുമോയെന്നത് ഓരോ കേസിന്റെയും വിശദാംശം പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കേണ്ടതാണെന്നും വിധിച്ചു. സര്‍ക്കാരില്‍നിന്ന് ഗണ്യമായ സാമ്പത്തികസഹായം പ്രത്യക്ഷമായോ പരോക്ഷമായോ ലഭിക്കുന്നുണ്ടെങ്കില്‍മാത്രമേ പൊതു അധികാരകേന്ദ്രമെന്ന നിര്‍വചനത്തില്‍ വരികയുള്ളൂവെന്ന് ഡിവിഷന്‍ബെഞ്ച് വിധിച്ചു. എന്നാല്‍, സമാനമായ മറ്റൊരു ഹര്‍ജിയില്‍ രണ്ടാമതൊരു ഡിവിഷന്‍ബെഞ്ച് ആദ്യബെഞ്ചിന്റെ ഉത്തരവില്‍ അതൃപ്തി പ്രകടിപ്പിക്കുകയും വിഷയം ഫുള്‍ബെഞ്ചിന്റെ തീര്‍പ്പിന് വിടുകയുമായിരുന്നു. സഹകരണ ബാങ്കുകള്‍ ആര്‍ടിഐ പരിധിയില്‍വരുമെന്ന സഹകരണ രജിസ്ട്രാറുടെ 2006ലെ സര്‍ക്കുലര്‍ ശരിവയ്ക്കുകയാണ് ഫുള്‍ബെഞ്ച് ചെയ്തത്. തുടര്‍ന്നാണ് കേസ് സുപ്രീംകോടതിയില്‍ എത്തിയത്.

സഹകരണ സൊസൈറ്റി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ വിവരാവകാശനിയമത്തിലെ 2(എച്ച്) വകുപ്പില്‍ പറയുന്ന പൊതു അധികാരകേന്ദ്രമെന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുമെന്ന് ജസ്റ്റിസ് കെ എസ് രാധാകൃഷ്ണന്‍ വിധിന്യായത്തില്‍ പറഞ്ഞു. പൊതു അധികാരകേന്ദ്രം എന്നനിലയില്‍ സഹകരണ രജിസ്ട്രാര്‍ക്ക് ഒട്ടനവധി നിയമപരമായ അധികാരങ്ങളുണ്ട്. അദ്ദേഹം ആര്‍ടിഐപ്രകാരം വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥനുമാണ്. രജിസ്ട്രാര്‍ക്ക് മേല്‍നോട്ട അധികാരമുള്ള സഹകരണ ബാങ്കുകളില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും രജിസ്ട്രാര്‍ക്ക് കഴിയും. എന്നാല്‍, ആര്‍ടിഐ നിയമത്തിന്റെ 8(1)ജെ വകുപ്പില്‍ വരുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ രജിസ്ട്രാര്‍ക്ക് അധികാരമില്ല. വ്യക്തികള്‍ക്കുള്ള അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ ആരായാന്‍ രജിസ്ട്രാര്‍ക്ക് സഹകരണ സൊസൈറ്റി നിയമപ്രകാരം അധികാരമുണ്ടെന്ന് തോന്നുന്നില്ല. ഒരുപക്ഷേ, മറ്റ് ഏജന്‍സികള്‍ക്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആരായാമായിരിക്കാം. എന്നാല്‍, ഇതിന് നിയമപരമായ പിന്‍ബലമുണ്ടാകണം. ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടക്കുംവിധം വ്യക്തിഗതവിവരങ്ങള്‍ ആര്‍ടിഐ നിയമപ്രകാരം ആരെങ്കിലും ആവശ്യപ്പെട്ടാല്‍തന്നെയും അത് നല്‍കേണ്ട ബാധ്യത രജിസ്ട്രാര്‍ക്കില്ല. അതല്ലെങ്കില്‍ അപേക്ഷകള്‍ പൊതുതാല്‍പ്പര്യസ്വഭാവമുള്ളവയാകണം. സഹകരണ ബാങ്കുകള്‍ പൊതു അധികാരകേന്ദ്ര നിര്‍വചനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ 2006ല്‍ സഹകരണ രജിസ്ട്രാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിലനില്‍ക്കുന്നതല്ല. അതല്ലെങ്കില്‍ സഹകരണസ്ഥാപനങ്ങള്‍ ഗണ്യമായ തോതില്‍ സര്‍ക്കാര്‍ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നതിന് തെളിവുണ്ടാകണം- ജസ്റ്റിസ് രാധാകൃഷ്ണന്‍ വിധിന്യായത്തില്‍ പറഞ്ഞു.

കേസില്‍ സഹകരണസ്ഥാപനങ്ങള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ കെ പത്മനാഭന്‍നായരും സര്‍ക്കാരിനായി സ്റ്റാന്‍ഡിങ് കോണ്‍സല്‍ രമേശ്ബാബുവും ഹാജരായി.

deshabhimani

No comments:

Post a Comment