Monday, February 13, 2012

വിവരാവകാശം കാറ്റില്‍ പറത്താന്‍ ഉദ്യോഗസ്ഥരുടെ പുതിയ തന്ത്രം

ചോദ്യം ഒന്ന്; ഉത്തരം ആയിരത്തിലേറെ

വിവരാവകാശപ്രകാരം ഒരപേക്ഷ നല്‍കിയാല്‍ ആയിരക്കണക്കിന് മറുപടി. ഉത്തരം നല്‍കാന്‍ തല്‍ക്കാലം നിവൃത്തിയില്ല എന്ന് മിക്കതിന്റെയും ഉള്ളടക്കം. അതല്ലെങ്കില്‍ വിശദാംശങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിക്കുംവിധം മറുപടികളുടെ പ്രവാഹം. ഉത്തരം വായിച്ചുതീര്‍ക്കാന്‍ മാസങ്ങളെടുക്കും. അധികൃതര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചോദ്യങ്ങള്‍ക്ക് വിവരാവകാശ പ്രകാരം ഉത്തരം തേടിയാലുള്ള ഗതികേടാണിത്. നവംബര്‍ 24ന് സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കായികാധ്യാപകരുടെ നിയമനം സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടി ആയിരത്തിലേറെ. തപാലില്‍ ഇപ്പോഴും മറുപടി വന്നുകൊണ്ടിരിക്കുന്നു. അപേക്ഷ നല്‍കി ഒരുമാസത്തിനുശേഷവും മറുപടി ലഭിക്കാത്തതിനാല്‍ അപേക്ഷകന്‍ ഡയറക്ടറുടെ ഓഫീസിലേക്ക് ഫോണില്‍ ബന്ധപ്പെട്ടു. വിവരം ഉടന്‍ തപാലില്‍ അയക്കുമെന്ന് മറുപടി. തപാലില്‍ എത്തിയ ആദ്യ മറുപടിയുടെ ഉള്ളടക്കം ഇങ്ങനെ: "ആവശ്യപ്പെട്ട വിവരങ്ങള്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും താങ്കളെ അറിയിക്കുന്നതാണ്". ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാരും ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാരും ആയിരക്കണക്കിന് ഹെഡ്മാസ്റ്റര്‍മാരും ചോദ്യത്തിന് മറുപടി അയക്കാന്‍ തുടങ്ങി. ദിനംപ്രതി നൂറുകണക്കിന് മറുപടികളാണ് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നത്. വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയാല്‍ ഇതായിരിക്കും ശിക്ഷയെന്ന മുന്നറിയിപ്പാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ ഓഫീസ് നല്‍കന്നത്.

കോഴിക്കോട്ട് ഗവ. എന്‍ജിനിയറിങ് കോളേജില്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നടന്ന പൊലീസ് വെടിവയ്പിനെ കുറിച്ച് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിന്റെ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫീസില്‍ നല്‍കിയ അപേക്ഷയ്ക്കും മറുപടി ഇപ്രകാരമായിരുന്നു. ജയകുമാറിന്റെ ഓഫീസിലാണ് അപേക്ഷ നല്‍കിയതെങ്കിലും മറുപടി വന്നത് 10 സെക്ഷനുകളില്‍ നിന്നും. "നിങ്ങള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഈ ഓഫീസില്‍ ലഭ്യമല്ലെന്നും പരാതിയുണ്ടെങ്കില്‍ ഒരുമാസത്തിനകം നല്‍കണമെന്നുമുള്ള" മറുപടിയാണ് പത്തിടത്തുനിന്നും ലഭിച്ചത്. ഇതേ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചെങ്കിലും ഇതുവരെ മറുപടിയില്ല.

സെക്രട്ടറിയറ്റിലെ റവന്യൂവകുപ്പിന്റെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് രണ്ടുമാസംമുമ്പ് വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലും സ്ഥിതി ഇതുതന്നെ. ആദ്യം 14 ജില്ലാ കലക്ടര്‍മാരില്‍നിന്നും മറുപടി വന്നു. തുടര്‍ന്ന് നൂറുകണക്കിന് താലൂക്ക് ഓഫീസുകളില്‍നിന്നും മറുപടികള്‍ പ്രവഹിച്ചുതുടങ്ങി. ഇതില്‍ ദേവികുളം തഹസില്‍ദാര്‍ നല്‍കിയ മറുപടി ഇങ്ങനെ: "ചോദ്യാവലിക്ക് മറുപടി ആവശ്യപ്പെടുക വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല". സംസ്ഥാനത്തെ ആനക്കൊമ്പുവേട്ടയെ സംബന്ധിച്ച് വനം-വന്യജീവി വകുപ്പിലെ സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് ഒരു മാസം മുമ്പ് നല്‍കിയ അപേക്ഷയ്ക്കും ഇപ്രകാരം മറുപടി പ്രവഹിക്കുന്നു. സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ ഓഫീസുകളും വിവരാവകാശനിയമത്തെ കാറ്റില്‍പറത്തുന്നതിന് തെരഞ്ഞെടുത്തിരിക്കുന്ന് ഈ രീതിയാണ്. ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിര്‍ണായകനിയമമാണ് ഇതിലൂടെ അവഹേളിക്കപ്പെടുന്നത്. ഉത്തരം തപാലില്‍ നല്‍കാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കുറ്റകരമായ ധനദുര്‍വിനിയോഗവും ഇതോടെ വെളിപ്പെടുന്നു. സ്റ്റാമ്പിനും കവറിനും കടലാസിനും അനുബന്ധച്ചെലവുകള്‍ക്കുമായി സര്‍ക്കാരിന്റെ പണവും പാഴാക്കുകയാണ് ഉദ്യോഗസ്ഥര്‍ .
(വി ഡി ശ്യാംകുമാര്‍)

deshabhimani 130212

1 comment:

  1. ആവശ്യമായ രേഖകള്‍ ഓഫീസില്‍ വന്നു പരിശോധിച്ചു കൊള്ളുവാന്‍ മറുപടി പറയുന്ന പ്രവണതയും വര്‍ദ്ധിച്ചിട്ടുണ്ട്. കാസര്‍കോഡുള്ള ഒരാള്‍ തിരുവനന്തപുരത്ത് ചെന്ന് രേഖകള്‍ (സര്‍ക്കാര്‍ ഓഫീസിലെ!!) പരിശോധിക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ട് തന്നെയാണ് മറുപടി നല്‍കുവാതിരിക്കുവാനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുന്നത്.
    തൃശ്ശൂരില്‍ ഒരാനയെ ഒരു കണ്ണിന്റെ കാഴ്ചശക്തിയെ ചൊല്ലി നിരോധിച്ചതുമായി ബന്ധപ്പെട്ട് ഡി.എഫ്.ഓക്ക് നല്‍കിയ അപേക്ഷയില്‍ ഇപ്രകാരം ചോദ്യം ഉണ്ടായിരുന്നു വത്രെ.
    ഇരു കണ്ണിനും കാഴ്ചയില്ലാത്ത ആനയെ താങ്കളുടെ അധികാര പരിധിയില്‍ എഴുന്നള്ളിച്ചിട്ടുണ്ടോ?/ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?
    ആനയുടെ കാഴ്ച ശക്തി തിരിച്ചറിയുവാന്‍ താങ്കള്‍ വൈദ്യശാസ്ത്രത്താല്‍ അംഗീകൃതമായ എന്തെങ്കിലും പ്രത്യേക ഉപകരണം ഉപയോഗിക്കുന്നുണ്ടോ?

    നേരിട്ടുള്ള ഓഫീസില്വ് വന്നു പരിശോധിക്കുവാന്‍ മറുപടി ലഭിച്ചുവത്രെ.
    രസകരമായ സംഭവം ഈ ആനക്ക് ഒരുകണ്ണിനു അല്പം കാഴ്ചക്കുറവുണ്ടെന്നേ ഡോക്ടര്‍മാരുടെ സംഘം തന്നെ പരിശോധിച്ച് പറഞ്ഞിട്ടുള്ളൂ. ഇതേ ഡി.എഫ്.ഓയുടെ പരിധിയില്‍ വരുന്ന പ്രദേശത്ത് രണ്ടു കണ്‍നിനും കാഴ്ചയില്ലാത്ത ആനകളെ യഥേഷ്ടം ഉത്സവങ്ങള്‍ക്ക് എഴുന്നള്ളിക്കുന്നുണ്ടെന്ന് അറിയുമ്പോളാണ്!!

    എന്താ‍യാലും ഉദ്ധിഷ്ടകാര്യത്തിനു ഉപകാര സ്മരണ നടത്തിയെന്ന വാചകം ഓര്‍മ്മവരുന്നു. കേരളത്തിലെ ഏറ്റവും ഡിമാന്റുള്ള ആ ആന ഒരു സീസണില്‍ മുഴുവന്‍ പൂരത്തില് പങ്കെടുത്തില്ല. കോടതി അനുമതിയോടെ ഇന്ന് ഉത്സവപ്പറമ്പുകളില്‍ അവന്‍ അണിനിരക്കുന്നു.

    ReplyDelete