Saturday, January 9, 2021

‘യുപിയിൽ നിയമവാഴ്‌ച തകർന്നു, സ്‌ത്രീകൾക്കും ദളിതർക്കും എതിരെ ദിവസവും അതിക്രമങ്ങൾ' : സുഭാഷിണി അലി

നിയമവാഴ്‌ച പൂർണമായും ഇല്ലാതായ ഉത്തർപ്രദേശിൽ കാട്ടുനീതിയാണ്‌ നടപ്പാക്കുന്നതെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം സുഭാഷിണിഅലി. ബദായൂമിൽ അങ്കണവാടി ജീവനക്കാരിയെ പൂജാരിയും കൂട്ടാളികളും കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത്‌ ആദിത്യനാഥ്‌ സർക്കാരിന്റെ നെറ്റിയിലെ തീരാകളങ്കമായി മാറിയെന്നും സുഭാഷിണി അലി ലഖ്‌നൗവിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സംസ്ഥാനത്ത്‌ സ്‌ത്രീകൾക്കും ദളിതർക്കും എതിരെ ദിവസവും അതിക്രമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌. ഇത്‌ തടയാൻ ശ്രമിക്കാതെ പ്രതിപക്ഷത്തെയും രാഷ്ട്രീയഎതിരാളികളെയും അടിച്ചമർത്താനാണ്‌  സർക്കാരിന്‌ ഉത്സാഹം. ഭരണഘടനാവിരുദ്ധമായ നിയമനിർമാണങ്ങൾ നടത്തിയും വ്യാജ കേസുകൾ കെട്ടിച്ചമച്ചും അന്യായമായി ആളുകളെ തടങ്കലിലാക്കിയും ജനാധിപത്യ, ഭരണഘടനാമൂല്യങ്ങൾ  പൂർണമായും ഇല്ലാതാക്കുകയാണ്‌ ലക്ഷ്യം.

ഗാസിയാബാദിലെ മുറാദ്‌നഗറിൽ ശ്‌മശാനം തകർന്ന്‌ 24 പേർ മരിച്ചത്‌ സർക്കാരിന്റെ അഴിമതിക്കുള്ള ഒന്നാന്തരം തെളിവാണ്‌. കർഷകരുടെ ആദായം വർധിപ്പിച്ചെന്ന്‌ അവകാശപ്പെടുന്ന സർക്കാർ തുച്ഛമായ വിലയ്‌ക്ക്‌ വിളകൾ വിൽക്കാൻ അവരിൽ ബലം പ്രയോഗിക്കുന്നുഅവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന കർഷകർക്കും കർഷകസംഘടനാനേതാക്കൾക്കും എതിരെ ഗുണ്ടാആക്റ്റ്‌ ചുമത്തി കേസെടുക്കുന്നു‌. ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാൻ പുരോഗമന ചിന്താഗതിക്കാരായ എല്ലാവരും രംഗത്തിറങ്ങണമെന്നും സുഭാഷിണി അലി ആവശ്യപ്പെട്ടു.

ബദായൂം കൂട്ടബലാത്സംഗക്കൊല : കുടുംബത്തിന്‌ നഷ്ടപരിഹാരം നൽകണം: സിഐടിയു

യുപിയിലെ ബദായൂമിൽ കൂട്ടബലാത്സംഗംചെയ്‌തു ‌കൊന്ന അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന്‌ മതിയായ നഷ്ടപരിഹാരം നൽകണമെന്ന്‌ അഖിലേന്ത്യ ഫെഡറേഷൻ ഓഫ്‌ അംഗൻവാടി വർക്കേഴ്‌സ്‌ ആൻഡ്‌ ഫെഡറേഷൻ(സിഐടിയു) ആവശ്യപ്പെട്ടു. രാജ്യമെമ്പാടും പ്രതിഷേധിക്കാൻ ഫെഡറേഷൻ ആഹ്വാനം ചെയ്‌തു. കേസ്‌ അതിവേഗ കോടതിയിൽ വിചാരണ നടത്തണം. ഇരയുടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഫെഡറേഷൻ പ്രസിഡന്റ്‌ ഉഷാറാണിയും ജനറൽ സെക്രട്ടറി എ ആർ സിന്ധുവും ആവശ്യപ്പെട്ടു. നേതാക്കൾ  കുടുംബാംഗങ്ങളെ സന്ദർശിച്ചു‌. എഡിഎമ്മിനെ കണ്ട്‌ നിവേദനം നൽകി.

സ്‌ത്രീ ഒറ്റയ്‌ക്ക്‌ ക്ഷേത്രത്തിൽ പോയതാണ്‌ ദുരന്തത്തിന്‌ കാരണമായതെന്ന്‌ പറഞ്ഞ ദേശീയ വനിത കമീഷൻ അംഗം ചന്ദ്രമുഖീ ദേവിയെ തൽസ്ഥാനത്തുനിന്ന്‌ നീക്കണമെന്ന്‌ ഫെഡറേഷൻ ആവശ്യപ്പെട്ടു. ഇരയുടെ കുടുംബാംഗത്തിന്‌ ജോലി നൽകണം. നിയമപോരാട്ടത്തിൽ ‌ എല്ലാ സഹായവും നൽകുമെന്നും നേതാക്കൾ പറഞ്ഞു.

No comments:

Post a Comment