Friday, May 28, 2021

ശാരദാമണി: സ്ത്രീപഠന മേഖലയ്ക്ക് നഷ്ടമായത് കരുത്തുറ്റ നേതാവിനെ

കൊച്ചി> ഡോ . കെ ശാരദാമണിയുടെ നിര്യാണത്തോടെ ഇന്ത്യയിലെ സ്ത്രീപഠന മേഖലയ്ക് കരുത്തുറ്റൊരു നേതാവിനെയാണ് നഷ്ടമായതെന്ന് ഇന്ത്യൻ അസോസിയേഷൻ ഫോർ വിമെൻസ് സ്റ്റഡീസ് അഭിപ്രായപ്പെട്ടു.

സമ്പദ്ഘടനയിലെ സ്ത്രീകളുടെ സംഭാവന, ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലെ സ്ത്രീ പക്ഷസമീപനം, ജാതി-ലിംഗപദവി ബന്ധങ്ങൾ, സ്ത്രീകൾ അനുഭവിക്കുന്ന അടിച്ചമർത്തലുകൾ , വീട്ടിനുള്ളിലെ അദ്ധ്വാന -ലിംഗപദവി ബന്ധങ്ങൾ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളിലെ സ്ത്രീ വാദവിശകലനങ്ങൾക്ക് തുടക്കം കുറിച്ച മാർഗദർശി ആയിരുന്നു ഡോ .ശാരദാമണി. ഇന്ത്യൻ അസോസിയേഷൻ ഫോർ വിമൻസ് സ്റ്റഡീസ് രൂപീകരിക്കാനുള്ള പ്രവർത്തനങ്ങളിൽ പങ്കെടുത്ത അവർ സംഘടനയുടെ ഒന്നാം ദേശീയ സമ്മേളനം മുതൽ ആജീവനാന്ത അംഗമായി സജീവപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു-അസോസിയേഷൻ  പ്രസിഡന്റ് ഡോ ഇഷിതാ മുഖോപാധ്യായയും  ജനറല്‍ സെക്രട്ടറി മിനി സുകുമാറും അനുശോചന കുറിപ്പില്‍ പറഞ്ഞു.

കുടുംബം, ഗൃഹ വ്യവസ്ഥകൾ തുടങ്ങിയ സങ്കല്പനങ്ങളെ സ്ത്രീവാദ സമീപനങ്ങളിലൂടെ വിശകലനാത്മകമായി സമീപിച്ച ആദ്യകാല സംരംഭമായ 1984 -ലെ ഏഷ്യൻ - തെക്കനേഷ്യൻ രാജ്യാന്തര സമ്മേളനത്തിന്റെ പ്രധാന സംഘാടകയായിരുന്നു. കേരളത്തിലെ അടിമജാതികളായ പുലയരുടെ ആവിർഭാവം , മരുമക്കത്തായതിന്റെ രൂപാന്തരം തുടങ്ങിയ സുപ്രധാന ഗവേഷണ കൃതികളിലൂടെ കേരളത്തിലെ സ്ത്രീ പഠന - ദളിത് പഠന ഗവേഷണങ്ങൾക്ക് തുടക്കം കുറിച്ചു . കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയവുമായി ചേർന്ന് നിന്നുകൊണ്ടുതന്നെ ശക്തമായ സാമൂഹ്യ- രാഷ്ട്രീയ വിമര്ശനങ്ങൾ ഉയർത്തി . ചെറുപ്പക്കാരായ ഗവേഷകർക്കും സ്ത്രീവാദ - സാമൂഹ്യ പ്രവർത്തകർക്കും ശക്തമായ പിന്തുണയും പ്രോത്സാഹനവും സ്നേഹവും നൽകിക്കൊണ്ട് പ്രസാദാത്മകമായ സാന്നിധ്യമായി നിലകൊണ്ടു . സമ്പൂർണമായ ഒരു ജീവിതത്തിലൂടെ സമൂഹത്തിനു ഗണ്യമായ സംഭാവനകൾ നൽകി. ഡോ . ശാരദാമണിയെക്കുറിച്ചുള്ള   ഓർമകൾ ഞങ്ങൾ വിലപ്പെട്ടതായി കരുതുന്നു.

ശാരദാമണി പാരിസിലെ സോർബോൺ സർവകലാശാലയിൽ നടത്തിയ പി എച്  ഡി ഗവേഷണത്തിന്റെ ഫലമാണ് 'കേരളത്തിലെ അടിമജാതികളായ പുലയരുടെ ആവിർഭാവം' എന്ന കൃതി. കേരളത്തിലെ മരുമക്കത്തായ വ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ , സ്ത്രീകളുടെ സ്വത്തവകാശം , ദായക്രമം , ഭൂമിയുടെ അവകാശ ബന്ധങ്ങളിലുണ്ടായ മാറ്റം എന്നിവയുടെ അന്യോഅന്യ ബന്ധങ്ങൾ വിശകലനം ചെയ്യുന്ന 'മരുമക്കത്തായത്തിന്റെ  രൂപാന്തരം ' കേരളത്തിലെ ലിംഗപദവി പഠനങ്ങൾക്ക് വഴികാട്ടിയായി. 1980 കളിൽ  പ്രമുഖ സ്ത്രീവാദ സാമ്പത്തിക വിദഗ്ധരായ ദേവകി ജെയിൻ , മൈത്രേയി കൃഷ്ണരാജ് എന്നിവരോടൊപ്പം നാല് സുപ്രധാന ദേശീയ ശില്പശാലകളിൽ പങ്കാളിയായി . 'സ്ത്രീകളും തൊഴിലും , സ്ത്രീകളും ദാരിദ്ര്യവും , സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തവും ജീവിതവൃത്തിയിലെ മാറ്റങ്ങളും , സ്ത്രീകളും സാങ്കേതിക വിദ്യയും  എന്ന ഈ നാല് ശില്പശാലകൾ വളരെ പ്രാധാന്യമുള്ളവയാണ് . ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ ദീർഘകാല ഔദ്യോഗിക ജോലിയിലും പ്ലാനിങ് കമീഷൻ മീറ്റിംഗുകളിലും ശാരദാമണി നടത്തിയ ശക്തമായ സ്ത്രീപക്ഷ ഇടപെടലുകൾ നയവിദഗ്ധരും  രാഷ്ട്രീയപ്രവർത്തകരും ശ്രദ്ധാപൂർവം കണക്കിലെടുത്തു

ശാരദാമണിയുടെ ഏറ്റവും ശ്രദ്ധേയമായ സംഭാവന, ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ-അദ്ധ്വാന ബന്ധങ്ങളെ ഗവേഷണങ്ങളിലൂടെ  ദൃശ്യമാക്കിയതും സ്ത്രീകളുടെ കൂലിവേലയും കൂലിയില്ലാ അദ്ധ്വാനവും സമ്പത്ഘടനയിൽ പ്രധാനമാണെന്ന് സ്ഥാപിച്ചെടുത്തതുമാണ് . 1990 കളിൽ കൃഷി , ഡയറി , സെറികൾച്ചർ വകുപ്പുകളിൽ ജെൻഡർ ട്രെയിനിങ് നടപ്പാക്കാൻ മുൻ കൈയെടുത്തതും എടുത്തു പറയേണ്ടതാണ് .

ഇന്ത്യയിലെ മുൻനിര ഫെമിനിസ്റ്റും സാമ്പത്തിക ശാസ്ത്രജ്ഞയും എന്ന നിലയിൽ ഡോ. ശാരദാമണി എക്കാലവും ഓർമ്മിക്കപ്പെടും. ഇന്ത്യയിലെ സ്ത്രീപഠന പ്രസ്ഥാനവും സ്ത്രീ വാദികളുടെ നിരവധി തലമുറകളും എക്കാലവും ശാരദാമണിയെ സ്മരിക്കുമെന്ന് അനുശോചന കുറിപ്പില്‍ പറഞ്ഞു.

No comments:

Post a Comment