ഹാഥ്‌രസിൽ കൂട്ടബലാത്സംഗം ചെയ്‌തുകൊന്ന പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ നടന്ന പ്രതിഷേധം. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ
ഹാഥ്‌രസില്‍ ദളിത് പെണ്‍കുട്ടിയെ മേല്‍ജാതിക്കാര്‍ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത് തേച്ചുമായ്ച്ചുകളയാനുള്ള യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കത്തിൽ രാജ്യവ്യാപകമായി രോഷം അണപൊട്ടി. മൃതദേഹം രഹസ്യമായി കത്തിച്ചുകളഞ്ഞതിനു പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തെ രണ്ടുദിവസം മാധ്യമങ്ങളില്‍നിന്ന് മറച്ച് പൊലീസ് കാവലില്‍ വച്ചു. ദേശീയതലത്തില്‍ സമ്മര്‍ദം ശക്തമായതോടെ സര്‍ക്കാര്‍ മുട്ടുമടക്കി. മുഖംരക്ഷിക്കാനായി ഹാഥ്‌രസ് ജില്ലാ പൊലീസ് മേധാവി അടക്കം അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തു. മാധ്യമങ്ങളെ കാണാന്‍ ശനിയാഴ്‌ച വൈകിട്ട് പെണ്‍കുട്ടിയുടെ ബന്ധുക്കളെ അനുവദിച്ചു. രാഹുല്‍ഗാന്ധിയും പ്രിയങ്കയും രാത്രി എട്ടോടെ പെൺകുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു.
സംഭവത്തിൽ സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശുപാർശ ചെയ്‌തു. സിബിഐയിൽ വിശ്വാസമില്ലെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പെൺകുട്ടിയുടെ സഹോദരൻ വ്യക്തമാക്കി. ആദിത്യനാഥിന്റെ ഏകപക്ഷീയ നടപടിയില്‍ ബിജെപിക്ക് ഉള്ളിലും എതിര്‍സ്വരമുയര്‍ന്നു.
വാൽമീകി സമുദായം തെരുവിൽ ഇറങ്ങിയയോടെ ആഗ്രയിൽ അടക്കം പല ഭാഗത്തും സംഘർഷമുണ്ടായി. ശുചീകരണജോലി ബഹിഷ്‌കരിക്കുമെന്ന് വാൽമീകി സമുദായം പ്രഖ്യാപിച്ചു. ഡൽഹി, കൊൽക്കത്ത ഉൾപ്പെടെ പ്രധാനനഗരങ്ങളിൽ ആയിരങ്ങൾ പ്രതിഷേധിച്ചു. ഗാന്ധിജയന്തി ദിനത്തിൽ ഡൽഹി ജന്തർ മന്ദറിൽ നൂറുകണക്കിനുപേർ പ്രതിഷേധത്തിൽ അണി ചേർന്നു. കത്തിച്ച മെഴുകുതിരികളുമായി റാലി നടത്തി. ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയപാർടികളും യുവജന–-മഹിള സംഘടനകളും സാമൂഹ്യപ്രവർത്തകരും പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
ഉമാഭാരതി അടക്കമുള്ള ബിജെപി നേതാക്കളും യോഗിസര്‍ക്കാരിനെതിരെ പരസ്യപ്രതികരണം നടത്തി. ദളിത് എംപിമാരും എംഎൽഎമാരും ശക്തമായ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി. പെൺകുട്ടി ബലാത്സംഗത്തിന് വിധേയയായിട്ടില്ലെന്ന് നിയമവിരുദ്ധ പ്രസ്‌താവന നടത്താൻപോലും പൊലീസ് മുതിർന്നു. സ്വമേധയാ കേസെടുത്ത അലഹബാദ് ഹൈക്കോടതി ഉയർന്ന റവന്യൂ–-പൊലീസ് അധികാരികൾ 12ന് ഹാജരാകണമെന്ന് നിര്‍ദേശിച്ചു. കേസ് ശരിയായി അന്വേഷിക്കുകയാണെന്നും പ്രത്യേകസംഘത്തിന്റെ റിപ്പോർട്ട് ഞായറാഴ്‌ച വൈകിട്ട് ലഭിക്കുമെന്നും ഡിജിപി എച്ച് സി അവസ്‌തി, അഡീഷണൽ ചീഫ് സെക്രട്ടറി(ആഭ്യന്തരം) അവനീഷ് കുമാർ അവസ്‌തി എന്നിവർ കുടുംബാംഗങ്ങളെസന്ദർശിച്ച് അറിയിച്ചു.
സംസ്‌കരിച്ചത് ഏത് മൃതദേഹം
ആരുടെ മൃതദേഹമാണ് കത്തിച്ചതെന്ന് ഹാഥ്‌രസിലെ പെൺകുട്ടിയുടെ സഹോദരൻ ചോദിച്ചു. "എന്റെ സഹോദരിയുടെ മൃതദേഹം തന്നെയാണോ അവർ കത്തിച്ചുകളഞ്ഞതെന്ന് സംശയമുണ്ട്. അവളെ അവസാനമായി കാണണമെന്ന് പൊലീസിനോടും മറ്റ് അധികാരികളോടും കേണപേക്ഷിച്ചതാണ്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ചോദിച്ചു. ഇംഗ്ലീഷിൽ ആയതിനാൽ നിങ്ങൾക്ക് വായിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അത് നിഷേധിച്ചു'–-സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഹാഥ്‌രസിലെ ബലാത്സംഗക്കൊല : കുടുംബത്തെ ‘പൂട്ടിയിട്ട്’ പൊലീസ്
ഹാഥ്‌രസിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തെ യുപി സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്ന് മറച്ചുപിടിച്ചത് രണ്ടുദിവസം. കുടുംബാംഗങ്ങളെ വീടിനുപുറത്തിറങ്ങാന്‍ പൊലീസ് അനുവദിച്ചില്ല. മൊബൈൽ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചു. അവരെ കാണാനെത്തിയ എംപിയെയും രാഷ്ട്രീയനേതാക്കളെയും ഗ്രാമത്തിന് പുറത്ത് തടഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് അടക്കമുള്ളവർ ഇവരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് കുടുംബത്തെ ‘പൂട്ടിയിട്ടത്’.
പൊലീസ് രണ്ടുദിവസം വീട്ടിൽ തടഞ്ഞുവച്ചെന്ന് പെൺകുട്ടിയുടെ സഹോദരൻ ശനിയാഴ്‌ച പറഞ്ഞു. വീടിനുള്ളിലും പൊലീസുകാരുണ്ടായിരുന്നു. മൊബൈൽ ഉദ്യോഗസ്ഥർ വാങ്ങി പരിശോധിച്ചു. കേസ് ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ അധികാരിയുടെ ഭാഗത്തുനിന്ന് സമ്മർദമുണ്ടായെന്നും ബന്ധുക്കള്‍ പറഞ്ഞു. 48 മണിക്കൂർ അടച്ചിട്ട ഗ്രാമ അതിർത്തി ശനിയാഴ്‌ച രാവിലെ തുറന്നു.
പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാനെത്തിയ തൃണമൂൽ എംപിമാരായ ഡെറിക് ഒബ്രിയാനും പ്രതിമ മൊണ്ഡലും വെള്ളിയാഴ്‌ച പൊലീസിന്റെ കൈയേറ്റത്തിനിരയായി. പെൺകുട്ടിയുടെ വീട്ടിലേക്ക് പോകാൻശ്രമിച്ച എബിപി ന്യൂസ് റിപ്പോർട്ടറെയും ക്യാമറാമാനെയും പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. ഇന്ത്യടുഡേ റിപ്പോർട്ടർ തനുശ്രീപാണ്ഡെ പെൺകുട്ടിയുടെ സഹോദരനോട് ഫോണിൽ സംസാരിച്ചത് ബിജെപി അനുകുല ഓൺലൈൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ഫോൺസംഭാഷണം പൊലീസ് ചോർത്തി പുറത്തുവിട്ടതാണെന്ന് ഇന്ത്യടുഡേ ഗ്രൂപ്പ് പ്രസ്‌താവനയില്‍ പറഞ്ഞു.
എസ്‌പിയടക്കം 5 പേർക്ക് സസ്‌പെൻഷൻ
ഹാഥ്‌രസിലെ ദളിത് പെൺകുട്ടിയുടെ ബലാത്സംഗക്കൊലയില്‍ യുപി പൊലീസിന്റെ ദുരൂഹ നടപടികളില്‍ രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ എസ്‌പി അടക്കം അഞ്ച് പൊലീസുകാർക്ക് സസ്‌പെൻഷൻ. ഹാഥ്‌രസ് എസ്‌പി വിക്രാന്ത് വീർ, സർക്കിൾ ഓഫീസർ രാംശബ്‌ദ്, ഇൻസ്‌പെക്‌ടർ ദിനേഷ് കുമാർ വർമ, സബ് ഇൻസ്‌പെക്‌ടർ ജഗ്‌വീർസിങ്, ഹെഡ് കോൺസ്‌റ്റബിൾ മഹേഷ്‌പാൽ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. ഇവരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് പ്രത്യേക അന്വേഷണസംഘം പ്രാഥമിക റിപ്പോർട്ട് നല്‍കിയെന്ന് യുപി സര്‍ക്കാര്‍ പറയുന്നു.
അറസ്‌റ്റിലായ പ്രതികള്‍ക്കൊപ്പം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെയും പോളിഗ്രാഫ്, നാർക്കോ അനാലിസിസ് പരിശോധനകൾക്ക് വിധേയമാക്കുമെന്നും സർക്കാർ വക്താവ് പറഞ്ഞു. ബലാത്സംഗം നടന്നുവെന്ന് പറഞ്ഞതിന്റെ പേരിലാണ് കുടുംബാംഗങ്ങളുടെ നുണപരിശോധന.
ഉദ്യോഗസ്ഥർ മുമ്പും ആരോപണവിധേയർ
കുടുംബത്തിന്റെ അനുമതിയില്ലാതെ മൃതദേഹം സംസ്‌കരിച്ച എസ്‌പി വിക്രാന്ത് വീർ ഉന്നാവോ കൂട്ടബലാത്സംഗക്കേസിലും സമാന ആരോപണം നേരിട്ടു. ഉന്നാവോ പെൺകുട്ടിയെ പ്രതികൾ തീവച്ചുകൊന്ന സംഭവത്തിൽ മൃതദേഹം വിട്ടുനല്‍കാന്‍ അന്ന് ഉന്നാവോ എസ്‌പി ആയിരുന്ന വിക്രാന്ത് അനുവദിച്ചില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു.
ഹാഥ്‌രസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് അവകാശപ്പെട്ട എഡിജി(ക്രമസമാധാനം) പ്രശാന്ത് കുമാറും വിവാദ നായകനാണ്. ഡിസംബറിൽ മീററ്റിലും മുസഫർനഗറിലും പൊലീസ് നടപടിയിൽ ഏഴ് പൗരത്വവിരുദ്ധ പ്രക്ഷോഭകർ കൊല്ലപ്പെട്ടപ്പോൾ പ്രശാന്ത് കുമാറിനായിരുന്നു ചുമതല. ജില്ലാ മജിസ്‌ട്രേറ്റായ പ്രവീൺകുമാർ ലാക്‌സ്‌കർ പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തുന്ന ദൃശ്യം പുറത്തുവന്നിരുന്നു. മാർച്ചിൽ കോവിഡ് മാനദണ്ഡത്തിന്റെ പേരില്‍ ജില്ലയിലെ പള്ളികളിൽ ബാങ്ക് വിളിക്കുന്നത് ഇയാൾ നിരോധിച്ചത് വിവാദമായി. ഇതിനിടെ, അലഹബാദ് ഹൈക്കോടതി ഹാഥ്‌രസ് സംഭവത്തില്‍ സ്വമേധയാ കേസെടുത്തു.
ബംഗാളിൽ 2 ബലാത്സംഗക്കൊല; ബിഹാറിൽ ദളിത് പെൺകുട്ടി, മധ്യപ്രദേശിൽ ദളിത് യുവതി
പശ്‌ചിമ ബംഗാളിലെ പശ്‌ചിമ മേദിനിപ്പുർ ജില്ലയിൽ രണ്ടുയുവതികളെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തി. ഡംബർ, ഘട്ടർ എന്നിവിടങ്ങളിലാണ് ദരിദ്ര കുടുംബങ്ങളിലെ പെൺകുട്ടികളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. 18 വയസുള്ള പെൺകുട്ടിയും ചെറുപ്പക്കാരിയായ വീട്ടമ്മയുമാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൃതദേഹം വീടുകൾക്കടുത്തുള്ള വയലിൽനിന്നാണ് കണ്ടെത്തിയത്.
ബിഹാറിൽ ദളിത് പെൺകുട്ടി
ബിഹാറിലെ ഗയയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്‌തു. മൃതദേഹം ഗയ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടം നടത്തി. ഉത്തർപ്രദേശിലെ ബലിയയിൽ 15 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തു. ബലിയക്കു സമീപം സിക്കന്ദർപുരിലാണ് സംഭവം.
മധ്യപ്രദേശിൽ ദളിത് യുവതി
മധ്യപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ ദളിത് യുവതി ആത്മഹത്യ ചെയ്‌തു. സംഭവത്തിൽ പൊലീസുകാരൻ അറസ്റ്റിൽ. നാലു ദിവസംമുമ്പ് നൽകിയ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തതിനെത്തുടർന്ന് വെള്ളിയാഴ്‌ചയാണ് മുപ്പത്തിരണ്ടുകാരി ആത്മഹത്യ ചെയ്‌തത്.


No comments:
Post a Comment