ലഖ്‌നൗ > ഹാഥ്‌രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെ വിവാദ പ്രസ്‌താവനയുമായി ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗ്. ബൈരിയ മണ്ഡലത്തിലെ എംഎല്‍എയാണ് ഇയാള്‍.
‘പെണ്‍കുട്ടികളെ നല്ലരീതിയില്‍ സംസ്‌ക്കാരത്തോടെ വളര്‍ത്തിയാല്‍ ഇതുപോലെയുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം’ എന്നാണ് ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശം. ”എല്ലാ മാതാപിതാക്കളും പെണ്‍മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. സര്‍ക്കാറിന്റെയും നല്ല മൂല്യങ്ങളുടെയും സംയോജനം മാത്രമാണ് രാജ്യത്തെ മനോഹരമാക്കുന്നത്,” ഇയാള്‍ പറഞ്ഞു. സര്‍ക്കാര്‍ സംരക്ഷണം നല്‍കിയാലും പീഡനങ്ങള്‍ അവസാനിക്കില്ല. അതിന് അച്ഛനമ്മമാര്‍ പെണ്‍കുട്ടികള്‍ക്ക് ‘ നല്ല മൂല്യങ്ങള്‍’ പഠിപ്പിച്ച് ‘അടക്ക’ത്തോടെ വളര്‍ത്തണമെന്നാണ് ഇയാള്‍ പറയുന്നത്.
ഹാഥ്‌രാസില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് ദളിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിക്കതിരെ വ്യാപകമായി പ്രതിഷേധം ഉയരുമ്പോഴാണ് ബിജെപി എംഎല്‍എയുടെ വിവാദ പ്രസ്‌താവന. സെപ്‌തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.
കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുട്ടി മരിച്ചത്.
പ്രത്യേക അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുക്കുന്നു; കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷമേ മടങ്ങൂവെന്ന് സിപിഐ എം നേതാക്കൾ
ലഖ്‌നൗ > ഹാഥ്‌രാസിൽ ബലാത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ വീട്ടിൽ പ്രത്യേക അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴി എടുക്കുന്നു. നാല് മണിക്കൂറായി പെൺകുട്ടിയുടെ വീട്ടുകാരിൽനിന്ന് മൊഴി എടുത്തുകൊണ്ടിരിക്കുകയാണ് സംഘം. ഇന്നലെ മുഖ്യമന്ത്രി യോഗി സിബിഐയ്‌ക്ക് കൈമാറിയെന്ന് പ്രഖ്യാപിച്ചെങ്കിലും രാവിലെയോടെ അന്വേഷണസംഘം പെൺകുട്ടിയുടെ വീട്ടിൽ എത്തുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടുകാരെ കോവിഡ് ടെസ്‌റ്റിന് വിധേയമാക്കണമെന്ന് സംഘം ആവശ്യപ്പെട്ടതിനനുസരിച്ച് മെഡിക്കൽ സംഘം എത്തിയിട്ടുണ്ട്. ബന്ധുക്കളെ കാണാനെത്തിയ സിപിഐ എം, സിഐടിയു, മഹിളാ അസോസിയേഷൻ നേതാക്കൾക്ക് ഇതുവരെ ബന്ധുക്കളെ കാണാനോ സംസാരിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കുടുംബാംഗങ്ങളെ കണ്ടശേഷം മാത്രമേ ഹാഥ്‌രാസിൽ നിന്ന് മടങ്ങൂ എന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും അഖിലേന്ത്യാ കിസാൻ സഭ ദേശീയ ജോയിൻ്റ് സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ പറഞ്ഞു. പാർടി കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു ദേശീയ സെക്രട്ടറിയുമായ എ ആർ സിന്ധു, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്, കർഷക തൊഴിലാളി യൂണിയൻ ദേശീയ ജോയിൻ്റ് സെക്രട്ടറി വിക്രം സിങ്ങ്, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ട്രഷറർ പുണ്യവതി, ജോയിൻ്റ് സെക്രട്ടറി ആശാ ശർമ എന്നിവരാണ് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നത്.
(ഹാഥ്‌രാസിൽനിന്ന് ദേശാഭിമാനി ഡൽഹി ബ്യൂറോ ചീഫ് സാജൻ എവുജിൻ)



No comments:
Post a Comment