Friday, January 29, 2010

സിസെക്കിനെ കൊണ്ടുവന്ന സാമന്തബുദ്ധിജീവികള്‍ അറിയാന്‍

"സിദ്ധാന്തം പ്രത്യയശാസ്ത്രമണ്ഡലത്തിലെ വര്‍ഗസമരമാണ്'' -അല്‍ത്തൂസര്‍

കേരളത്തിലെ മധ്യവര്‍ഗ ആധുനികോത്തര ബുദ്ധിജീവികളെ ടാക്സി ഡ്രൈവര്‍മാരും പാശ്ചാത്യബുദ്ധിജീവികളെ, പ്രത്യേകിച്ച് ഫ്രഞ്ച് ദാര്‍ശനികരെ പെട്രോള്‍ പമ്പുമായി ഉപമിച്ചാല്‍ രസകരമായ ഒരു ഭാവനാചിത്രം മനസ്സില്‍ നെയ്തെടുക്കാം. സ്വന്തമായി പെട്രോളോ പെട്രോള്‍ പമ്പോ (മൌലികചിന്ത എന്നു വായിക്കുക) ഇല്ലാത്തവരാണ് നമ്മുടെ ഉത്തരാധുനിക ബുജികളില്‍ മഹാഭൂരിപക്ഷവും. 1990കളില്‍ അവരില്‍ പലരും ദറിദയുടെയും ലോത്യാറിന്റെയും ഫൂക്കോയുടെയും ഹെയ്ഡന്‍ വൈറ്റിന്റെയും ബോദ്രിയാറിന്റെയും ദെല്യൂസിന്റെയും 'പെട്രോള്‍ പമ്പു'കളില്‍ ക്യൂനിന്ന് കലപില കൂട്ടി ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കൌതുകകരമായ വസ്തുത, തൊണ്ണൂറുകളായപ്പോഴേക്കും യൂറോപ്പില്‍ ഇവരുടെ പെട്രോള്‍ പമ്പുകള്‍ പലതും പൂട്ടിപ്പോയിരുന്നു എന്നതാണ്. ഘടനാനന്തരവാദത്തിന്റെയും അതിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത ഉത്തരാധുനികതയുടെയും പെട്രോളടിച്ച് ആനുകാലികങ്ങളിലെ അക്ഷരവീഥികളില്‍ ഹോണടിച്ചും സീല്‍ക്കാരശബ്ദങ്ങളുണ്ടാക്കിയും ആളുകളെ 'ഭയചകിതരാക്കി' അവര്‍ ചീറിപ്പാഞ്ഞു. ഈ മരണപ്പാച്ചിലിനിടയില്‍ "മാര്‍ക്സിസത്തിന്റെ കഥ കഴിഞ്ഞു, വര്‍ഗരാഷ്ട്രീയം കാലഹരണപ്പെട്ടു, ചരിത്രം അവസാനിച്ചു, പ്രത്യയ ശാസ്ത്രം കുഴിച്ചുമൂടപ്പെട്ടു'' എന്നിങ്ങനെ പലതും അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇവരില്‍ ചിലരാണ് പിന്നീട് ഉത്തരാധുനികതയുടെ ദുര്‍ബലമായ ആരൂഢത്തില്‍ പണിതുയര്‍ത്തിയ സ്വത്വരാഷ്ട്രീയത്തിന്റെയും അതില്‍നിന്ന് ഊര്‍ജം സംഭരിക്കുന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ധ്വജവാഹകരും ബൌദ്ധിക സഹായികളുമായി മാറിയത്.

2010 ജനുവരി രണ്ടാംവാരം കൊച്ചി ആര്‍ട്സ് ആന്‍ഡ് ലെറ്റേഴ്സ് ഫൌണ്ടേഷന്‍ "ഇടതുപക്ഷം എങ്ങോട്ട്?'' എന്ന വിഷയത്തില്‍ ഒരു ദ്വിദിന സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. സ്ളൊവേനിയന്‍ ചിന്തകനും ലക്കാനിയന്‍ മാര്‍ക്സിസ്റ്റുമായ സ്ളവോജ് സിസെക്കായിരുന്നു മുഖ്യ പ്രഭാഷകരിലൊരാള്‍. ഇതിന്റെ സംഘാടകരില്‍ ചിലര്‍ (ചിലര്‍മാത്രം) തീവ്ര ഉത്തരാധുനിക ചിന്താസരണികളെ (മാര്‍ക്സിസം എന്നു കേട്ടാല്‍ ഓക്കാനം വരുന്നവര്‍) താലോലിക്കുന്നവരാണ്. ഇവിടെ പ്രത്യേകം ഓര്‍ത്തിരിക്കേണ്ട കാര്യം, 'മാര്‍ക്സിസങ്ങള്‍' പലതുള്ളതുപോലെ ഉത്തരാധുനിക ചിന്താരൂപങ്ങളും പലവിധമുണ്ട് എന്നതത്രേ. ഉത്തരാധുനിക ചിന്താരൂപങ്ങളില്‍ ഉദാരവും യാഥാസ്ഥിതികവും അരാഷ്ട്രീയത പ്രസരിപ്പിക്കുന്നവയും സമൂലപരിവര്‍ത്തനത്വരയുള്ളവയും ഉണ്ട്. ചില ഉത്തരാധുനിക ചിന്താധാരകളുമായി (ഉദാഹരണത്തിന്, റെസിസ്റ്റന്‍സ് പോസ്റ്റ് മോഡേണിസം) മാര്‍ക്സിസ്റുകാര്‍ക്ക് സംവദിക്കാനും അവ നല്‍കുന്ന ഉള്‍ക്കാഴ്ചകളെ മാര്‍ക്സിസ്റ്റ് പ്രയോഗത്തിനുവേണ്ടി വിനിയോഗിക്കാനും കഴിയുമെന്ന് അശ്ളീലമാര്‍ക്സിസത്തെ (vulgar marxism) തിരസ്കരിക്കുന്ന മാര്‍ക്സിസ്റ്റ് സൈദ്ധാന്തികര്‍ നിരീക്ഷിച്ചിട്ടുണ്ട്. (നമ്മുടെ പാവം അധിനിവേശ 'പ്രതിരോധഭട'ന്മാര്‍ അശ്ളീലമാര്‍ക്സിസത്തിന്റെ ചതുപ്പില്‍നിന്ന് കരകയറിയിട്ടില്ല. അതിനവര്‍ക്ക് ആവുമെന്നും തോന്നുന്നില്ല)

യാഥാസ്ഥിതിക ഉത്തരാധുനികവാദികള്‍ സാംസ്കാരികപാഠങ്ങളെ അങ്ങേയറ്റം സങ്കുചിതമായും അരാഷ്ട്രീയമായും വിശകലനംചെയ്യുകയും സാമൂഹ്യവിഭജനങ്ങളെയും സ്ഥാപനവല്‍കൃത അധികാരകേന്ദ്രങ്ങളെയും സമര്‍ഥമായി മൂടിവയ്ക്കുകയും ചെയ്യുന്നു. ഇവര്‍ രാഷ്ട്രീയത്തെ വാചകക്കസര്‍ത്തായും ചരിത്രത്തെ പാഠപരതയായും ചുരുക്കുന്നു. മാത്രമല്ല, പരിവര്‍ത്തനാത്മകമായ ഒരു സാമൂഹ്യപ്രയോഗത്തിന്റെ അടിസ്ഥാനം അവര്‍ മുന്നോട്ടുവയ്ക്കുന്നുമില്ല. അശ്ളീല മാര്‍ക്സിസ്റ്റുകളും യാഥാസ്ഥിതിക ഉത്തരാധുനികവാദികളും ഒരുപോലെ ഗ്രഹിക്കാത്ത പരമാര്‍ഥം, മാര്‍ക്സിസത്തെപ്പോലെ മുന്‍കൂട്ടി തീരുമാനിച്ച അതിര്‍ത്തിയോ പരിധിയോ ഇല്ലാത്ത സിദ്ധാന്തങ്ങള്‍ വേറെയില്ല എന്നതാണ്. അതായത് മാര്‍ക്സിസം ഓപ്പന്‍ എന്‍ഡഡ് (open ended) ആണ്. മാര്‍ക്സ് തന്നെ മനസ്സില്‍ കണ്ടത് തന്റെ ചിന്തകള്‍ അസാധുവാകുന്ന ഒരു കാലമാണ്. നിര്‍ഭാഗ്യവശാല്‍, മാര്‍ക്സിന്റെ സിദ്ധാന്തം ഇപ്പോഴും പ്രസക്തവും സംഗതവുമാണ്. കാരണം, മുതലാളിത്തം അതിന്റെ രൌദ്രഭാവത്തില്‍ ഇപ്പോഴും തുടരുന്നു എന്നതുതന്നെ. ലേഖനത്തിന്റെ തുടക്കത്തില്‍ സൂചിപ്പിച്ച ചില ഉത്തരാധുനിക ബുജികള്‍ സ്ളവോജ് സിസെക്കിന്റെ പെട്രോള്‍ പമ്പിലേക്ക് ചേക്കേറിയത് അതിശയിപ്പിക്കുന്ന കൊച്ചിക്കാഴ്ചയായിരുന്നു. കാരണം, താന്‍ 'നാണമില്ലാത്ത വിധത്തില്‍ കൂസലില്ലാത്ത മാര്‍ക്സിസ്റ്റാണന്ന്' നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന സിസെക്കിന്റെ പെട്രോള്‍ പമ്പില്‍നിന്ന് ഡീസലടിക്കേണ്ട ഗതികേടിലായോ ഇവര്‍?

ഏതായാലും സിസെക്ക് തന്റെ ഉത്തരവാദിത്തം കൊച്ചിയില്‍ ഭംഗിയായി നിര്‍വഹിച്ചു. ഇടതുപക്ഷം കാലത്തിനനുസരിച്ച് നവീകരിക്കണമെന്ന് ഊന്നിപ്പറഞ്ഞ സിസെക്ക് തന്റെ പ്രഭാഷണത്തില്‍ ചിത്രവധംചെയ്തത് മുതലാളിത്തത്തിന്റെ ചതുരുപായങ്ങളെയും അതിന് വിടുപണിചെയ്യുന്ന ഉത്തരാധുനികതയുടെ ചില തീവ്രരൂപങ്ങളെയും സ്വത്വരാഷ്ട്രീയത്തിന്റെ ഊന്നുവടികളുമായി രംഗത്തുള്ള നവസാമൂഹ്യ പ്രസ്ഥാനങ്ങളെയുമായിരുന്നു. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ പ്രസാധനത്തിന്റെ 150-ാം വര്‍ഷം ഇറങ്ങിയ പുതിയ പതിപ്പിന് എഴുതിയ അവതാരികയില്‍ മൂലധനത്തിന്റെ നശീകരണാത്മകമായ ഫലശ്രുതികളെപ്പറ്റിയുള്ള മാനിഫെസ്റ്റോയിലെ അപഗ്രഥനം ഇന്നത്തെ പില്‍ക്കാല മുതലാളിത്തത്തിനാണ് (late capitalism) കൂടുതല്‍ ചേരുക എന്നെഴുതിയ സിസെക്ക് ഇടതുപക്ഷത്തെ ക്ഷുദ്രബുദ്ധിയോടെ വീക്ഷിക്കുന്ന ഉത്തരാധുനിക സാമന്തബുജികള്‍ ആഗ്രഹിക്കുന്നതുപോലെ പ്രസംഗിച്ചില്ല. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇടതുപക്ഷം സര്‍ഗാത്മകമായി സ്വയം നവീകരണത്തിന് വിധേയമാകണം എന്ന് സിസെക് അടിവരയിട്ടു പറഞ്ഞു. അശ്ളീല മാര്‍ക്സിസ്റ്റുകാരൊഴികെയുള്ളവര്‍ അംഗീകരിക്കുന്ന വാദമുഖമാണിത്.

സിസെക്ക് എഡിറ്റ് ചെയ്ത ലെനിന്റെ രചനകളെക്കുറിച്ചുള്ള ഒരുപുസ്തകത്തില്‍ (Revolution at the gates : Selected writings of Lenin from 1917) ചരിത്രത്തിലെ തുറന്നതും സംഭവ്യവുമായ ഒരു മൂഹൂര്‍ത്തത്തിന്റെ പ്രാധാന്യം ഗ്രഹിക്കുന്നതില്‍ ലെനിന്‍ പ്രദര്‍ശിപ്പിച്ച അത്ഭുതാവഹമായ പാടവത്തെ പ്രകീര്‍ത്തിക്കുന്നുണ്ട്. സാമ്രാജ്യത്വ ആഗോളീകരണത്തിന്റെ ഇന്നത്തെ കാലഘട്ടത്തില്‍ ലെനിനിസത്തിന്റെ ഉള്‍ക്കാഴ്ചകള്‍ സൃഷ്ടിപരമായി ഉയര്‍പ്പിക്കേണ്ടതുണ്ടെന്ന് സിസെക്ക് എഴുതുന്നു. മൂലധനത്തിന്റെ അന്തമില്ലാത്ത തേര്‍വാഴ്ചയ്ക്കും നവലിബറല്‍ സമവായത്തിനും മൂക്കുകയറിടാന്‍ ബഹുരാഷ്ട്രവ്യാപികളായ പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പടുത്തുയര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്കും സിസെക്ക് വിരല്‍ ചൂണ്ടുന്നു. യാഥാസ്ഥിതിക ഉത്തരാധുനിക ചിന്തകനായ ലോത്യാര്‍ ആണ് ഉത്തരാധുനികതയെ 'ബൃഹത് ആഖ്യായികകളിലുള്ള അവിശ്വാസ'മായി നിര്‍വചിച്ചത്. ഇക്കൂട്ടരെ സംബന്ധിച്ചിടത്തോളം ഏറ്റവും 'ഉഗ്ര'മായ ബൃഹത് ആഖ്യാനം മാര്‍ക്സിസമാണ്. കാരണം, മാര്‍ക്സിസം സര്‍വാധിപത്യപരവും മര്‍ദനപരവുമാണ്. അത് സാമാന്യതയ്ക്കു വേണ്ടി വിശേഷതയെ ഗൌനിക്കാതിരിക്കുന്നു. ഇതാണ് ലോത്യാര്‍ സ്കൂളിന്റെ വാദമുഖം. ലോത്യാറിനും സമാനചിന്താഗതിക്കാര്‍ക്കും മറുപടിയായി 'ആരെങ്കിലും സര്‍വാധിപത്യമെന്ന് പറഞ്ഞോ?' എന്ന ശീര്‍ഷകത്തില്‍ സിസെക്ക് ഒരു മോണോഗ്രാഫ് എഴുതി. നവലിബറല്‍ സമവായത്തിനെതിരെയുള്ള ഇടതുപക്ഷത്തിന്റെ വിമര്‍ശനത്തെ ആക്രമിക്കാന്‍ നവലിബറലിസത്തിന്റെ പ്രണേതാക്കള്‍ ഉപയോഗിച്ചുവരുന്ന പ്രത്യയശാസ്ത്ര സൂത്രമാണ് മാര്‍ക്സിസം സര്‍വാധിപത്യപരമാണെന്ന ആക്ഷേപമെന്ന് സിസെക്ക് പറയുന്നു. നവലിബറലിസത്തെ പരിരംഭണംചെയ്യുന്ന ഇത്തരം ഉത്തരാധുനികരെ നീചന്മാരും വഞ്ചകരുമായിട്ടാണ് സിസെക്ക് ചിത്രീകരിക്കുന്നത്. ലക്കാനിയന്‍ മനോവിജ്ഞാനീയ സങ്കേതങ്ങളുപയോഗിച്ച് ഉത്തരാധുനികതയെ വിശകലനംചെയ്യുന്ന സിസെക്ക് ഫ്രഡറിക് ജയിംസണെപ്പോലെ ഉത്തരാധുനികതയെ പില്‍ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരികയുക്തിയായാണ് കാണുന്നത്. ഉത്തരാധുനിക രാഷ്ട്രീയ വ്യവഹാരങ്ങള്‍ മുതലാളിത്തത്തിന്റെ ചക്രവാളത്തില്‍തന്നെയാണ് സംഭവിക്കുന്നതെന്നും മുതലാളിത്തത്തെ അവ ഗൌരവമായി ചോദ്യം ചെയ്യുന്നില്ലെന്നും സിസെക്ക് പറയുന്നു. മുതലാളിത്തത്തിന്റെ ചട്ടക്കൂടില്‍ മാത്രമേ ഇത്തരം വ്യവഹാരങ്ങളെ മനസിലാക്കാന്‍ സാധിക്കുകയുള്ളൂ. ഉത്തരാധുനികാവസ്ഥ വ്യക്തികളില്‍ അടിമത്ത മനോഭാവവും ആത്മാനുരാഗവും മനോവിഭ്രാന്തിയോളമെത്തുന്ന സംശയരോഗവുമുണ്ടാക്കുന്നുവെന്നും അവനവന്റെ ആനന്ദാനുഭൂതികളാല്‍ ഉപരോധിക്കപ്പെട്ടവരായി അവരെ മാറ്റുന്നുവെന്നും ഒടുവില്‍ അവര്‍ സന്തോഷം കണ്ടെത്തുന്നത് ദാസ്യത്തിലാണെന്നും സിസെക്ക് നിരീക്ഷിക്കുന്നു.

ഈ രോഗാവസ്ഥകള്‍ മറികടക്കാന്‍ ഒരേയൊരു വഴിയേ ഉള്ളൂ. വിപ്ളവമെന്ന രാഷ്ട്രീയക്രിയ ആണത്. വിപ്ളവം ഉത്തരാധുനികാവസ്ഥ സാധ്യമാകുന്ന ലോകനിലയില്‍ (മുതലാളിത്തം) പരിവര്‍ത്തനമുണ്ടാക്കും. ലക്കാനിയന്‍ ഭാഷയില്‍ പറഞ്ഞാല്‍ പുതിയ കര്‍തൃത്വങ്ങള്‍ക്ക് നിലനില്‍ക്കാന്‍ സാധ്യമായ പുതിയ പ്രതീകാത്മക വ്യവസ്ഥയ്ക്ക് ജന്മം നല്‍കാന്‍ വിപ്ളവമെന്ന രാഷ്ട്രീയപ്രവൃത്തിക്ക് കഴിയും. പ്രത്യേക വിഭാഗങ്ങളുടെ പ്രത്യേക ആവശ്യങ്ങളെയും ആവലാതികളെയും മാര്‍ക്സിസം പരിഗണിക്കുന്നില്ലെന്നും അസമത്വത്തിന്റെയും ചൂഷണത്തിന്റെയും സമഗ്രചിത്രത്തിനാണ് അത് ഊന്നല്‍ നല്‍കുന്നതെന്നും സ്വത്വരാഷ്ട്രീയവാദികള്‍ പറയും. സാമ്പ്രദായിക മാര്‍ക്സിസംപോലും ചില പ്രത്യേക വിഭാഗങ്ങളുടെ ആവലാതികള്‍ ന്യായമല്ലെന്നു പറയുന്നില്ല. അവരുടെ സമരങ്ങളെ പിന്തുണയ്ക്കാനും അത് സന്നദ്ധമാണ്. പക്ഷേ, ആത്യന്തികമായി എല്ലാ തരത്തിലുള്ള ചൂഷണങ്ങളും അസമത്വങ്ങളും അവസാനിപ്പിക്കണമെങ്കില്‍ മുതലാളിത്തവ്യവസ്ഥയെ കടപുഴക്കണമെന്ന് മാര്‍ക്സിസ്റ്റുകാര്‍ പറയും. സ്ത്രീവാദികള്‍ തുല്യവേതനത്തിനായി ഏതെങ്കിലും രാജ്യത്ത് സമരം ചെയ്ത് വിജയിച്ചാല്‍ മുതലാളിത്തം ആ 'നഷ്ടം' നികത്തുന്നത് മറ്റേതെങ്കിലും രാജ്യത്തില്‍ കുറഞ്ഞ വേതനത്തിന് ബാലവേല ചെയ്യിച്ചായിരിക്കും.

സ്വത്വരാഷ്ട്രീയക്കാരുടെ പ്രാദേശിക സ്വഭാവമുള്ള ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള സമരങ്ങള്‍ പ്രത്യേക ആവശ്യങ്ങള്‍ (അന്യായങ്ങള്‍) പരിഹരിക്കപ്പെടുന്നതോടെ അവസാനിക്കുന്നു. അതുകൊണ്ടാണ് പറയുന്നത് സ്വത്വരാഷ്ട്രീയക്കാര്‍ അവര്‍ നേരിടുന്ന പ്രത്യേകം അനീതികളില്‍ ഊന്നുമ്പോള്‍ മാര്‍ക്സിസ്റ്റുകാര്‍ അനീതികളുടെയും അസമത്വങ്ങളുടെയും സമഗ്രതയില്‍ ഊന്നുകയും അവ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ അനാവരണംചെയ്യാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നതെന്ന്. സ്വത്വരാഷ്ട്രീയം ഒരു വലിയ ചിത്രത്തിന്റെ ഭാഗമാണെന്നും അതിനെ വിശദീകരിക്കാന്‍ ഒരു ബൃഹത് ആഖ്യാനം വേണമെന്നും ആ ബൃഹത് ആഖ്യാനങ്ങള്‍ പല രൂപങ്ങള്‍ ആര്‍ജിക്കാമെന്നും പക്ഷേ, താന്‍ തെരഞ്ഞെടുക്കുന്ന ആഖ്യാനരൂപം മാര്‍ക്സിസമായിരിക്കുമെന്നും സിസെക്ക് എഴുതുന്നു. സ്വത്വരാഷ്ട്രീയം രാഷ്ട്രീയത്തിന്റെ ഭൂമികയെ പുതിയ മേഖലകളിലേക്ക് വികസിപ്പിച്ചിട്ടുണ്ടെങ്കിലും അത് 'പൊളിറ്റിക്കല്‍' എന്ന ആശയത്തെ ശോഷിപ്പിച്ചു എന്ന പക്ഷക്കാരനാണ് സിസെക്ക്. ആദ്ദേഹം എഴുതുന്നു;

"ബഹുവിധ കര്‍തൃത്വങ്ങളെ ആഘോഷിക്കുന്ന ഇന്നത്തെ ഉത്തരാധുനിക രാഷ്ട്രീയം വേണ്ടത്ര പൊളിറ്റിക്കല്‍ അല്ല. അത് നിശബ്ദമായി നിലവിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ സ്വാഭാവികമാണെന്ന് വരുത്തിത്തീര്‍ക്കുന്നു. സ്വത്വരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത് മുതലാളിത്തത്തിന്റെ അതിരുകള്‍ക്കകത്തു നിന്നുകൊണ്ടാണ്. മാത്രമല്ല അത് മുതലാളിത്തത്തെ വെല്ലുവിളിക്കുന്നുമില്ല.”

ചിലര്‍ “താഴ്ന്ന” സംസ്കാരമെന്ന് വിളിക്കുന്ന ജനകീയ സംസ്കാരത്തില്‍ നിന്ന് അനേകം ഉദാഹരണങ്ങളെടുത്ത് നമ്മുടെ കാലഘട്ടത്തെ അപഗ്രഥിക്കുന്ന സിസെക്ക് തത്വചിന്താവായനയെ ആനന്ദാത്മകമായ അനുഭവമാക്കി മാറ്റുന്നു. മാര്‍ക്സിന്റെ രാഷ്ട്രീയത്തില്‍ നിന്നും, ഹെഗലിന്റെ തത്വചിന്തയില്‍ നിന്നും ലക്കാനിയന്‍ മനോവിശ്ലേഷണത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊള്ളുന്ന അദ്ദേഹത്തിന്റെ രചനാശൈലി ഒരേ സമയം ചേതോഹരവും, ഉന്മത്തവും സ്ഫോടനാത്മകവുമാണ്. വയാഗ്രയും, വാഗ്നേരിയന്‍ ഒപേരയും ഹിച്ച്കോക്ക് സിനിമകളും സ്വയംഭോഗവും മെല്‍ഗിബ്സണും ചില യൂറോപ്പിയന്‍ രാജ്യങ്ങളിലെ ടോയ്ലറ്റ് ഡിസൈനുകളും അവയ്ക്ക് ദേശീയ മനഃശാസ്ത്രവുമായുള്ള ബന്ധവും എന്നു വേണ്ട സാമ്പ്രദായിക തത്വചിന്ത ചതുര്‍ത്ഥിയോടെ വീക്ഷിക്കുന്ന പല വിഷയങ്ങളിലും സിസെക് വ്യാപരിക്കുന്നു. മാര്‍ക്സിസ്റ്റ് സിദ്ധാന്തസമുച്ചയത്തിന് സിസെക്കിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന പ്രത്യയശാസ്ത്രത്തെക്കുറിഛ്കുള്ള അദ്ദേഹത്തിന്റെ പഠനമാണ്. യാഥാര്‍ത്ഥ്യവും പ്രതീകാത്മകതയും തമ്മിലുള്ള വിടവ് മറച്ചുവയ്ക്കുന്ന ഒരു തരം ഭൂതമായാണ് (spectre) പ്രത്യയശാസ്ത്രം പ്രവര്‍ത്തിക്കുന്നതെന്ന് സിസെക്ക് പറയുന്നു. പ്രത്യയശാസ്ത്രം യാഥാര്‍ത്ഥ്യത്തിന്റെ ഭൂതാനുബന്ധമായി (spectral supplement) രൂപം സ്വീകരിക്കുന്നു. യാഥാര്‍ത്ഥ്യത്തെ കളങ്കരഹിതമായി ആര്‍ക്കും വേര്‍തിരിക്കാന്‍ ആവില്ല. കാരണം, യാഥാര്‍ത്ഥ്യത്തിനുമേല്‍ പ്രത്യയശാസ്ത്രത്തിന്റെ നഖക്ഷതങ്ങള്‍ പതിഞ്ഞിട്ടുണ്ട്. അല്‍ത്തൂസറിനെപ്പോലെ സിസെക്കും ലക്കാന്റെ ഉള്‍ക്കാഴ്ചകളാണ് പ്രത്യയശാസ്ത്രവിശകലനത്തിന് ഉപയോഗിക്കുന്നത്.

ഒരു കാര്യം കൂടി പറഞ്ഞ് അവസാനിപ്പിക്കാം....

ഇപ്പോള്‍ അഗമ്പന്‍ എന്ന പുതിയ ആള്‍ ഫ്രാന്‍സില്‍ ഇറങ്ങിയിട്ടുണ്ട്. നമ്മുടെ സാമന്ത ബുദ്ധിജീ‍വികള്‍ അദ്ദേഹത്തിന്റെ പെട്രോല്‍ പമ്പിലേക്ക് പോയിക്കാണുമെന്ന് കരുതുന്നു.

എ എം ഷിനാസ് ദേശാഭിമാനി 290110

5 comments:

  1. കേരളത്തിലെ മധ്യവര്‍ഗ ആധുനികോത്തര ബുദ്ധിജീവികളെ ടാക്സി ഡ്രൈവര്‍മാരും പാശ്ചാത്യബുദ്ധിജീവികളെ, പ്രത്യേകിച്ച് ഫ്രഞ്ച് ദാര്‍ശനികരെ പെട്രോള്‍ പമ്പുമായി ഉപമിച്ചാല്‍ രസകരമായ ഒരു ഭാവനാചിത്രം മനസ്സില്‍ നെയ്തെടുക്കാം. സ്വന്തമായി പെട്രോളോ പെട്രോള്‍ പമ്പോ (മൌലികചിന്ത എന്നു വായിക്കുക) ഇല്ലാത്തവരാണ് നമ്മുടെ ഉത്തരാധുനിക ബുജികളില്‍ മഹാഭൂരിപക്ഷവും. 1990കളില്‍ അവരില്‍ പലരും ദറിദയുടെയും ലോത്യാറിന്റെയും ഫൂക്കോയുടെയും ഹെയ്ഡന്‍ വൈറ്റിന്റെയും ബോദ്രിയാറിന്റെയും ദെല്യൂസിന്റെയും 'പെട്രോള്‍ പമ്പു'കളില്‍ ക്യൂനിന്ന് കലപില കൂട്ടി ശബ്ദായമാനമായ അന്തരീക്ഷം സൃഷ്ടിച്ചിരുന്നു. കൌതുകകരമായ വസ്തുത, തൊണ്ണൂറുകളായപ്പോഴേക്കും യൂറോപ്പില്‍ ഇവരുടെ പെട്രോള്‍ പമ്പുകള്‍ പലതും പൂട്ടിപ്പോയിരുന്നു എന്നതാണ്. ഘടനാനന്തരവാദത്തിന്റെയും അതിന്റെ അടിത്തറയില്‍ കെട്ടിപ്പടുത്ത ഉത്തരാധുനികതയുടെയും പെട്രോളടിച്ച് ആനുകാലികങ്ങളിലെ അക്ഷരവീഥികളില്‍ ഹോണടിച്ചും സീല്‍ക്കാരശബ്ദങ്ങളുണ്ടാക്കിയും ആളുകളെ 'ഭയചകിതരാക്കി' അവര്‍ ചീറിപ്പാഞ്ഞു. ഈ മരണപ്പാച്ചിലിനിടയില്‍ "മാര്‍ക്സിസത്തിന്റെ കഥ കഴിഞ്ഞു, വര്‍ഗരാഷ്ട്രീയം കാലഹരണപ്പെട്ടു, ചരിത്രം അവസാനിച്ചു, പ്രത്യയ ശാസ്ത്രം കുഴിച്ചുമൂടപ്പെട്ടു'' എന്നിങ്ങനെ പലതും അവര്‍ ആക്രോശിക്കുന്നുണ്ടായിരുന്നു. ഇവരില്‍ ചിലരാണ് പിന്നീട് ഉത്തരാധുനികതയുടെ ദുര്‍ബലമായ ആരൂഢത്തില്‍ പണിതുയര്‍ത്തിയ സ്വത്വരാഷ്ട്രീയത്തിന്റെയും അതില്‍നിന്ന് ഊര്‍ജം സംഭരിക്കുന്ന നവസാമൂഹ്യ പ്രസ്ഥാനങ്ങളുടെയും ധ്വജവാഹകരും ബൌദ്ധിക സഹായികളുമായി മാറിയത്.

    ReplyDelete
  2. ഷിനാസ് സ്പാറീട്ടാ !

    ‘ല്യോട്ടാറി’നെ (Lyotard) ‘ലൊത്യാറാ’ക്കിയതൊഴിച്ചാല്‍

    ReplyDelete
  3. Vulgar Marxismത്തിന്റെ ആചാര്യന്‍ ഇ എം എസ് നമ്പൂതിരിപ്പാട് പറഞ്ഞിതാ:
    "മാര്‍ക്സിനും എംഗല്‍സിനും ലെനിനും ശേഷം ഉയര്‍ന്നുവന്ന മാര്‍ക്സിസ്റ്റ് ധൈഷണികരെന്ന നിലയ്ക്ക് സച്ചിദാനന്ദന്‍ അവതരിപ്പിക്കുന്ന ആളുകളില്‍ ഗ്രാംഷി ഒഴിച്ച് മറ്റാരും ഈ അര്‍ഥത്തിലുള്ള മാര്‍ക്സിസ്റ്റ് ധൈഷണികരല്ല. അവര്‍ അവരുടെ ധൈഷണികശക്തി ഉപയോഗിച്ച് മാര്‍ക്സിസം-ലെനിനിസത്തെ സമ്പുഷ്ടമാക്കിയിട്ടുണ്ടെന്നുള്ള ധാരണ സത്യവിരുദ്ധമാണ്."
    അല്‍ത്തൂസര്‍, അഡോര്‍ണോ, മാന്‍ഡല്‍, ജെയിംസണ്‍ എന്നിവരെപ്പറ്റിയാണ് ഇ എം എസ് പറയുന്നത്.06.06.1997 ലെ ചോദ്യോത്തരം.
    Vulgar Marxism എന്ന ടേഗ് അധിനിവേശപ്രതിരോധസമിതിക്കാര്‍ക്കു ചാര്‍ത്തിക്കൊടുത്തത് ദേശാഭിമാനിയെന്ന അശ്ലീലത്തിന് അനുസരിച്ച് പേനയുന്താനുള്ള ഷിനാസിന്റെ ഉളുപ്പില്ലായ്മ. Vulgar എന്നാല്‍ അശ്ലീലമാണെന്ന് വിവരദോഷി ധരിച്ചുവെച്ചിരിക്കുന്നു.
    സൂരജേ, ല്യോട്ടാറിനെയല്ല, ല്യോത്താര്‍‌ദിനെ.
    ഗോദാര്‍ (Godard) എന്നാണു പേരുച്ചരിക്കുകയെങ്കിലും ഗോദാറിനെയെന്നല്ല ഗോദാര്‍ദിനെ എന്നു പറയേണ്ടിവരും.Lyotardian ല്യോത്താറിയനാവില്ല, ല്യോത്താര്‍ദിയന്‍ എന്നേ ആവൂ.

    ReplyDelete
  4. ഹോ കാലിയണ്ണന്‍ വന്നതോടെ നമ്മുടെ കൃഷ്ണന്‍ നായ സാറ് പോയ വിഷമം മാറി...... തന്റെ പേര് തികച്ചും ശരിയായി ഉച്ചരിക്കാന്‍ കഴിയുന്നവരെ താന്‍ രഹസ്യത്തില്‍ ഒട്ടൊന്നു ഭയക്കുമെന്നു "ജീജെക് " പറഞ്ഞത് ഇത്തരുണത്തില്‍ ഓര്‍ക്കാം..... ഇത്ര വാശി ആരോടാ കാലിക്കുട്ടന്‍ സാറേ?

    ReplyDelete
  5. "സൂരജേ, ല്യോട്ടാറിനെയല്ല, ല്യോത്താര്‍‌ദിനെ.
    ഗോദാര്‍ (Godard) എന്നാണു പേരുച്ചരിക്കുകയെങ്കിലും ഗോദാറിനെയെന്നല്ല ഗോദാര്‍ദിനെ എന്നു പറയേണ്ടിവരും.Lyotardian ല്യോത്താറിയനാവില്ല, ല്യോത്താര്‍ദിയന്‍ എന്നേ ആവൂ."



    @ Calicocentric,

    Lyotard is pronounced in French as "leo-taar" and not "leo-taarD". However, when you say Lyotardian or Godardian, the "d" sound isn't silent . Otherwise it ends only in an "R".

    But I don't see why you need to stress the "D" when you say it ല്യോത്താര്‍‌ദിനെ in Malayalam. It is not the same as "Lyotardian". If one needs to say "Lyotardian" one can simply transliterate the same to malayalam as ല്യോട്ടാര്‍ദിയന്‍.

    ReplyDelete