Saturday, March 10, 2012

"തൊട്ടതെല്ലാം എം ജെ പൊന്നാക്കി"


"വരൂ... തിരുമാറാടിയിലേക്കു വരൂ. വികസനം എന്താണെന്നും ജനപങ്കാളിത്തത്തിലൂടെ വികസനം എങ്ങനെ നടപ്പാക്കാമെന്നും പഠിക്കൂ..."- കേരളത്തിലെ എല്ലാ പത്രങ്ങളും പുകഴ്ത്തിയ വിഖ്യാതമായ ഈ "തിരുമാറാടി മോഡല്‍" മാത്രം മതി എം ജെ ജേക്കബിന്റെ മാറ്ററിയാന്‍ . പൊതുസമൂഹവും മാധ്യമങ്ങളും വാഴ്ത്തിയ ഈ വികസനഗാഥ എംഎല്‍എയായശേഷം എം ജെ പിറവത്തും ആവര്‍ത്തിക്കുകയായിരുന്നു. "1999-2000ലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡും സ്വരാജ് ട്രോഫിയും തിരുമാറാടി ഏറ്റുവാങ്ങിയപ്പോള്‍ "ദീപിക" പത്രം 2000 മാര്‍ച്ച് 30ന് എഴുതിയ മുഖപ്രസംഗത്തില്‍ ഇങ്ങനെ പ്രശംസിക്കുന്നു-

"കേരളീയരെ മുഴുവന്‍ കോരിത്തരിപ്പിച്ച, സംസ്ഥാനത്തിന് മുഴുവന്‍ പ്രചോദനമേകുന്ന വിജയചരിത്രം തിരുമാറാടിക്ക് പറയാനുള്ളപ്പോള്‍ അവാര്‍ഡ് അതിനൊരു അംഗീകാരം മാത്രമാണ്". "രാഷ്ട്രീയ മാത്സര്യങ്ങളില്ലാതെ, സ്വന്തം വാര്‍ഡിന്റെ കാര്യം മാത്രം നോക്കുന്ന പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ സ്വാര്‍ഥ നാടകങ്ങളില്ലാതെ, ജനങ്ങള്‍ക്ക് മുഴുവന്‍ വീടും സമ്പൂര്‍ണ ശുചിത്വ സംവിധാനവും കാര്‍ഷിക വികസനവും സമ്പൂര്‍ണ വൈദ്യുതീകരണവും യാഥാര്‍ഥ്യമാക്കാന്‍ സഹായിക്കുന്ന അവസ്ഥ. ഇതല്ലാതെ മറ്റെന്താണ് ജനക്ഷേമം?. ഇതല്ലാതെ മറ്റെന്തിനുവേണ്ടിയാണ് കഴിഞ്ഞ 50 കൊല്ലമായി രാജ്യം നിഷ്ഫലം ശ്രമിച്ചുകൊണ്ടിരിക്കുന്നത്?. ഇതല്ലാതെ മറ്റെന്താണ് ശരിയായ രാഷ്ട്രീയം?"- മുഖപ്രസംഗം അവസാനിക്കുന്നത് ജേക്കബിന്റെ നേര്‍രാഷ്ട്രീയത്തെ പ്രശംസിക്കുന്ന ഈ വാക്യങ്ങളിലാണ്.

വികസനത്തിന്റെ വഴികള്‍ മനസ്സിലാക്കാന്‍ തിരുമാറാടിയെയും മറ്റു പഞ്ചായത്തുകളെയും താരതമ്യംചെയ്യുന്ന ഗൗരവമേറിയ റിപ്പോര്‍ട്ടുകള്‍ അന്ന് ഇന്ത്യന്‍ എക്സ്പ്രസും മാതൃഭൂമിയും മനോരമയും മറ്റും പ്രസിദ്ധീകരിച്ചു. "ജനകീയ വികസനത്തിന്റെ അവിശ്വസനീയ വിജയങ്ങളുടെ കഥ" എന്നാണ് മലയാളം വാരിക എം ജെയുടെയും തിരുമാറാടിയുടെയും വിജയത്തെ പ്രശംസിച്ചത്. "95ല്‍ രണ്ടാമതും പഞ്ചായത്ത് പ്രസിഡന്റായ എം ജെ ജേക്കബ് ജനകീയാസൂത്രണ പദ്ധതിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി സമ്പൂര്‍ണ ഭവനപദ്ധതി പൂര്‍ത്തീകരിച്ചു. തലയ്ക്കു മുകളില്‍ മേല്‍ക്കൂര സ്വപ്നംകാണാന്‍ കഴിയാതിരുന്നവര്‍ക്ക് വീട് നിര്‍മിച്ചുനല്‍കിയ വികസനനേട്ടത്തെ, "പാര്‍പ്പിട വിപ്ലവം" എന്നാണ് "മാതൃഭൂമി" വിശേഷിപ്പിച്ചത്. "വികസനവഴിയില്‍ വിജയഗാഥയുമായി തിരുമാറാടി" എന്നാണ് മലയാള മനോരമ എഴുതിയത്.

"79ല്‍ പഞ്ചായത്ത് പ്രസിഡന്റായപ്പോഴാണ് "എം ജെ മാജിക്ക്" കേരളം ആദ്യം കണ്ടത്. ഒന്നുമില്ലായ്മയില്‍നിന്ന് "83 ആയപ്പോഴേക്കും തിരുമാറാടിയെ അദ്ദേഹം സംസ്ഥാനത്തെ മികച്ച പഞ്ചായത്താക്കി. അന്നത്തെ യുഡിഎഫ് സര്‍ക്കാരില്‍നിന്നാണ് ജേക്കബ് പുരസ്കാരം ഏറ്റുവാങ്ങിയത്. എം ജെ ജേക്കബ് ബുള്ളറ്റില്‍ സഞ്ചരിക്കുന്ന ചിത്രത്തിനോടൊപ്പം "ഓടി മുന്നിലെത്തിയ തിരുമാറാടി" എന്ന തലക്കെട്ടില്‍ മാതൃഭൂമി "83 സെപ്തംബര്‍ 13ന് വാര്‍ത്ത നല്‍കി. പിറവത്തിന്റെ സ്വന്തം എംഎല്‍എയായി 2006-11 ല്‍ നടത്തിയ വികസനവിപ്ലവത്തിന്റെ മുന്നോടിയാണ് എം ജെ നടപ്പാക്കിയ "തിരുമാറാടി മോഡല്‍". വിഭവങ്ങളോ വിശേഷങ്ങളോ ഇല്ലാതെ കൂത്താട്ടുകുളത്തെ തൊട്ടുകിടക്കുന്ന മലയോരഗ്രാമമായ തിരുമാറാടിയുടെ തലയിലെഴുത്ത് മുട്ടപ്പിള്ളില്‍ കെ ടി ജോസഫിന്റെ മകന്‍ ജേക്കബ് മാറ്റിമറിച്ച കഥ ഇന്ന് ചരിത്രത്തിന്റെ ഭാഗം.

കേരളത്തില്‍ അന്നുണ്ടായിരുന്ന ആയിരത്തോളം പഞ്ചായത്തില്‍ ഒന്നു മാത്രമായ തിരുമാറാടിയെ മാതൃകയാക്കി ഉയര്‍ത്തിയതില്‍ എം ജെ വഹിച്ച നേതൃത്വം സമാനതകളില്ലാത്തതാണ്. മാധ്യമങ്ങളും സാമൂഹ്യസംഘടനകളും ഈ നേട്ടത്തെ മതിയാവോളം ആഘോഷിച്ചു. "തിരുമാറാടി മോഡല്‍" വിശദമായി പഠിക്കാന്‍ പലരും രംഗത്തെത്തി. എല്ലാ പഠനവും പത്രവാര്‍ത്തകളും അടിവരയിട്ട വസ്തുത, വികസനം സംബന്ധിച്ച് എം ജെ ജേക്കബ് എന്ന പ്രസിഡന്റിന്റെ ദീര്‍ഘവീക്ഷണമാണ്്. പിന്നീട് എംഎല്‍എയായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം വികസിച്ചു. ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നതിന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. അടിസ്ഥാനസൗകര്യ വികസനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ട പദ്ധതികള്‍ യാഥാര്‍ഥ്യമാക്കി. പല ക്ഷേമപദ്ധതികള്‍ക്കും തുടക്കംകുറിച്ചു. വികസനവഴിയില്‍ "തൊട്ടതെല്ലാം പൊന്നാക്കുന്ന" എം ജെയുടെ യാത്രകള്‍ക്ക് തുടക്കംകുറിച്ച ഇടമെന്ന നിലയില്‍ തിരുമാറാടി ഇന്നും തലയുയര്‍ത്തി നില്‍ക്കുകയാണ്.

കുടുംബയോഗത്തിനു പോയവരെ ആക്രമിച്ചതില്‍ വന്‍ പ്രതിഷേധം

മണീട്: കുടുംബയോഗത്തിനു പോയ എല്‍ഡിഎഫ് പ്രവര്‍ത്തകരെ വാഹനംതടഞ്ഞ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് സ്രാപ്പിള്ളിയില്‍ വമ്പിച്ച പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ , കെ രാജന്‍ , കെ എം ജോസഫ്, പി ബി രതീഷ്, റോയ് കുഴിക്കാട്ടുകുഴി, എ ഡി ഗോപി, കെ എസ് രാജു എന്നിവര്‍ സംസാരിച്ചു. കെ രാധാകൃഷ്ണന്‍ , സി എന്‍ മോഹനന്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തിനു പോവുകയായിരുന്ന സ്ത്രീകളടക്കമുള്ളവരെ വാഹനം തടഞ്ഞുനിര്‍ത്തി യുഡിഎഫ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത് വ്യാഴാഴ്ച വൈകിട്ടാണ്. കാറിന്റെ ചില്ലുകള്‍ അക്രമിസംഘം എറിഞ്ഞുതകര്‍ത്തു. തെരഞ്ഞെടുപ്പിനെ മാന്യമായി നേരിടാന്‍ യുഡിഎഫ് തയ്യാറാകണമെന്ന് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. അക്രമം ഉടനടി അവസാനിപ്പിക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്- അദ്ദേഹം മുന്നറിയിപ്പുനല്‍കി.

മുല്ലപ്പെരിയാര്‍ സമരപോരാളി പ്രചാരണത്തിന്

ചോറ്റാനിക്കര: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍പോരാട്ടം നടത്തി ശ്രദ്ധേയനായ കോട്ടയം കൂട്ടിക്കല്‍ സ്വദേശി സെബാസ്റ്റ്യന്‍ ഏന്തയാര്‍ പിറവം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം ജെ ജേക്കബിന് വോട്ടഭ്യര്‍ഥിച്ച് ഇരുചക്രവാഹനപര്യടനം തുടങ്ങി. എം ജെയുടെ തെരഞ്ഞെടുപ്പുചിഹ്നം ചുറ്റിക അരിവാള്‍ നക്ഷത്രം ഹെല്‍മെറ്റിനുമുകളില്‍ ഉറപ്പിച്ച് എം ജെയുടെ ചിത്രമുള്ള ഓവര്‍കോട്ടണിഞ്ഞ് അലങ്കരിച്ച ബൈക്കിലാണ് പര്യടനം. പരമാവധി വോട്ടര്‍മാരെ നേരില്‍കാണുകയാണ് ലക്ഷ്യം.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിന് എല്‍ഡിഎഫും എം ജെ ജേക്കബും നടത്തിയ പ്രവര്‍ത്തനങ്ങളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി മണ്ഡലത്തില്‍ പര്യടനം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് സെബാസ്റ്റ്യന്‍ ഏന്തയാര്‍ പറയുന്നു. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഏറെ ദുരിതം അനുഭവിക്കേണ്ടിവരുന്നത് പിറവം മണ്ഡലത്തിലുള്ളവരാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ശരിയായ നിലപാട് കൈക്കൊണ്ട എല്‍ഡിഎഫിനെ ഇവിടത്തെ ജനങ്ങള്‍ പിന്തുണയ്ക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു. ഓരോ പ്രദേശത്തും ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലെത്തി ലഘുലേഖകളും നല്‍കിയാണ് കടന്നുപോകുന്നത്. മുല്ലപ്പെരിയാര്‍ പ്രക്ഷോഭകാലത്ത് തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ സ്കൂട്ടറില്‍ യാത്ര നടത്തിയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. കോട്ടയം പുന്നക്കുഴിയില്‍ മ്യാരേജ് ബ്യൂറോ നടത്തുകയാണ് ഇദ്ദേഹം.

deshabhimani 100312

1 comment:

  1. "വരൂ... തിരുമാറാടിയിലേക്കു വരൂ. വികസനം എന്താണെന്നും ജനപങ്കാളിത്തത്തിലൂടെ വികസനം എങ്ങനെ നടപ്പാക്കാമെന്നും പഠിക്കൂ..."- കേരളത്തിലെ എല്ലാ പത്രങ്ങളും പുകഴ്ത്തിയ വിഖ്യാതമായ ഈ "തിരുമാറാടി മോഡല്‍" മാത്രം മതി എം ജെ ജേക്കബിന്റെ മാറ്ററിയാന്‍ . പൊതുസമൂഹവും മാധ്യമങ്ങളും വാഴ്ത്തിയ ഈ വികസനഗാഥ എംഎല്‍എയായശേഷം എം ജെ പിറവത്തും ആവര്‍ത്തിക്കുകയായിരുന്നു. "1999-2000ലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡും സ്വരാജ് ട്രോഫിയും തിരുമാറാടി ഏറ്റുവാങ്ങിയപ്പോള്‍ "ദീപിക" പത്രം 2000 മാര്‍ച്ച് 30ന് എഴുതിയ മുഖപ്രസംഗത്തില്‍ ഇങ്ങനെ പ്രശംസിക്കുന്നു-

    "കേരളീയരെ മുഴുവന്‍ കോരിത്തരിപ്പിച്ച, സംസ്ഥാനത്തിന് മുഴുവന്‍ പ്രചോദനമേകുന്ന വിജയചരിത്രം തിരുമാറാടിക്ക് പറയാനുള്ളപ്പോള്‍ അവാര്‍ഡ് അതിനൊരു അംഗീകാരം മാത്രമാണ്".

    ReplyDelete