Friday, March 30, 2012
തളിപ്പറമ്പില്‍ സംഭവിക്കുന്നത് ലീഗ് തീവ്രവാദികളുടെ തീക്കളി
മുസ്ലിം ലീഗിലെ തീവ്രവാദികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ അജണ്ടയുടെ പരീക്ഷണ ശാലയാണ് തളിപ്പറമ്പ്. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നതിന് മതം മറയാക്കി വര്‍ഗീയ സംഘര്‍ഷമാക്കുകയും ഇത് പ്രോത്സാഹിപ്പിക്കുകയുമെന്ന അപകടകരമായ നീക്കമാണ് തളിപ്പറമ്പില്‍ കണ്ടത്. ഇത് നാളെ എവിടെയും സംഭവിക്കാം. ഈ ആപത്തിനെ ശരിയായ അര്‍ഥത്തില്‍ തിരിച്ചറിയാന്‍ മുസ്ലിം സമുദായത്തിലെ മതനിരപേക്ഷ-ജനാധിപത്യവിശ്വാസികള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ഈ തീക്കളി നമ്മുടെ നാടിന് തന്നെ ആപത്തായി മാറും. ഈ ഭീഷണിക്കെതിരെ രാഷ്ട്രീയം മറന്ന് നാടാകെ ഒന്നിക്കേണ്ട സന്ദര്‍ഭമാണിത്. ലീഗിലെ തീവ്രവാദികള്‍ തളിപ്പറമ്പില്‍ വാളോങ്ങുന്നത് സി പി ഐ (എം) നും നേതാക്കള്‍ക്കും മാത്രം നേരെയല്ല. നമ്മുടെ നാടിന്റെ സമ്പന്നമായ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
കേരളത്തിലെ മറ്റേത് പ്രദേശത്തെയും പോലെ ജനങ്ങള്‍ ഐക്യത്തോടെ ജീവിച്ച പ്രദേശമായിരുന്നു തളിപ്പറമ്പും. ലീഗിലെ ഒരു വിഭാഗം മത തീവ്രവാദ നിലപാടിലേക്ക് മാറിയപ്പോഴാണ് തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും അസ്വസ്ഥത പടരാന്‍ തുടങ്ങിയത്. പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള തീവ്രവാദ-ഭീകരവാദ സംഘടനകളിലേക്കുള്ള ചെറുപ്പക്കാരുടെ ഒഴുക്ക് തടയാന്‍ ലീഗിലെ ഒരു വിഭാഗം ആവിഷ്കരിച്ച തീവ്രവാദ നിലപാടാണ് ഇതിനിടയാക്കിയത്. കാസര്‍കോട്ടും നാദാപുരത്തുമെല്ലാം കണ്ട ലീഗ് തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണിത്. ഭരണത്തിന്റെ തണലും ആവശ്യത്തിന് പണവും ആയുധവും കൈയില്‍ വന്നതോടെ എന്തുമാകാമെന്ന ഹുങ്കിലാണ് ലീഗ്തീവ്രവാദികള്‍ നീങ്ങുന്നത്. ഏത് അക്രമത്തില്‍ ഉള്‍പ്പെടുന്നവരെയും രക്ഷിക്കാന്‍ ലീഗ് നേതാക്കള്‍ ഉള്ളപ്പോള്‍ എന്തിന് ഭയക്കണമെന്നാണ് അവരുടെ ചോദ്യം. രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള യുവാക്കളെ റിക്രൂട്ട് ചെയ്യുകയാണ് ഭീകരവാദികള്‍ ചെയ്യുന്നതെങ്കില്‍ , ഇവിടെ നാട്ടുകാര്‍ക്കെതിരെയാണ് ലീഗ് തീവ്രവാദികള്‍ ആയുധമെടുക്കുന്നത്. തീവ്രവാദപ്രവര്‍ത്തനത്തിന്റെ രണ്ട് രൂപങ്ങളാണിത്. കൗമാരംകഴിയാത്ത, ചോരത്തിളപ്പുള്ള ചെറുപ്പക്കാര്‍ക്ക് പണവും ആയുധവും നല്‍കി കളത്തിലിറക്കുന്നതാണ് തളിപ്പറമ്പില്‍ കണ്ടത്. വിവേകത്തിന്റെ തരിപോലുമില്ലാത്ത ഈ അക്രമിക്കൂട്ടത്തിന് അയല്‍ക്കാരെവരെ കൊത്തിയരിയാന്‍ ഒരു മടിയുമുണ്ടായില്ല. സിപിഐ (എം) അനുഭാവികളും പ്രവര്‍ത്തകരുമായി എന്ന ഒറ്റക്കാരണത്താലാണ് പട്ടുവം, അരിയില്‍ പ്രദേശങ്ങളില്‍ കുടുംബങ്ങളെ കൊല്ലാക്കൊലചെയ്തത്. പരിയാരം, ഏഴോം തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം നടന്ന അക്രമസംഭവങ്ങളുടെ തുടര്‍ച്ചയാണിപ്പോള്‍ ഇവിടെയും നാം കണ്ടത്. സിപി ഐ (എം) ജില്ലാ സമ്മേളനം കഴിഞ്ഞ് തിരിച്ച് പോവുകയായിരുന്ന വനിതാ വളണ്ടിയര്‍മാരെ ഉള്‍പ്പെടെ തളിപ്പറമ്പ് മന്നയില്‍ വച്ച് ആക്രമിച്ചതും ഇതേ തീവ്രവാദി സംഘം തന്നെയായിരുന്നു.
ഇത് സിപിഐ എമ്മിനു മാത്രമുള്ള അനുഭവമല്ല. അരിയില്‍ ടൗണില്‍ ഉയര്‍ത്തിയ കോണ്‍ഗ്രസ് പതാക രണ്ടുതവണ ലീഗ് തീവ്രവാദികള്‍ പരസ്യമായി നശിപ്പിച്ചതിനെ തുടര്‍ന്ന് മൂന്നാംതവണ പതാക ഉയര്‍ത്താന്‍ വന്നത് ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനായിരുന്നു. അദ്ദേഹം പതാക ഉയര്‍ത്തി നിമിഷങ്ങള്‍ക്കകം പട്ടാപ്പകല്‍ പതാക പരസ്യമായി നശിപ്പിച്ചതും ഇതേ സംഘമായിരുന്നു. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. എന്നാല്‍ അരിയില്‍ എന്ന ലീഗ് തീവ്രവാദകേന്ദ്രത്തില്‍ ജീവിക്കുന്ന സിപിഐ (എം) അനുഭാവികളോടും പ്രവര്‍ത്തകരോടും വീടും സ്ഥലവും വിറ്റ് ഓടിപ്പോകാനാണ് കല്‍പന. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോഡി നടപ്പാക്കിയതിന്റെ മറ്റൊരു പതിപ്പ്. ചരിത്രത്തില്‍ പലസ്തീന്‍ ജനത അനുഭവിക്കേണ്ടിവന്ന കഷ്ടതകളുമായി ഈ തുരത്തിയോടിക്കലിന് സാമ്യമുണ്ട്. തളിപ്പറമ്പില്‍ സംഭവിച്ചത് യുദ്ധം കഴിഞ്ഞ പ്രദേശം പോലെയാണിന്ന് തളിപ്പറമ്പ് പട്ടുവം-അരിയില്‍ മേഖല. മുസ്ലിംലീഗിന്റെ അക്രമിസംഘം അഴിഞ്ഞാടിയ വീടുകളില്‍ ഇപ്പോഴും ഭീതിവിട്ടൊഴിഞ്ഞിട്ടില്ല. പാത്രങ്ങളടക്കം സകലതും തല്ലിത്തകര്‍ത്ത വീടുകള്‍ . ഇവരുടെ മനസില്‍ ഇപ്പോഴും കൊലവിളിയുമായി അലറിയെത്തുന്ന സായുധസംഘത്തിന്റെ മുഖംമാത്രം. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നെഞ്ചിലിപ്പോഴും തീയാണ്. സമാധാനപ്രിയരും സാധുക്കളുമായ ജനതയെയാണ് സിപിഐ (എം) അനുഭാവികളും പ്രവര്‍ത്തകരുമായതിനാല്‍ മുസ്ലിംലീഗ് തീവ്രവാദിസംഘം വേട്ടയാടിയത്.
സിപിഐ (എം) അരിയില്‍ ലോക്കലിലെ മുതലപ്പാറ ബ്രാഞ്ച് സെക്രട്ടറി കുന്നൂല്‍ രാജനെ ഒരു പ്രകോപനവുമില്ലാതെ ഫെബ്രുവരി 19ന് രാവിലെ അഞ്ചരയ്ക്ക് ആക്രമിച്ചുകൊണ്ടാണ് ലീഗ്തീവ്രവാദികള്‍ അക്രമവാഴ്ച ആരംഭിച്ചത്. ദേശാഭിമാനി പത്രം വിതരണം ചെയ്യുന്നതിനിടയിലായിരുന്നു നിഷ്ഠൂരമായ ആക്രമണം. രണ്ട് കാലും അടിച്ചു തകര്‍ത്തു. മരണത്തില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട രാജന്‍ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമത്തില്‍ പ്രതിഷേധിച്ച് പട്ടുവം പഞ്ചായത്ത് പ്രസിഡണ്ട് ലത ഉള്‍പ്പെടെയുള്ള സഖാക്കള്‍ വൈകിട്ട് നടത്തിയ പ്രകടനവും ആക്രമിക്കപ്പെട്ടു. കല്ലേറില്‍ കെ സരിത്തിന് പരിക്കേറ്റു. വി ഉമേഷിന്റെ വീടും അച്ഛന്‍ ഗോപാലന്റെ ചായക്കടയും തകര്‍ത്തു. ആസൂത്രിതമായ അക്രമമായിരുന്നു ഇതെല്ലാം. ഒറ്റ ദിവസം ലീഗ് തീവ്രവാദികളുടെ ഏകപക്ഷീയമായ 4 ആക്രമണങ്ങള്‍!
ലീഗ് തീവ്രവാദികള്‍ തകര്‍ത്ത വീടും പ്രദേശവും സന്ദര്‍ശിക്കാനും ജനങ്ങളെ ആശ്വസിപ്പിക്കാനുമായി എത്തിയ സിപിഐ (എം) ജില്ലാ സെക്രട്ടറി സഞ്ചരിച്ച വാഹനം ഫെബ്രുവരി 20ന് ആക്രമിക്കപ്പെട്ടു. സിപിഐ (എം) ജില്ലാ സെക്രട്ടറി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, സിപിഐ (എം) ഏരിയാ കമ്മിറ്റി അംഗം കെ ബാലകൃഷ്ണന്‍ , ഡിവൈഎഫ്ഐ തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറി എ രാജേഷ്, ദേശാഭിമാനി റിപ്പോര്‍ട്ടര്‍ എം രാജീവന്‍ എന്നിവര്‍ക്കും കൈരളി വാഹനത്തിനും നേരെ അക്രമമുണ്ടായി. കൈരളിറിപ്പോര്‍ട്ടര്‍ ഷിജിത്ത് വായന്നൂര്‍ , ക്യാമറമാന്‍ ബാബുരാജ് മൊറാഴ, ഡ്രൈവര്‍ ജയന്‍ കല്യാശേരി, ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ പി ദിലീപ്കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. എന്നെ അക്രമിക്കാനായിരുന്നു അവരുടെ ഉന്നം. എന്റെ പേര് പറഞ്ഞായിരുന്നു കൊലവിളി. ഞങ്ങള്‍ അരിയില്‍ എത്തുമ്പോള്‍ നൂറോളം ലീഗ് തീവ്രവാദികള്‍ ആയുധങ്ങളുമായി സംഘടിച്ച് നില്‍ക്കുകയായിരുന്നു. ഒരു പൊലീസുകാരനും അവിടെയുണ്ടായിരുന്നില്ല. മാരകായുധങ്ങളുമായി ഞങ്ങളെ അപായപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. അക്രമമുണ്ടായ ഉടന്‍ വാഹനം അതിവേഗത്തില്‍ മുന്നോട്ടെടുത്തതിന്റെ ഫലമായാണ് ഞങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടുകയും പരിക്കേറ്റവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അരിയില്‍ പ്രദേശത്തെ ലീഗ് അക്രമത്തെക്കുറിച്ച് 19ന് രാത്രി തന്നെ ജില്ലാ സെക്രട്ടറി ജില്ലാ പൊലീസ് മേധാവിയുടെ ശ്രദ്ധയില് പെടുത്തിയിരുന്നു. എന്നാല്‍ അക്രമം ആവര്‍ത്തിക്കാതിരിക്കാന്‍ ഒരു മുന്‍കരുതലും പൊലീസ് സ്വീകരിച്ചില്ല. ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരവീഴ്ചയാണ് നേതാക്കളടക്കം ആക്രമിക്കപ്പെടുന്നതിന് ഇടയാക്കിയത്. ഡിജിപി പോലും ഇക്കാര്യത്തില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
നടുക്കുന്ന അക്രമങ്ങളുടെ രാപ്പകലുകളിലേക്കാണ് പിന്നീട് അരിയില്‍ , പട്ടുവം പ്രദേശങ്ങള്‍ എടുത്തെറിയപ്പെട്ടത്. എന്നും കാണുന്നവര്‍ കൊലക്കത്തിയുമായി വീടുകളിലെത്തി. അരിയിലെ പല്ലിയേരി മോഹനനെ വീട്ടില്‍ കയറി തലയ്ക്കും കൈക്കും വെട്ടിപ്പരിക്കേല്‍പിച്ചു. ഭാര്യ രാധയ്ക്കും വൃദ്ധ മാതാവിനും മകനും പരിക്കേറ്റു. ഇപ്പോഴും ബോധം തിരിച്ച് കിട്ടാത്ത നിലയില്‍ മോഹനന്‍ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നു. ആറു വീടുകള്‍ ആക്രമിച്ചുതകര്‍ത്തു. എടയന്നൂരിലും കമ്പില്‍ ടൗണിലും പ്രകടനത്തിന് നെരെ ആക്രമണമുണ്ടായി. ജില്ലയില്‍ വ്യാപകമായി ലൈബ്രറികള്‍ തീവെച്ചു. പുസ്തകങ്ങള്‍ ചുട്ടെരിച്ചു. സിപിഐ (എം) ഓഫീസുകള്‍ , കള്ള്ഷാപ്പുകള്‍ , കമ്പില്‍ ടൗണിലെ സ്ത്രീകള്‍ മാത്രം നടത്തുന്ന പുലരി ഹോട്ടല്‍ , ബേങ്കുകള്‍ , അംഗന്‍വാടി, തളിപ്പറമ്പിലെ മക്തബ് പ്രിന്റിങ്ങ് പ്രസ്, മര മില്ല്, കടകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ തീയിട്ടും ആക്രമിച്ചും നശിപ്പിച്ചു. പല കുടുംബങ്ങളുടെയും ജീവനോപാധികള്‍ അഗ്നിയില്‍ ചാമ്പലായി. അക്രമം തടയാനെത്തിയ പൊലീസിനെയടക്കം ആക്രമിച്ചു. വയനാട്ടില്‍നിന്ന് പ്രത്യേക ഡ്യൂട്ടിക്കെത്തിയ പോലീസ്കാരന്‍ സിദ്ധിഖിനും മാട്ടൂലില്‍ വച്ച് ലീഗ് തീവ്രവാദി അക്രമത്തില്‍ പരിക്കേറ്റു.
നാടിനെ ചുടലക്കളമാക്കിയ അക്രമപരമ്പരക്കിടയില്‍ കണ്ണപുരം കീഴറയില്‍ ഒരു മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. നിര്‍ഭാഗ്യകരമായ സംഭവമായിരുന്നു അത്. ലീഗ് തീവ്രവാദികള്‍ നടത്തിയ അക്രമപരമ്പരയാണ് ഒരാളുടെ ജീവന്‍ നഷ്ടപ്പെടുന്നതടക്കമുള്ള സംഭവങ്ങള്‍ക്കിടയാക്കിയത്. അക്രമികള്‍ക്ക് ആയുധം നല്‍കി കയറൂരിവിട്ട ലീഗ്തീവ്രവാദിനേതൃത്വമാണ് ഇതിന് ഉത്തരവാദി. അവിടെയും കാര്യങ്ങള്‍ അവസാനിച്ചില്ല. സമാധാനയോഗത്തിന് ശേഷവും ആയുധം താഴെവെക്കാന്‍ ലീഗ്തീവ്രവാദികള്‍ തയാറായില്ല. സിപിഐ (എം) മാട്ടൂല്‍ ബ്രാഞ്ച് സെക്രട്ടറി രാജേഷ്, പി പവിത്രന്‍ എന്നിവരുടെ വീട് ആക്രമിച്ചു. മോഹനന്‍ മാസ്റ്ററുടെ കാര്‍ അടിച്ച് തകര്‍ത്തു. കാവിലെപറമ്പില്‍ പ്രേമന്റെ ചായക്കട കത്തിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. സി എച്ച് മേമിയുടെ വീടിന് ബോംബെറിഞ്ഞു. ചപ്പാരപ്പടവ് പഞ്ചായത്തിലെ സിപിഐ (എം) ബദരിയ നഗര്‍ ബ്രാഞ്ച് സെക്രട്ടറി മൊയ്തുവിന്റെ ഉപ്പ അബ്ദുള്ള ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. ജില്ലയില്‍ ലീഗ് കേന്ദ്രങ്ങളില്‍ വ്യാപകമായി ബസ്സുകള്‍ ആക്രമിക്കപ്പെടുന്ന നില തുടര്‍ന്നു. ഇതിനെ തുടര്‍ന്നാണ് ഒരു ദിവസം ജില്ലയില്‍ സ്വകാര്യ ബസ്സുകള്‍ ഓട്ടം നിര്‍ത്തിവെക്കാന്‍ നിര്‍ബന്ധിതരായത്.
തളിപ്പറമ്പ് അക്രമത്തില്‍ പിടിയിലായ 2 ലീഗ് തീവ്രവാദികളില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. അരിയില്‍ സംഭവത്തെതുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ വര്‍ഗീയകലാപമാക്കി മാറ്റാനും പരക്കെ കൊള്ള നടത്താനുമുള്ള ആസൂത്രണമുണ്ടായി. ഇതിനായി മുസ്ലീം നടത്തുന്ന വസ്ത്ര വ്യാപാര സ്ഥാപനം കത്തിക്കാനും ലീഗ് തീവ്രവാദി സംഘം ഗൂഢാലോചന നടത്തി. ഈ തീവെപ്പിന്റെ ഉത്തരവാദിത്വം സിപിഐ എമ്മിന്റെ ചുമലിലിട്ട് മുസ്ലീം വിരുദ്ധ പാര്‍ടിയാണ് സിപിഐ (എം) എന്ന് പ്രചാരവേല നടത്താനുള്ള ആസൂത്രണമാണ് ഇവിടെ നടന്നത്.
എന്തുവിലകൊടുത്തും നാടിന്റെ സമാധാനവും മതമൈത്രിയും സംരക്ഷിക്കാനുള്ള സിപിഐ (എം) ന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് തളിപ്പറമ്പിനെ കലാപകേന്ദ്രമാക്കാനുള്ള ലീഗ്തീവ്രവാദി ഗൂഢാലോചന പൊളിച്ചത്. അരിയില്‍ സിപിഐ (എം) പ്രവര്‍ത്തകര്‍ക്കുനേരെ ഏകപക്ഷീയമായ ഒരു ഡസനോളം അക്രമമുണ്ടായിട്ടും പാര്‍ടി ശക്തികേന്ദ്രങ്ങളിലടക്കം ലീഗ് പ്രവര്‍ത്തകര്‍ക്ക് ഒരു പോറല്‍പോലും ഏറ്റിട്ടില്ല. നിറം പിടിപ്പിച്ച നുണകളുമായി ലീഗ് മുസ്ലിം ലീഗിന്റെ സമ്മേളനങ്ങളും യോഗങ്ങളുമെല്ലാം പലപ്പോഴും വന്‍കലാപങ്ങളായി മാറുന്നതാണ് സമീപകാല ചരിത്രം. കാസര്‍കോട് കലാപം മറക്കാറായിട്ടില്ല. മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളുടെ സാന്നിധ്യത്തിലാണ് ലീഗ് തീവ്രവാദികള്‍ കാസര്‍കോട്ട്ഭഭീകരമായ അക്രമം അഴിച്ചുവിട്ടത്. പ്രതികള്‍ പിടിയിലാവുമെന്ന ഘട്ടത്തില്‍ കാസര്‍കോട് കലാപം അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട കമീഷനെ തന്നെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ലീഗ്തീവ്രവാദികള്‍ വന്‍തോതില്‍ ബോംബ്നിര്‍മാണവും ആയുധസംഭരണവും നടത്തുന്നുവെന്നതിന്റെ തെളിവായിരുന്നു നാദാപുരം ബോംബ്സ്ഫോടനം. നാദാപുരത്ത് ബോംബ് നിര്‍മാണത്തിനിടയില്‍ അഞ്ച് ലീഗ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ആക്രമണങ്ങള്‍ക്ക് ശേഷം അരിയിലെത്തിയ ലീഗ് നേതാക്കളില്‍ മാറാട് കൂട്ടക്കൊലയ്ക്ക് പിന്നിലെ ഗൂഢാലോചനക്കാരനെന്ന് ക്രൈംബ്രാഞ്ച് പോലീസ് സംഘം കണ്ടെത്തിയ മായിന്‍ ഹാജി ഉള്‍പ്പെട്ടിരുന്നു എന്നത് നാം പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
ഓരോ സംഭവം കഴിയുമ്പോഴും പെരുംനുണകളുമായി സാമുദായിക വികാരം ഇളക്കാന്‍ മുസ്ലിംലീഗ് പരിശ്രമിച്ചിട്ടുണ്ട്. 2001-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാദാപുരത്ത് മുസ്ലിം സ്ത്രീയെ സിപിഐ എമ്മുകാര്‍ ക്രൂരമായി ബലാല്‍സംഗം ചെയ്തെന്ന കള്ളക്കഥ കേരളമാകെ പ്രചരിപ്പിച്ചത് ഓര്‍ക്കുക. ഒടുവില്‍ ആ സ്ത്രീ തന്നെ സത്യം വിശദീകരിക്കുമ്പോഴേക്കും വര്‍ഷം ഏറെ കഴിഞ്ഞിരുന്നു. തളിപ്പറമ്പിലും അതാണ് സംഭവിക്കുന്നത്. മാര്‍ക്സിസ്റ്റ് അക്രമത്തിന്റെ നിറംപിടിപ്പിച്ച നുണക്കഥകള്‍ , സാമുദായിക വികാരം ഇളക്കിവിടുമാറ് അവതരിപ്പിക്കുന്നു. പള്ളികളില്‍ ഇക്കാര്യം പ്രചരിപ്പിക്കുന്നു. എന്നെ വര്‍ഗീയവാദിയെന്ന് ആക്ഷേപിക്കാനടക്കം ലീഗ് തീവ്രവാദികള്‍ക്ക് മടിയുണ്ടായില്ല.
മത സൗഹോദര്യം സംരക്ഷിക്കാന്‍ ജീവന്‍ നല്‍കിയ പ്രസ്ഥാനമാണ് സിപിഐ (എം). ന്യൂനപക്ഷ സംരക്ഷണത്തിനായി എന്നും മുന്നില്‍ നിന്ന് പടപൊരുതിയ പാര്‍ടി. തലശേരി കലാപകാലത്ത് മെരുവമ്പായിയില്‍ പള്ളി സംരക്ഷിക്കാന്‍ കാവല്‍ നിന്നതിന് ആര്‍എസ്എസുകാര്‍ അരുംകൊലചെയ്ത യു കെ കുഞ്ഞിരാമന്റെ പാരമ്പര്യമുള്ള പ്രസ്ഥാനമാണിത്. അണികളെ പിടിച്ചുനിര്‍ത്താന്‍ മതവികാരവും സംഘര്‍ഷവും വളര്‍ത്തിയാലേ മാര്‍ഗമുള്ളൂ എന്ന ഗതികേടില്‍നിന്നാണ് ലീഗ് നേതൃത്വം സിപിഐ എമ്മിനെതിരെ തിരിയുന്നത്. സമുദായവികാരം ഇളക്കിവിട്ട് നേട്ടമുണ്ടാക്കാനാവുമോ എന്നാണ് അവര്‍ ചിന്തിക്കുന്നത്. ചരിത്രപരമായി ഇടതുപക്ഷത്ത് നിലയുറപ്പിച്ച ദേശീയ ബോധമുള്ള മുസ്ലിങ്ങളെയും ഇടതുപക്ഷ അനുഭാവമുള്ളവരെയും മതവികാരം ആളിക്കത്തിച്ച് തങ്ങളുടെ വരുതിയില്‍ നിര്‍ത്താനുള്ള ആസൂത്രിത നീക്കം ഇതിന്റെയെല്ലാം പിന്നിലുണ്ട്. ഇതിനായി നട്ടാല്‍ മുളയ്ക്കാത്ത പെരുംനുണകള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിക്കുന്നു. പഴയ ഗീബല്‍സിയന്‍ തന്ത്രം തന്നെ.
സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ തമ്മിലുള്ള പ്രശ്നം എന്നതിലുപരി മതവിഭാഗങ്ങള്‍ തമ്മിലുള്ള സ്പര്‍ധയാക്കി പ്രശ്നത്തെ വളര്‍ത്താനാണ് ലീഗ്തീവ്രവാദികള്‍ ശ്രമിച്ചത്. അക്രമത്തിനും തീവ്രവാദികളെ സഹായിക്കാനും മതവിശ്വാസത്തെയും ആരാധനാലയങ്ങളെയും മറയാക്കി വ്യാപകമായി ഫണ്ട് ശേഖരിക്കുന്നു. രാഷ്ട്രീയസംഘര്‍ഷവുമായി ബന്ധപ്പെട്ട് ഫണ്ട് പിരിക്കുന്നത് അസാധാരണമല്ലെങ്കിലും ആരാധനാലയം കേന്ദ്രീകരിച്ച് ഫണ്ട് ശേഖരിക്കുന്നത് ദുരുദ്ദേശ്യത്തോടെയുള്ളതാണ്. മാത്രവുമല്ല, ഇത് ആരാധനാലയങ്ങളുടെ ദുരുപയോഗം തടയുന്നതിന് പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ ലംഘനവുമാണ്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനുനേരെ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് കണ്ണടയ്ക്കുകയാണ്. എന്നാല്‍ ആരാധനാലയത്തെ രാഷ്ട്രീയ പ്രചാരണവേദിയാക്കുന്നതിനും ഫണ്ട് പിരിവിനുമെതിരെ വിശ്വാസികള്‍ തന്നെ പല സ്ഥലത്തും മുന്നോട്ട്വന്നിട്ടുണ്ടെന്നത് ആശ്വാസകരമാണ്. സമാധാനവും മതേതരത്വവും പുലരണമെന്ന് ആഗ്രഹിക്കുന്ന നിരവധിപേര് മുസ്ലിം ലീഗിലുണ്ട്. നിര്‍ഭാഗ്യവശാല്‍ ആ പാര്‍ടിയില്‍ തീവ്രവാദികള്‍ക്കാണ് മേധാവിത്വം. കണ്ണൂര്‍ നഗരസഭയിലെ ചെയര്‍മാന്‍ പദവിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാവിന്റെ വീടും കാറും മാരകായുധങ്ങളുമായി എത്തിയ ലീഗ് തീവ്രവാദികള്‍ തല്ലിത്തകര്‍ത്തത് ആരും മറന്നിട്ടില്ല. ലീഗിന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചിന്തിക്കുന്ന നിരവധിപേര്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഇതര പാര്‍ടികളിലുണ്ട്. എന്നാല്‍ നാടിന്റെ സമാധാനത്തിന് ഭീഷണിയായ സുധാകരനെ പോലുള്ളവര്‍ എരിതീയില്‍ എണ്ണയൊഴിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
തളിപ്പറമ്പില്‍ ശാശ്വത സമാധാനം പുലരണമെന്നാണ് സിപിഐ (എം) ആഗ്രഹിക്കുന്നത്. സമാധാന യോഗത്തിന് ശേഷവും ലീഗ്തീവ്രവാദികള്‍ ഏകപക്ഷീയമായ ആക്രമണം തുടരെ നടത്തിയിട്ടും തികഞ്ഞ ആത്മസംയമനമാണ് പാര്‍ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഏതുപാര്‍ടിയിലും മതത്തിലും പെട്ടവരായാലും സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാവണം. ലീഗ് തീവ്രവാദികളെ ഒറ്റപ്പെടുത്താനും നാടിന്റെ മതനിരപേക്ഷപാരമ്പര്യവും സമാധാനവും സംരക്ഷിക്കാനും എല്ലാ വിഭാഗമാളുകളുടെയും സഹകരണമുണ്ടാവണം.
പി ജയരാജന്‍ chintha weekly
Labels:
നുണപ്രചരണം,
മുസ്ലീം ലീഗ്,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
മുസ്ലിം ലീഗിലെ തീവ്രവാദികള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയ അജണ്ടയുടെ പരീക്ഷണ ശാലയാണ് തളിപ്പറമ്പ്. രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്നതിന് മതം മറയാക്കി വര്‍ഗീയ സംഘര്‍ഷമാക്കുകയും ഇത് പ്രോത്സാഹിപ്പിക്കുകയുമെന്ന അപകടകരമായ നീക്കമാണ് തളിപ്പറമ്പില്‍ കണ്ടത്. ഇത് നാളെ എവിടെയും സംഭവിക്കാം. ഈ ആപത്തിനെ ശരിയായ അര്‍ഥത്തില്‍ തിരിച്ചറിയാന്‍ മുസ്ലിം സമുദായത്തിലെ മതനിരപേക്ഷ-ജനാധിപത്യവിശ്വാസികള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ ഈ തീക്കളി നമ്മുടെ നാടിന് തന്നെ ആപത്തായി മാറും. ഈ ഭീഷണിക്കെതിരെ രാഷ്ട്രീയം മറന്ന് നാടാകെ ഒന്നിക്കേണ്ട സന്ദര്‍ഭമാണിത്. ലീഗിലെ തീവ്രവാദികള്‍ തളിപ്പറമ്പില്‍ വാളോങ്ങുന്നത് സി പി ഐ (എം) നും നേതാക്കള്‍ക്കും മാത്രം നേരെയല്ല. നമ്മുടെ നാടിന്റെ സമ്പന്നമായ മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്.
ReplyDelete