Thursday, March 29, 2012

പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകണം: സിഐടിയു


പത്രം ഏജന്റുമാര്‍ നടത്തുന്ന സമരം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രശ്നം കൂടിയാലോചനകള്‍വഴി പരിഹരിക്കണം. ഏതാനും മാസങ്ങളായി ന്യായമായ ആവശ്യങ്ങളുന്നയിച്ച് പത്രം ഏജന്റുമാര്‍ പ്രക്ഷോഭത്തിലാണ്. എല്ലാ പത്ര ഉടമകള്‍ക്കും പണിമുടക്കിനുമുമ്പുതന്നെ ആവശ്യങ്ങള്‍ ഉന്നയിച്ച് ബന്ധപ്പെട്ട സംഘടന നോട്ടീസ് നല്‍കിയിരുന്നു. ആവശ്യങ്ങള്‍ ഉന്നയിച്ച് 2011 സെപ്തംബര്‍ മൂന്നിന് പണിമുടക്കും നടത്തി. എന്നാല്‍, പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട പത്ര ഉടമകള്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് 20 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.

ഇതിനിടെ ആവശ്യങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കുന്നതിന് ഇന്ത്യന്‍ എക്സ്പ്രസ്, മംഗളം മാനേജ്മെന്റുകള്‍ തയ്യാറായി. ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്നവയല്ല എന്ന കാരണത്താല്‍ രാഷ്ട്രീയപാര്‍ടികളുടെ പത്രങ്ങളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കാന്‍ പണിമുടക്കിന് നേതൃത്വം നല്‍കുന്ന സംഘടന തീരുമാനിച്ചിരുന്നു. എന്നാല്‍, കുത്തക പത്രങ്ങള്‍ പത്രസ്വാതന്ത്ര്യത്തിന്റെയും വായനാസ്വാതന്ത്ര്യത്തിന്റെയും പേരുപറഞ്ഞ് തൊഴിലാളികള്‍ നടത്തുന്ന സമരത്തെ കടന്നാക്രമിക്കുകയാണ്. ഈ സമരം സിഐടിയു സമരമാണെന്നും മാതൃഭൂമിക്കും മനോരമയ്ക്കും എതിരായി മാത്രമുള്ള സമരമാണെന്നുമാണ് പ്രചാരണം. സിപിഐ എമ്മിന്റെ രാഷ്ട്രീയലാക്കിനുവേണ്ടിയാണ് സമരമെന്ന പ്രചാരണവുമുണ്ട്.

ന്യൂസ്പേപ്പര്‍ ഏജന്റ്സ് അസോസിയേഷനില്‍ വ്യത്യസ്ത രാഷ്ട്രീയാഭിപ്രായക്കാരും വ്യത്യസ്ത വീക്ഷണവുമുള്ള തൊഴിലാളികള്‍ അംഗങ്ങളാണ്. അവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായമാണ് എന്നതുകൊണ്ടാണ് സിഐടിയു പണിമുടക്കിനെ പിന്തുണയ്ക്കുന്നത്. പത്രജീവനക്കാരുടെ സംഘടനയും സ്വതന്ത്രമാണ്. വേജ്ബോര്‍ഡ് ശുപാര്‍ശപ്രകാരമുള്ള വേതനവര്‍ധന നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ അവരും പ്രക്ഷോഭത്തിലാണ്. പത്രജീവനക്കാരുടെ പ്രക്ഷോഭത്തിനും സിഐടിയു പരിപൂര്‍ണ പിന്തുണയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വായനാസ്വാതന്ത്ര്യം നിഷേധിക്കുന്നത് പ്രശ്നം ചര്‍ച്ചചെയ്ത് പരിഹരിക്കാത്ത പത്രമാനേജ്മെന്റുകളാണെന്നും സിഐടിയു പറഞ്ഞു.

deshabhimani 290312

1 comment:

  1. പത്രം ഏജന്റുമാര്‍ നടത്തുന്ന സമരം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. പ്രശ്നം കൂടിയാലോചനകള്‍വഴി പരിഹരിക്കണം. ഏതാനും മാസങ്ങളായി ന്യായമായ ആവശ്യങ്ങളുന്നയിച്ച് പത്രം ഏജന്റുമാര്‍ പ്രക്ഷോഭത്തിലാണ്. എല്ലാ പത്ര ഉടമകള്‍ക്കും പണിമുടക്കിനുമുമ്പുതന്നെ ആവശ്യങ്ങള്‍ ഉന്നയിച്ച് ബന്ധപ്പെട്ട സംഘടന നോട്ടീസ് നല്‍കിയിരുന്നു. ആവശ്യങ്ങള്‍ ഉന്നയിച്ച് 2011 സെപ്തംബര്‍ മൂന്നിന് പണിമുടക്കും നടത്തി. എന്നാല്‍, പ്രശ്നം പരിഹരിക്കുന്നതിന് ബന്ധപ്പെട്ട പത്ര ഉടമകള്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് മാര്‍ച്ച് 20 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് തുടങ്ങിയത്.

    ReplyDelete