Wednesday, March 28, 2012

സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ നിലവാരത്തകര്‍ച്ച


സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഗുരുതരമായ അധ്യയന നിലവാരത്തകര്‍ച്ചയെന്ന് അന്വേഷണറിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡം പാലിക്കാത്ത സ്വാശ്രയ കോളേജുകളില്‍ ഭൂരിഭാഗത്തിലും മുഴുവന്‍ ഡിപ്പാര്‍ട്മെന്റുകളുമില്ല, ആവശ്യത്തിന് അധ്യാപകരുമില്ല. ഉള്ളവര്‍ക്ക് മതിയായ യോഗ്യതയുമില്ല. മെഡിക്കല്‍ കോഴ്സുകളിലെ കൂട്ടത്തോല്‍വിക്ക് പ്രധാന ഉത്തരവാദികള്‍ സ്വാശ്രയ കോളേജുകളാണെന്നും കേരള ആരോഗ്യസര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയ്ക്കുശേഷമാണ് സര്‍വകലാശാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആദ്യ പരീക്ഷകളുടെ ഫലം വന്നതിനെത്തുടര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഒരു മാസത്തിലധികമായി നടപടികളെടുക്കാതെ സര്‍വകലാശാലതന്നെ പൂഴ്ത്തിവച്ചിരിക്കയാണ്. കൂട്ടത്തോല്‍വിയുണ്ടായതടക്കം കൂടുതല്‍ കോളേജുകളിലേക്ക് അന്വേഷണം നടത്തുന്നതും നിര്‍ത്തി. ഇത് സ്വാശ്രയ ലോബിയുടെയും സര്‍ക്കാരിലെ ഉന്നതരുടെയും ഇടപെടലിനെത്തുടര്‍ന്നാണെന്ന് ആരോപണമുണ്ട്. കൂട്ടത്തോല്‍വിയുണ്ടായ കോളേജുകളിലെ വിദ്യാര്‍ഥികളില്‍നിന്ന് അന്യായട്യൂഷന്‍ ഫീ വാങ്ങിയതിലും വ്യാജരേഖയുണ്ടാക്കി ഒരു കോളേജ് പിജി കോഴ്സിന് അപേക്ഷിച്ചതിലും തെളിവുണ്ടായിട്ടും നടപടി മരവിപ്പിച്ചു. ആരോഗ്യ സര്‍വകലാശാല നിലവില്‍ വന്നശേഷം നടത്തിയ നാലെണ്ണമൊഴികെയുള്ള പരീക്ഷകളുടെ ഫലം പുറത്തുവന്നു. ഇതില്‍ ബിഡിഎസ്, ബിഎസ്സി നേഴ്സിങ്, ഫിസിയോ തെറാപ്പി തുടങ്ങിയവയ്ക്ക് കൂട്ടത്തോല്‍വിയായിരുന്നു. ഫലം മോശമായ കോളേജുകളില്‍ പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് സര്‍വകലാശാല നിയമം.

ആറു കോളേജുകളിലെ എംബിബിഎസ് കോഴ്സുകളെ സംബന്ധിച്ചാണ് അന്വേഷിച്ചത്. കോഴിക്കോടുള്ള രണ്ടും പാലക്കാട്, കൊല്ലം, കൊച്ചി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ഒരോ കോളേജുകളിലുമായിരുന്നു പരിശോധന. ലക്ചറര്‍ തസ്തികയിലേക്ക് പിജി വേണമെന്ന് നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും എംബിബിഎസുകാരാണ്. നിശ്ചിതവര്‍ഷം സര്‍വീസ് ഇല്ലാത്തവരെ അസി. പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ തസ്തികയില്‍ നിയമിച്ചിട്ടുണ്ട്. ലാബ്, ലൈബ്രറി, തിയറ്റര്‍ സൗകര്യങ്ങളിലും കുറവുകളുണ്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചവരില്‍ ഒരാള്‍ "ദേശാഭിമാനി"യോടു പറഞ്ഞു. കൂട്ടത്തോല്‍വിയുണ്ടായ ബിഡിഎസ് അടക്കമുള്ള കോഴ്സിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളില്‍നിന്ന് സ്വാശ്രയ കോളേജുകള്‍ അഡീഷണല്‍ ഫീ എന്ന പേരില്‍ 40,000 രൂപവരെ ഈടാക്കി. ഇതു സംബന്ധിച്ച പരാതിയിലും തുടര്‍നടപടിയില്ല.
(വി എം രാധാകൃഷ്ണന്‍)

വ്യാജരേഖയുണ്ടാക്കിയിട്ടും നടപടിയില്ല

തൃശൂര്‍: കൊല്ലത്തുള്ള ഒരു സ്വാശ്രയ കോളേജ് കൂടുതല്‍ കോഴ്സുകള്‍ എഴുതിച്ചേര്‍ത്ത് പിജി അനുവദിക്കാന്‍ മെഡിക്കല്‍ കൗണ്‍സിലിലേക്ക് അപേക്ഷ അയച്ചു. ഇക്കാര്യം പുറത്തായപ്പോള്‍ സര്‍വകലാശാല മെഡിക്കല്‍ കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചെങ്കിലും നടപടി ഒതുക്കിത്തീര്‍ത്തു. കോളേജുകള്‍ സര്‍വകലാശാലയില്‍നിന്നുള്ള അഫിലിയേഷന്റെ അനുമതിപത്രം വാങ്ങിയാണ് പിജി കോഴ്സുകള്‍ക്ക് അപേക്ഷിക്കേണ്ടത്. സര്‍വകലാശാലായുടെ പേരില്‍ വ്യാജരേഖയുണ്ടാക്കി മെഡിക്കല്‍ കൗണ്‍സിലിന് അയച്ച സംഭവത്തില്‍ ബന്ധപ്പെട്ട കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ആരോഗ്യ സര്‍വകലാശാലക്ക് അധികാരമുണ്ട്. എന്നിട്ടും സ്വാശ്രയകോളേജിനു മുന്നില്‍ അധികൃതര്‍ മുട്ടുമടക്കി. നിലവാരത്തകര്‍ച്ചയുണ്ടായിട്ടും ആനുപാതികമല്ലാതെ ഫീസ് കൂട്ടാന്‍ സര്‍ക്കാരിന്റെ ഒത്താശയുമുണ്ട്.

deshabhimani 280312

1 comment:

  1. സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഗുരുതരമായ അധ്യയന നിലവാരത്തകര്‍ച്ചയെന്ന് അന്വേഷണറിപ്പോര്‍ട്ട്. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ മാനദണ്ഡം പാലിക്കാത്ത സ്വാശ്രയ കോളേജുകളില്‍ ഭൂരിഭാഗത്തിലും മുഴുവന്‍ ഡിപ്പാര്‍ട്മെന്റുകളുമില്ല, ആവശ്യത്തിന് അധ്യാപകരുമില്ല. ഉള്ളവര്‍ക്ക് മതിയായ യോഗ്യതയുമില്ല. മെഡിക്കല്‍ കോഴ്സുകളിലെ കൂട്ടത്തോല്‍വിക്ക് പ്രധാന ഉത്തരവാദികള്‍ സ്വാശ്രയ കോളേജുകളാണെന്നും കേരള ആരോഗ്യസര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയ്ക്കുശേഷമാണ് സര്‍വകലാശാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

    ReplyDelete