Tuesday, March 27, 2012

തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ മാര്‍ച്ച് നാളെ

നിയമം വ്യവസ്ഥചെയ്യുന്ന ആനുകൂല്യങ്ങളും തൊഴില്‍സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ ബുധനാഴ്ച മാര്‍ച്ച് നടത്തും. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ടറേറ്റിലേക്കുമാണ് മാര്‍ച്ച്. സെക്രട്ടറിയറ്റ് മാര്‍ച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

എറണാകുളത്ത് രാവിലെ 10ന് തൃക്കാക്കര ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാര്‍ച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്യും. മാര്‍ച്ചിനു മുന്നോടിയായി 18ന് കാഞ്ഞങ്ങാടുനിന്ന് ആരംഭിച്ച വടക്കന്‍മേഖലാ ജാഥയും പാറശാലയില്‍നിന്ന് ആരംഭിച്ച തെക്കന്‍ മേഖലാ ജാഥയും ഞായറാഴ്ച കോതമംഗലത്ത് സമാപിച്ചു. യൂണിയന്‍ സംസ്ഥാന സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ക്യാപ്റ്റനായ വടക്കന്‍മേഖലാ ജാഥയ്ക്ക് സമാപന ദിവസം അങ്കമാലി, പറവൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. സംസ്ഥാന പ്രസിഡന്റ് എസ് രാജേന്ദ്രന്‍ നയിച്ച തെക്കന്‍മേഖലാ ജാഥയ്ക്ക് കുമ്പളം, മുളന്തുരുത്തി, കോലഞ്ചേരി എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി.

ദിവസവേതനം 200 രൂപയാക്കുക, പ്രതിവര്‍ഷം ഒരു കുടുംബത്തിനുള്ള തൊഴില്‍ദിനങ്ങള്‍ 200 ആക്കുക, ജോലിസമയം രാവിലെ ഒമ്പതുമുതല്‍ വൈകിട്ട് നാലുവരെയാക്കുക, ഇന്‍ഷുറന്‍സും ക്ഷേമനിധിയും ഏര്‍പ്പെടുത്തുക, നിശ്ചിത ദിവസത്തിനകം വേതനം നല്‍കുക, കാര്‍ഷിക മേഖലയിലെയും ക്ഷീര-തോട്ടം-കയര്‍ വ്യവസായ മേഖലകളിലെ പദ്ധതികളും നടപ്പാക്കാന്‍ കഴിയും വിധം തൊഴിലുറപ്പ് ജോലികള്‍ വിപുലപ്പെടുത്തുക, നഗരപ്രദേശങ്ങള്‍ക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. തൊഴിലുറപ്പ് പദ്ധതിയിലെ മുഴുവന്‍ തൊഴിലാളികളും മാര്‍ച്ചില്‍ അണിനിരക്കണമെന്ന് യൂണിയന്‍ സംസ്ഥാന ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.

deshabhimani 270312

1 comment:

  1. നിയമം വ്യവസ്ഥചെയ്യുന്ന ആനുകൂല്യങ്ങളും തൊഴില്‍സൗകര്യങ്ങളും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ ബുധനാഴ്ച മാര്‍ച്ച് നടത്തും. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയറ്റിലേക്കും മറ്റു ജില്ലകളില്‍ കലക്ടറേറ്റിലേക്കുമാണ് മാര്‍ച്ച്. സെക്രട്ടറിയറ്റ് മാര്‍ച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

    ReplyDelete