Saturday, March 31, 2012

സിപിഐയുടെ അമരത്ത് തെലുങ്കാനയുടെ സമരവീര്യം


എസ് സുധാകര റെഡ്ഡി സിപിഐ ജനറല്‍ സെക്രട്ടറി

പട്ന: സിപിഐ ജനറല്‍ സെക്രട്ടറിയായി എസ് സുധാകര റെഡ്ഡിയെ 21ാം പാര്‍ട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്തു. 138 അംഗ നാഷണല്‍ കൗണ്‍സിലിനെയും 31 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും 9 അംഗ കേന്ദ്ര സെക്രട്ടറിയേറ്റിനെയും സമ്മേളനം ഏകകണ്ഠമായി തെരഞ്ഞെടുത്തു.

പന്ന്യന്‍ രവീന്ദ്രന്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായി. കാനം രാജേന്ദ്രന്‍, കെ ഇ ഇസ്മയില്‍, സി ദിവാകരന്‍, ആനി രാജ എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള 14 പേര്‍ ദേശീയ കൗണ്‍സില്‍ അംഗങ്ങളായി. ബിനോയ് വിശ്വവും ചിഞ്ചുറാണിയുമാണ് ദേശീയ കൗണ്‍സിലിലെത്തിയ കേരളത്തില്‍ നിന്നുള്ള പുതിയ അംഗങ്ങള്‍.

വി എസ് സുനില്‍ കുമാറിന് പകരം കെ രാജന്‍ കാന്റിഡേറ്റ് അംഗമാകും. വെളിയം ഭാര്‍ഗവന്‍ ദേശീയ കൗണ്‍സിലില്‍ തുടരും. നാലുതവണ സെക്രട്ടറിയായ എ ബി ബര്‍ദന്‍ കേന്ദ്ര സെക്രട്ടറിയേറ്റില്‍ തുടരും.

സിപിഐയുടെ അമരത്ത് തെലുങ്കാനയുടെ സമരവീര്യം

പട്ന: തെലുങ്കാനയുടെ സമരപാരമ്പര്യവുമായാണ് എസ് സുധാകര റെഡ്ഡി സിപിഐയെ നയിക്കാനെത്തുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായ തെലുങ്കാന സായുധ സമര പോരാളിയായിരുന്ന സുരവരം വെങ്കിട് രാമറെഡ്ഡിയുടെ അഞ്ചു മക്കളില്‍ മൂത്തയാളാണ് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ആന്ധ്ര മഹാസഭയില്‍ അംഗമായിരുന്ന രാമറെഡ്ഡിയുടെ മൂത്ത സഹോദരന്‍ പ്രതാപ റെഡ്ഡിയും സ്വാതന്ത്ര സമര പോരാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന രവിനാരായണയുമായുള്ള അടുപ്പം വെങ്കിട് രാമറെഡ്ഡിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാളിയാക്കി.

കുടിയേറ്റ തൊഴിലാളികള്‍ ഏറ്റവും അധികമുള്ള ജില്ലയാണ് പാരമുരു എന്ന പേരുള്ള മെഹബൂബ് നഗര്‍. അവിടെ ആലംപൂര്‍ താലൂക്കില്‍ കുഞ്ച്പോട് ഗ്രാമത്തിലാണ് എസ് സുധാകര്‍ റെഡ്ഡി ജനിച്ചത്. സമീപ ജില്ലയായ കുര്‍ണൂലിലായിരുന്നു വിദ്യാഭ്യാസം. വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ കോളജ് വിദ്യാഭ്യാസ കാലത്തുതന്നെ എഐഎസ്എഫ് പ്രവര്‍ത്തനങ്ങളില്‍ സുധാകര്‍ റെഡ്ഡി സജീവമായിരുന്നു. വിദ്യാര്‍ത്ഥി വിഷയങ്ങളില്‍ മുന്നണി പോരാളിയായിതന്നെ സുധാകര്‍ നിലയുറപ്പിച്ചു. ബി എ ഹിസ്റ്ററിക്ക് ശേഷം ഓസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നിയമ വിദ്യാഭ്യാസത്തിന് ചേര്‍ന്നു. കോളജിലെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സുധാകര്‍ റെഡ്ഡിയുടെ സഹപാഠിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി.
വിശാഖപട്ടണത്ത് സ്റ്റീല്‍ പ്ലാന്റ് സ്ഥാപനത്തിനുവേണ്ടി സമരം ചെയ്തവരില്‍ മുന്‍നിരയിലായിരുന്നു സുധാകര്‍ റെഡ്ഡി. എല്‍ എല്‍ എം വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ അദ്ദേഹം പ്രവര്‍ത്തന കേന്ദ്രം ഡല്‍ഹിയാക്കി. എഐഎസ്എഫ് ജനറല്‍ സെക്രട്ടറിയായി രണ്ട് പ്രാവശ്യം സുധാകര്‍ റെഡ്ഡി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് എഐവൈഎഫ് അദ്ധ്യക്ഷനായി ഒരുവട്ടവും. 1968ല്‍ പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗമായി. ഡല്‍ഹിയില്‍നിന്നും 70കളുടെ മദ്ധ്യത്തോടെ സുധാകര്‍ റെഡ്ഡി സംസ്ഥാനത്ത് വീണ്ടും സജീവമായി.

തുടര്‍ന്ന് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായും പിന്നീട് സ്റ്റേറ്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെടു. പന്ത്രണ്ടാം ലോക്സഭയിലും പതിനാലാം ലോക്സഭയിലും സുധാകര്‍ റെഡ്ഡി അംഗമായിരുന്നു. എഐടിയുസി വര്‍ക്കിങ്് വുമന്‍സ് കൗണ്‍സില്‍ ദേശീയ സെക്രട്ടറിയും അംഗന്‍വാടി വര്‍ക്കേഴ്സ് ഫെഡറേഷന്‍ അഖിലേന്ത്യാ കോ-കണ്‍വീനറുമായ ബി വി വിജയലക്ഷ്മിയാണു ഭാര്യ. മക്കളായ നിഖിലും കപിലും വിവാഹിതരാണ്.

deshabhimani

2 comments:

  1. തെലുങ്കാനയുടെ സമരപാരമ്പര്യവുമായാണ് എസ് സുധാകര റെഡ്ഡി സിപിഐയെ നയിക്കാനെത്തുന്നത്. സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഭാഗമായ തെലുങ്കാന സായുധ സമര പോരാളിയായിരുന്ന സുരവരം വെങ്കിട് രാമറെഡ്ഡിയുടെ അഞ്ചു മക്കളില്‍ മൂത്തയാളാണ് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. ആന്ധ്ര മഹാസഭയില്‍ അംഗമായിരുന്ന രാമറെഡ്ഡിയുടെ മൂത്ത സഹോദരന്‍ പ്രതാപ റെഡ്ഡിയും സ്വാതന്ത്ര സമര പോരാളിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന രവിനാരായണയുമായുള്ള അടുപ്പം വെങ്കിട് രാമറെഡ്ഡിയെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാളിയാക്കി.

    ReplyDelete
  2. വിലക്കയറ്റം പോലുള്ള ജനകീയ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ആഹ്വാനത്തിന് കാത്തുനില്‍ക്കാതെ സമരരംഗത്തിറങ്ങാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് സിപിഐ നേതാവ് എ ബി ബര്‍ദന്‍. ഇടതുപക്ഷ ഐക്യം, ഇടതുപക്ഷ ജനാധിപത്യ ഐക്യം എന്നിവര്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം ശക്തമായി തുടരണം. പാര്‍ടി പ്രവര്‍ത്തകര്‍ ഉല്ലാസയാത്രകളും തീര്‍ഥയാത്രകളുംക്കുറിച്ച് പാര്‍ടി പ്രവര്‍ത്തനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പാര്‍ടിയുടെ എല്ലാ തലങ്ങളിലും ഐക്യം ശക്തിപ്പെടുത്തണം. വ്യക്തിതാല്‍പ്പര്യങ്ങളും വ്യക്തിവിദ്വേഷവും മാറ്റിവച്ച് പാര്‍ടിയുടെ പൊതുവായ താല്‍പ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണം. സിപിഐ 21-ാം പാര്‍ടി കോണ്‍ഗ്രസില്‍ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞശേഷം വിടവാങ്ങല്‍ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുകയാണെങ്കിലും അവസാനശ്വാസംവരെ താന്‍ കമ്യൂണിസ്റ്റായിരിക്കുമെന്ന് ബര്‍ദന്‍ പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും റിട്ടയര്‍ ചെയ്യുന്നില്ല. സ്ഥാനം ഒഴിയുക മാത്രമേ ചെയ്യുന്നുള്ളൂ. പുതിയവര്‍ വരുമ്പോള്‍ പഴയവര്‍ സ്ഥാനമൊഴിയുന്നു എന്നു മാത്രം. സ്വയംവിമര്‍ശത്തോടെയാണ് തന്റെ പ്രവര്‍ത്തനത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയ നേതാക്കള്‍ നയിച്ച പാര്‍ടിയെ നയിക്കുകയെന്ന ചുമതലയാണ് ഏറ്റെടുത്തത്. വളരെ പ്രയാസമുള്ള കാലത്താണ് പാര്‍ടിയെ നയിക്കേണ്ടിവന്നത്. പാര്‍ടി കോണ്‍ഗ്രസ് വിജയിപ്പിക്കാന്‍ ബിഹാറിലെ പ്രവര്‍ത്തകര്‍ ആത്മാര്‍ഥമായ ശ്രമമാണ് നടത്തിയത്. എല്ലാവരെയും സ്നേഹവും കൃതജ്ഞതയും അറിയിച്ചാണ് ബര്‍ദന്‍ വികാരനിര്‍ഭരമായ പ്രസംഗം അവസാനിപ്പിച്ചത്. സിപിഐയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരികയെന്നത് തന്റെ പ്രധാന ദൗത്യമായിരിക്കുമെന്ന് പുതുതായി ചുമതലയേറ്റ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. ഹിന്ദി മേഖലയില്‍ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് പാര്‍ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete