Tuesday, March 27, 2012

പ്രതിരോധം എന്നും കറവപ്പശു


ജനറല്‍ വി കെ സിങ് വെളിപ്പെടുത്തിയ അഴിമതി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രതിരോധമേഖലയെ അഴിമതിയുടെ കറവപ്പശുവാക്കി മാറ്റിയതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. സ്വാതന്ത്ര്യം കിട്ടിയതിന്റെ തൊട്ടടുത്തവര്‍ഷംതന്നെ ഇതാരംഭിച്ചു. ബ്രിട്ടനില്‍നിന്ന് കരസേനയ്ക്കുവേണ്ടി ജീപ്പ് വാങ്ങുന്നതിലെ കോഴയിടപാടാണ് കോണ്‍ഗ്രസിനെതിരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയ ആദ്യ അഴിമതിയാരോപണം. എല്ലാ നടപടിക്രമവും ലംഘിച്ച് ഇന്ത്യന്‍ ഹൈക്കമീഷണര്‍ വഴി ജീപ്പുകള്‍ വാങ്ങിയതിന്റെ പിന്നിലെ കോഴയുടെ തെളിവുകള്‍ പാര്‍ലമെന്റില്‍ നിരന്നു. പക്ഷേ, പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു അന്വേഷണം പോലുമില്ലാതെ ആ കേസ് അടച്ചുവച്ചു.

എണ്‍പതുകള്‍ അഴിമതി കൊണ്ട് സമൃദ്ധമായി. എച്ച്ഡിഡബ്ല്യൂ മുങ്ങിക്കപ്പല്‍ ഇടപാട്, സെന്റ് കിറ്റ്സ് തട്ടിപ്പുകേസ് എന്നുവേണ്ട പ്രധാനമന്ത്രി രാജീവ്ഗാന്ധിതന്നെ പ്രതിക്കൂട്ടിലായ ബൊഫോഴ്സ് കുംഭകോണംവരെ നടന്നത് ആ പതിറ്റാണ്ടിലാണ്. എച്ച്ഡിഡബ്ല്യൂ ജര്‍മന്‍ മുങ്ങിക്കപ്പല്‍ നിര്‍മാതാക്കളാണ്. അവരില്‍നിന്ന് മുങ്ങിക്കപ്പല്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത് ഭരണ രാഷ്ട്രീയ നേതൃത്വത്തിന് 20 കോടി രൂപ കൈക്കൂലി കൊടുത്തതുകൊണ്ടാണെന്ന് എച്ച്ഡിഡബ്ല്യൂ വിട്ട ഒരു എക്സിക്യൂട്ടീവുതന്നെ പിന്നീട് വ്യക്തമാക്കിയതോടെയാണ് ആ അഴിമതി പുറത്തുവന്നത്. വിവാദത്തെ തുടര്‍ന്ന് എച്ച്ഡിഡബ്ല്യൂവിനെ കരിമ്പട്ടികയില്‍പ്പെടുത്തിയെങ്കിലും ആ കരാര്‍ നിലനിന്നു; അതും എച്ച്ഡിഡബ്ല്യൂവിന് അനുകൂലമായ വ്യവസ്ഥകളുമായി. 420 കോടി രൂപയുടേതായിരുന്നു എച്ച്ഡിഡബ്ല്യൂ ഇടപാട്. രാജീവ്ഗാന്ധി മന്ത്രിസഭയില്‍ പ്രതിരോധമന്ത്രിയായിരുന്ന വി പി സിങ്ങാണ് എച്ച്ഡിഡബ്ല്യൂ ഇടപാട് അന്വേഷിക്കാന്‍ ഉത്തരവിട്ടത്. വി പി സിങ്ങും രാജീവ്ഗാന്ധിയും തമ്മില്‍ ഇതോടെ തെറ്റി. വി പി സിങ്ങിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നത് അന്വേഷണത്തിന് ഉത്തരവിട്ടതുകൊണ്ടുമായിരുന്നു. അന്വേഷണത്തില്‍ ഹിന്ദുജാ വ്യവസായ ഗ്രൂപ്പിന്റെ തലവന്‍ ഗോപിചന്ദ് ഹിന്ദുജ മുതല്‍ പ്രതിരോധസെക്രട്ടറി എസ് എസ് സിദ്ധു, നേവല്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് ഡയറക്ടര്‍ എസ് കെ ഭട്ട്നാഗര്‍ എന്നിവര്‍വരെ പ്രതികളായി. എച്ച്ഡിഡബ്ല്യൂ പറഞ്ഞ "രാഷ്ട്രീയനേതൃത്വം" പ്രതിപ്പട്ടികയ്ക്കു പുറത്തുമായി!

ഇതേക്കാളൊക്കെ വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയത് ബൊഫോഴ്സ് കുംഭകോണമാണ്. 1989ലെ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോല്‍ക്കുന്നതിനുപോലും വഴിവച്ചത് ഈ അഴിമതി ഇടപാടാണ്. ബൊഫോഴ്സ് തോക്കുകള്‍ ഇന്ത്യ വാങ്ങുന്നതിനുവേണ്ടി 64 കോടി രൂപ, അതിന്റെ ഉടമയായ സ്വീഡിഷ് കമ്പനി ഇന്ത്യയിലെ ചില പ്രമുഖര്‍ക്കു നല്‍കി എന്നതായിരുന്നു പ്രശ്നം. സ്വീഡിഷ് റേഡിയോയാണ് ഇതു പുറത്തുകൊണ്ടുവന്നത്. ആ ഘട്ടത്തില്‍ പൂര്‍ണമായി നിഷേധിക്കുകയാണ് രാജീവ്ഗാന്ധി ചെയ്തത്. എന്നാല്‍, സ്വീഡിഷ് ഓഡിറ്റ് ബ്യൂറോ ഈ കോഴ ഇടപാട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്, അഴിമതി പൂഴ്ത്തിവയ്ക്കാനാകാതെയായി. കോഴ പറ്റിയവരുടെ പേരുവിവരവും അവരുടെ നിക്ഷേപരഹസ്യങ്ങളുംവരെ സ്വീഡിഷ് ഓഡിറ്റ് ബ്യൂറോ പുറത്തുവിട്ടു. എഇ സര്‍വീസസ്, അനാട്രോണിക്സ് തുടങ്ങിയ കമ്പനികള്‍ ഇടനിലക്കാരായിരുന്നെന്ന് സ്വീഡിഷ് ഓഡിറ്റ് ബ്യൂറോ കണ്ടെത്തി. ദ് ഹിന്ദു ദിനപത്രം ഇവര്‍ പണം പറ്റിയതിന്റെ രേഖകള്‍ പുറത്തുകൊണ്ടുവന്നു. സ്വിസ് ബാങ്കിലെ ലോട്ടസ് എന്ന പേരിലുള്ള നിക്ഷേപത്തിലേക്ക് പണം ചെന്നതിനും തെളിവുലഭിച്ചു. ലോട്ടസ് എന്ന പദത്തിന്റെ ഇന്ത്യന്‍ വാക്ക് "രാജീവം" എന്നാണ്. എഇ സര്‍വീസസിന്റെ ഉടമയാകട്ടെ, രാജീവ്ഗാന്ധിയുടെ വസതിയിലെ നിത്യസന്ദര്‍ശകനായ ഒട്ടാവിയോ ക്വട്റോച്ചിയാണ്. അനാട്രോണിക്സിന്റെ ഉടമ രാജീവ്ഗാന്ധിയുടെ സുഹൃത്തായ പ്രശസ്ത അന്താരാഷ്ട്ര ആയുധദല്ലാള്‍ വിന്‍ഛദ്ദയാണ്. തെളിവുകള്‍ ഒന്നിനുപുറകെ മറ്റൊന്നായി വന്നപ്പോള്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിര്‍ബന്ധിതമായി.

എന്നാല്‍, അതിന്റെ പരിഗണനാവിഷയങ്ങള്‍ മര്‍മത്തില്‍ തൊടാന്‍ അനുവദിക്കുന്നതായിരുന്നില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷം അത് ബഹിഷ്കരിച്ചു. അന്വേഷണം പ്രഹസനമായി. ബൊഫോഴ്സ് പ്രസിഡന്റ് മാര്‍ടിന്‍ അര്‍ബ്ഡോയുടെ കമ്പനി റെയ്ഡ്ചെയ്ത് സ്വീഡിഷ് പൊലീസ് പിടിച്ചെടുത്ത രേഖകള്‍ ഹിന്ദു പുറത്തുകൊണ്ടുവന്നു. ക്വട്റോച്ചിയടക്കമുള്ളവരുടെ പേരുകളും നിക്ഷേപവിവരങ്ങളും "ലോട്ടസ്" നിക്ഷേപവുമെല്ലാം തെളിവുകളായി നിരന്നു. ഡല്‍ഹിയിലുണ്ടായിരുന്ന ക്വട്റോച്ചിയെ സിബിഐ ചോദ്യംചെയ്യാനിരുന്നതിനു തലേന്ന് ഇന്ത്യ വിട്ടുപോകാന്‍ രാജീവ് ഗവണ്‍മെന്റ് അനുവദിച്ചത് ആരോപണങ്ങള്‍ക്ക് കൂടുതല്‍ എരിവുപകര്‍ന്നു. ലോക സാമ്പത്തിക ഫോറം സമ്മേളനത്തിനായി ജനീവയില്‍ ചെന്ന വിദേശമന്ത്രി മാധവ്സിങ് സോളങ്കി, ബൊഫോഴ്സ് കൈക്കോഴ സംബന്ധിച്ച് നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കണമെന്ന് ഇന്ത്യാഗവണ്‍മെന്റിനുവേണ്ടി അഭ്യര്‍ഥിക്കുന്ന കത്ത് സ്വീഡിഷ് വിദേശമന്ത്രിക്ക് കൊടുത്തു. ഇത് പുറത്തുവന്നതോടെ കോണ്‍ഗ്രസ് സോളങ്കിയെ രാജിവയ്പിച്ചു. കത്തുകൊടുത്തെന്നോ കൊടുത്തില്ലെന്നോ പറയാന്‍ തനിക്ക് ഓര്‍മ കിട്ടുന്നില്ലെന്നാണ് വിദേശമന്ത്രി സോളങ്കി അന്ന് പത്രക്കാരോടു പറഞ്ഞത്.

എച്ച്ഡിഡബ്ല്യൂ സബ്മറൈന്റെ കാര്യത്തിലും ബൊഫോഴ്സ് ഇടപാടിന്റെ കാര്യത്തിലും കോണ്‍ഗ്രസിന് വി പി സിങ്ങിനോടു തോന്നിയ ശത്രുത അദ്ദേഹത്തിന്റെ മകന്‍ അജയസിങ്ങിന് സെന്റ്് കിറ്റ്സിലെ ഫസ്റ്റ് ട്രസ്റ്റ് കോര്‍പറേഷനില്‍ 21 ദശലക്ഷം ഡോളറിന്റെ നിക്ഷേപമുള്ളതായി കാണിക്കുന്ന വ്യാജരേഖ നിര്‍മിക്കുന്നതില്‍ വരെ ചെന്നെത്തി. ആ തട്ടിപ്പുകേസില്‍ ഒടുവില്‍ പി വി നരസിംഹറാവു എന്ന കോണ്‍ഗ്രസ് പ്രധാനമന്ത്രിമുതല്‍ ചന്ദ്രസ്വാമിവരെ പ്രതികളായി. കാര്‍ഗില്‍ യുദ്ധകാലത്ത് ശവപ്പെട്ടി വാങ്ങുന്നതില്‍ നടന്ന കോടികളുടെ കുംഭകോണം എന്‍ഡിഎ സര്‍ക്കാരിനെയും പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസിനെയും പ്രതിക്കൂട്ടിലാക്കി. ആദര്‍ശ് ഫ്ളാറ്റ് കുംഭകോണം, സുഖ്ന ഭൂമിഇടപാട്, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡ് അഴിമതി, ടെട്രാ ട്രക്ക് അഴിമതി, സൈനികര്‍ക്കുള്ള റേഷന്‍ വിതരണത്തിലെ കുംഭകോണം, ലഡാക്കില്‍ സേവനമനുഷ്ഠിക്കുന്ന സൈനികര്‍ക്കുള്ള ഇറച്ചിവിതരണത്തിലെ ക്രമക്കേട് തുടങ്ങി ആന്റണി അധികാരമേറ്റ ശേഷം പ്രതിരോധ മേഖലയിലുണ്ടായ അഴിമതികള്‍ നിരവധിയാണ്. സേനാമേധാവിക്ക് പോലും നേരിട്ട് കോഴ വാഗ്ദാനം ചെയ്യുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തിയിരിക്കുന്നത്.

deshabhimani 270312

1 comment:

  1. ജനറല്‍ വി കെ സിങ് വെളിപ്പെടുത്തിയ അഴിമതി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രതിരോധമേഖലയെ അഴിമതിയുടെ കറവപ്പശുവാക്കി മാറ്റിയതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രം. സ്വാതന്ത്ര്യം കിട്ടിയതിന്റെ തൊട്ടടുത്തവര്‍ഷംതന്നെ ഇതാരംഭിച്ചു. ബ്രിട്ടനില്‍നിന്ന് കരസേനയ്ക്കുവേണ്ടി ജീപ്പ് വാങ്ങുന്നതിലെ കോഴയിടപാടാണ് കോണ്‍ഗ്രസിനെതിരെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മുഴങ്ങിയ ആദ്യ അഴിമതിയാരോപണം. എല്ലാ നടപടിക്രമവും ലംഘിച്ച് ഇന്ത്യന്‍ ഹൈക്കമീഷണര്‍ വഴി ജീപ്പുകള്‍ വാങ്ങിയതിന്റെ പിന്നിലെ കോഴയുടെ തെളിവുകള്‍ പാര്‍ലമെന്റില്‍ നിരന്നു. പക്ഷേ, പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റു അന്വേഷണം പോലുമില്ലാതെ ആ കേസ് അടച്ചുവച്ചു.

    ReplyDelete