Wednesday, March 28, 2012

സമര താളം പൂത്തു; സായാഹ്നം സംഗീത സാന്ദ്രം


കാലത്തിനും നാടിനും സമരപുളകങ്ങള്‍ ചാര്‍ത്തിയ പാട്ടുകള്‍ സുഗന്ധം പരത്തിയ സായാഹ്നം. ചലചിത്ര പിന്നണി ഗായകന്‍ വി ടി മുരളിയുടെ നേതൃത്വത്തിലുള്ളള സംഗീതകലാസംഘമാണ് പാടി പതിഞ്ഞ പാട്ടുകളുടെ കെട്ടഴിച്ച് സമരസ്മൃതികളുടെ ധന്യത സമ്മാനിച്ചത്.പാര്‍ടികോണ്‍ഗ്രസിന്റെ അനുബന്ധമായിസംഘടിപ്പിച്ച പരിപാടിയില്‍ മലയാളി എക്കാലവും ഹൃദയത്തില്‍കോര്‍ത്തുസൂക്ഷിക്കുന്ന ഗാനങ്ങളാല്‍ ആസ്വാദകര്‍ക്ക് സംഗീതാഭിവാദ്യമൊരുക്കി. ഗാനമാലകളുടെ ഒഴുക്ക് മനസ്സില്‍ വൈകാരികാനുഭൂതിയും തീവ്രതയും ഉണര്‍ത്തി. പടപ്പാട്ടിന്റെ ആവേശമുണര്‍ത്തുന്ന ""ബലികുടീരങ്ങളേ"" എന്ന ഗാനം കലാകാരന്മാര്‍ ആലപിച്ചപ്പോള്‍ ടൗണ്‍ഹാളിലെ ആസ്വാദകരൊന്നടങ്കം എഴുന്നേറ്റ് ഒരേ ഈണത്തില്‍ പാടിയത് ആവേശഭരിതവും സര്‍ഗസാന്ദ്രവുമായ മുഹൂര്‍ത്തമായി.

നാടകഗാനങ്ങളാലും പടപ്പാട്ടുകളാലും മധുരസ്മൃതികളുടെ അവിസ്മരണീയമായ വസന്തരാഗസന്ധ്യയാണ് ചൊവ്വാഴ്ച വൈകിട്ട് നഗരം അനുഭവിച്ചത്. "മാനവധര്‍മ്മം വിളംബരം ചെയ്യുന്ന മാവേലി നാട്ടിന്‍മധുരശബ്ദങ്ങളേ..."എന്ന പാട്ടായിരുന്നു തുടക്കം. വയലാറിന്റെ മാനവഗീതത്തിന് ശേഷം ഒഎന്‍വിയുടെയും ദേവരാജന്‍മാഷിന്റെയും സംഘസൃഷ്ടിയായ "ഈ മണ്ണില്‍ വീണ നിന്റെ തൂവിയര്‍പ്പില്‍ നിന്നുയര്‍ന്നിതാ..." എന്ന പാട്ടായിരുന്നു. അസമത്വങ്ങള്‍ക്കെതിരായ ജനമുന്നേറ്റത്തിന്റെ മാര്‍ച്ചിങ്ങ്സോങ്ങായ "പദംപദം കുറച്ചുനാം പാടിപാടിപോവുക" എന്ന പാട്ടിനൊപ്പം സദസ്യരും താളംപിടിച്ചപ്പോള്‍ ഇന്നലെകളിലെ കേരളത്തിന്റെ സമരസുരഭിലത ഒഴുകിയെത്തിയ പ്രതീതിയിലായി ടൗണ്‍ഹാള്‍. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയിലെ ഒഎന്‍വി രചിച്ച "ഇന്നലെ നട്ടൊരു ഞാറുകളല്ലൊ പുന്നെല്‍ക്കതിരിന്റെ" എന്ന ഗാനം പാടി. "സ്നേഹഗാഥ പാടാന്‍ നാവുറക്കേണം, കനിവുചുരത്താന്‍ നെഞ്ചുതുടിക്കേണം" എന്ന പാട്ടുമായി പ്രേംകുമാര്‍ വടകരയെത്തിയപ്പോള്‍ കെ ടി യുടെ വിഖ്യാതമായ "ഇത് ഭൂമിയാണ്" നാടകത്തിലെ പ്രശസ്തഗാനം" മുടിനാരേഴായ്കെട്ടീട്ട് നേരിയപാലംകെട്ടീട്ട്..."എന്ന പാട്ട് വി ടി മുരളിയുടെ മകള്‍ കൂടിയായ ഗായിക നിത മനോഹരമായി ആലപിച്ചു. ഒഎന്‍വിയുടെ "ഏതുവേദത്തിലുണ്ടന്യമതസ്ഥരെ സ്നേഹിക്കരുതെന്ന തത്വം.. വി ടി മുരളി പാടി. രാജീവന്‍ ചെറുവണ്ണൂര്‍, ബാബു, ശ്രീനിവാസന്‍ പള്ളിക്കര, ജയശ്രീ നടക്കാവ്, സുനില്‍കുമാര്‍ തിരുവണ്ണൂര്‍, പ്രസന്ന വടകര, ഹര്‍ഷ സിവില്‍സ്റ്റേഷന്‍, ഗീത എന്നിവരും ചേര്‍ന്നാണ് പാട്ടിന്റെ ശക്തിഗാഥ ഒരുക്കിയത്. ജോയ്, സഞ്ജയ്(ഗിറ്റാര്‍), ജയരാജ്}(റിഥംപാഡ്}), ലാലു (തബല), ഷിജു}(കീബോര്‍ഡ്) എന്നിവരായിരുന്നു പിന്നണിയില്‍.

തെരുവുകളെ ത്രസിപ്പിച്ച് യുവത്വം

വടകര: അരിവാളും ചുറ്റികയും കൈയിലേന്തിയ ചെമ്പതാകകളും പോരാട്ടഗാഥകള്‍ മുഴക്കി കാഴ്ചക്കാരെ ത്രസിപ്പിച്ച് യുവത്വം തെരുവുകളില്‍ നിറഞ്ഞാടുകയാണ്. ചുവന്നൊരു ഇന്ത്യയെ വരവേല്‍ക്കാനുള്ള കാഹളം മുഴക്കി. എസ്എഫ്ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച "കാഹളം" സാംസ്കാരിക ജാഥ തെരുവരങ്ങിന് പുതിയ ദൃശ്യചാരുത പകരുകയാണ്. അടിച്ചമര്‍ത്തപ്പെട്ട മനുഷ്യന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും ചെറുത്തു നില്‍പും നിണമണിഞ്ഞ പോരാട്ടങ്ങളുടെയും കഥ പറയുന്നതാണ് സംഗീതാവിഷ്കാരം. ലോകത്തെ കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളും വിപ്ലവങ്ങളും തുടങ്ങി ധീരദേശാഭിമാനികളായ ഭഗത്സിങ്ങും ഝാന്‍സിറാണിയും ദൃശ്യപ്പൊലിമക്ക് കരുത്ത് പകര്‍ന്നു. തടവറകളെ വിറപ്പിച്ച് ഇന്‍ക്വിലാബിന്റെ ശബ്ദം മുഴക്കിയ കയ്യൂര്‍ സഖാക്കളുടെ രക്തസാക്ഷിത്വവും കാഹളത്തില്‍ നേര്‍കാഴ്ചയായി.

മാറുന്ന കാലത്തിന് പുതിയ പോരാട്ടത്തിന്റെ ഊടും പാവും നെയ്യാനുള്ള വിപ്ലവ പ്രസ്ഥാനത്തിന്റെ സമ്മേളനത്തിന് ചരിത്രം ഉറങ്ങുന്ന കോഴിക്കോടിന്റെ മണ്ണിലേക്ക് സ്വാഗതമോതിയാണ് കാഹളം തെരുവുകളില്‍ നിന്ന് അരങ്ങൊഴിയുന്നത്. തെരുവരങ്ങിന്റെ പതിവ് വഴിയില്‍ നിന്ന് വേറിട്ടുള്ള ദൃശ്യശൈലി പ്രേക്ഷക ശ്രദ്ധ നേടുന്നു. കലാലയങ്ങളിലും തെരുവീഥികളിലും പുതുതലമുറയെ ആകര്‍ഷിക്കുന്ന കലാജാഥ ജില്ലയില്‍ നാല് ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി. ജില്ലാ സെക്രട്ടറിയറ്റംഗം ഇ സനീഷ് നേതൃത്വം നല്‍കുന്ന ജാഥയില്‍ ജില്ലയിലെ വിവിധ കാമ്പസുകളില്‍ നിന്നുള്ള പതിമൂന്ന് കലാകാരന്മാരാണ് കാഹളത്തില്‍ അരങ്ങിലെത്തുന്നത്. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ എ ശാന്തകുമാറാണ് പരിശീലകന്‍. എസ്എഫ്ഐ ജില്ലാ ഭാരവാഹികളായ ടി പി ബിനീഷ്, വി കെ കിരണ്‍രാജ്, എം കെ നികേഷ്, ടി കെ സുമേഷ്, കെ ടി കെ സ്വാതി, സൗമ്യഎന്നിവരാണ് നേതൃത്വം നല്‍കുന്നത്.
(കെ കെ ശ്രീജിത്)

deshabhimani 280312

1 comment:

  1. കാലത്തിനും നാടിനും സമരപുളകങ്ങള്‍ ചാര്‍ത്തിയ പാട്ടുകള്‍ സുഗന്ധം പരത്തിയ സായാഹ്നം. ചലചിത്ര പിന്നണി ഗായകന്‍ വി ടി മുരളിയുടെ നേതൃത്വത്തിലുള്ളള സംഗീതകലാസംഘമാണ് പാടി പതിഞ്ഞ പാട്ടുകളുടെ കെട്ടഴിച്ച് സമരസ്മൃതികളുടെ ധന്യത സമ്മാനിച്ചത്.പാര്‍ടികോണ്‍ഗ്രസിന്റെ അനുബന്ധമായിസംഘടിപ്പിച്ച പരിപാടിയില്‍ മലയാളി എക്കാലവും ഹൃദയത്തില്‍കോര്‍ത്തുസൂക്ഷിക്കുന്ന ഗാനങ്ങളാല്‍ ആസ്വാദകര്‍ക്ക് സംഗീതാഭിവാദ്യമൊരുക്കി. ഗാനമാലകളുടെ ഒഴുക്ക് മനസ്സില്‍ വൈകാരികാനുഭൂതിയും തീവ്രതയും ഉണര്‍ത്തി. പടപ്പാട്ടിന്റെ ആവേശമുണര്‍ത്തുന്ന ""ബലികുടീരങ്ങളേ"" എന്ന ഗാനം കലാകാരന്മാര്‍ ആലപിച്ചപ്പോള്‍ ടൗണ്‍ഹാളിലെ ആസ്വാദകരൊന്നടങ്കം എഴുന്നേറ്റ് ഒരേ ഈണത്തില്‍ പാടിയത് ആവേശഭരിതവും സര്‍ഗസാന്ദ്രവുമായ മുഹൂര്‍ത്തമായി.

    ReplyDelete