Tuesday, March 27, 2012

കാങ്കോലില്‍ ഹര്‍ത്താല്‍ പൂര്‍ണം:


പൊലീസ് നരനായാട്ടില്‍ പ്രതിഷേധം

കാങ്കോല്‍: പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കാങ്കോലില്‍ നടന്ന ഹര്‍ത്താല്‍ പൂര്‍ണം. കാങ്കോല്‍ എഎല്‍പി സ്കൂളിന് സമീപത്തെ ഡിവൈഎഫ്ഐ കൊടിമരം ലീഗ് തീവ്രവാദികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകിട്ട് പ്രകടനം നടന്നിരുന്നു. പ്രകടനം കഴിഞ്ഞശേഷം എ കെ ജി റോഡിന് സമീപത്തെ പാടാച്ചേരി തമ്പാന്റെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന വനിതാ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരെയാണ് പയ്യന്നൂര്‍ സിഐ പി കെ ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം മൃഗീയമായി തല്ലിച്ചതച്ചത്. തമ്പാന്റെ പീടികയിലെ ലൈറ്റ് അടിച്ച് തകര്‍ത്ത പൊലീസ് സംഘം കണ്ണില്‍ കണ്ടവരെയെല്ലാം പൊതിരെ തല്ലുകയായിരുന്നു. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അംഗം പി പി ഓമന (44), മുന്‍ പഞ്ചായത്തംഗം ടി വി രമണി (52), പി എം വത്സല (44), എ വി ഗോപാലകൃഷ്ണന്‍ (55), പി രതീഷ്(26), പി ബാലന്‍ (54), കെ നാരായണന്‍ (58) എന്നിവര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്. എല്ലാവരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി കൃഷ്ണന്‍ എംഎല്‍എ, വി നാരായണന്‍, ടി ഐ മധുസൂദനന്‍, കെ വി ഗോവിന്ദന്‍, കെ ലീല, എം വി സരള, വി വി സരോജിനി, എ മാധവി എന്നിവര്‍ ആശുപത്രിയില്‍ പരിക്കേറ്റവര സന്ദര്‍ശിച്ചു.

മാര്‍ച്ച് ഏഴിനാണ് ലീഗ് തീവ്രവാദികള്‍ എഎല്‍പി സ്കൂളിന് സമീപത്തെ വി പി ഇസ്മയിലിന്റെ വീടാക്രമിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മകന്‍ സാജിദിനെ വധിക്കാന്‍ ശ്രമിച്ചത്. വധശ്രമം തടയാന്‍ ചെന്ന ഉമ്മ സുഹറയെയും മര്‍ദിച്ചിരുന്നു. തുടര്‍ന്ന് പൊതുജന വായനശാല തകര്‍ത്ത് ടി വിയടക്കമുള്ള സാധനങ്ങളും ഫര്‍ണിച്ചറുകളും അക്രമിസംഘം കൊള്ളയടിച്ചു. മോഷണം നടത്തിയ ടി വി കാങ്കോല്‍ ജമാഅത്ത് പള്ളിക്ക് സമീപത്തെ പറമ്പില്‍നിന്ന് എതാനും ദിവസം മുമ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ലീഗും പൊലീസും തമ്മിലുള്ള ഒത്തുകളി നാട്ടില്‍ ചര്‍ച്ചയായിരുന്നു. ഇതിനിടെ അക്രമം നടത്തിയവര്‍ പൊലീസിന്റെ കണ്‍മുന്നിലൂടെ ബൈക്കില്‍ വിലസുമ്പോഴും പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ല. അക്രമികളെ ഉടന്‍ പിടികൂടണമെന്നും നിരപരാധികളെ തല്ലിച്ചതച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് ഏപ്രില്‍ രണ്ടിന് പെരിങ്ങോം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തും.

ഹര്‍ത്താലിന്റെ ഭാഗമായി ടൗണില്‍ പ്രകടനവും പൊതുയോഗവും നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പി രവീന്ദ്രന്‍ അധ്യക്ഷനായി. വി നാരായണന്‍, കെ വി ഗോവിന്ദന്‍, വി വി സരോജിനി, കെ കെ കൃഷ്ണന്‍, പി ശശിധരന്‍, സി സത്യപാലന്‍, കെ പത്മിനി, കെ പി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. കെ രാജന്‍ സ്വാഗതം പറഞ്ഞു. പൊലീസ് നടപടിയില്‍ വ്യാപാരി വ്യവസായി സമിതി പയ്യന്നൂര്‍ ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു. പി വിജയന്‍ സംസാരിച്ചു.പൊലീസ് നടപടിയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പെരിങ്ങോം ഏരിയാകമ്മിറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് അംഗം പി പി ഓമനയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാസെക്രട്ടറി പി രവീന്ദ്രന്‍ ആവശ്യപ്പെട്ടു.

deshabhimani 270312

1 comment:

  1. പൊലീസ് നരനായാട്ടില്‍ പ്രതിഷേധിച്ച് കാങ്കോലില്‍ നടന്ന ഹര്‍ത്താല്‍ പൂര്‍ണം. കാങ്കോല്‍ എഎല്‍പി സ്കൂളിന് സമീപത്തെ ഡിവൈഎഫ്ഐ കൊടിമരം ലീഗ് തീവ്രവാദികള്‍ നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച വൈകിട്ട് പ്രകടനം നടന്നിരുന്നു. പ്രകടനം കഴിഞ്ഞശേഷം എ കെ ജി റോഡിന് സമീപത്തെ പാടാച്ചേരി തമ്പാന്റെ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന വനിതാ പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവരെയാണ് പയ്യന്നൂര്‍ സിഐ പി കെ ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ്സംഘം മൃഗീയമായി തല്ലിച്ചതച്ചത്. തമ്പാന്റെ പീടികയിലെ ലൈറ്റ് അടിച്ച് തകര്‍ത്ത പൊലീസ് സംഘം കണ്ണില്‍ കണ്ടവരെയെല്ലാം പൊതിരെ തല്ലുകയായിരുന്നു. കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് അംഗം പി പി ഓമന (44), മുന്‍ പഞ്ചായത്തംഗം ടി വി രമണി (52), പി എം വത്സല (44), എ വി ഗോപാലകൃഷ്ണന്‍ (55), പി രതീഷ്(26), പി ബാലന്‍ (54), കെ നാരായണന്‍ (58) എന്നിവര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്. എല്ലാവരും പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി കൃഷ്ണന്‍ എംഎല്‍എ, വി നാരായണന്‍, ടി ഐ മധുസൂദനന്‍, കെ വി ഗോവിന്ദന്‍, കെ ലീല, എം വി സരള, വി വി സരോജിനി, എ മാധവി എന്നിവര്‍ ആശുപത്രിയില്‍ പരിക്കേറ്റവര സന്ദര്‍ശിച്ചു.

    ReplyDelete