Wednesday, March 28, 2012

ഇവിടെ വായനയുടെ പുതുലോകം


പുസ്തകോത്സവം തുടങ്ങി

കോഴിക്കോട്: സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള അന്താരാഷ്ട്ര പുസ്തകോത്സവം ആരംഭിച്ചു. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് യു എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ സാമൂഹ ജീവിയാക്കി മാറ്റുന്നത് വായനയാണെന്ന് യു എ ഖാദര്‍ പറഞ്ഞു. പുസ്തകം കൈയിലെടുക്കുന്നതിലൂടെ ലോകത്തെ കൈയിലെടുക്കാന്‍ കഴിയും. വായനയിലൂടെ മറ്റൊരു ലോകത്തെയാണ് കൊണ്ടുവരുന്നത്. ഒരു കാലഘട്ടത്തിന്റെ ജനസഞ്ചയത്തെ കാണിച്ചുതരാന്‍ പുസ്തകങ്ങള്‍ക്ക് കഴിയുന്നു. മനസ്സിനെ വിപുലപ്പെടുത്താന്‍ വായനയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പി കെ സതീശന്‍ അധ്യക്ഷനായി. ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച "ഹോച്ചിമിന്‍: തെരഞ്ഞെടുത്ത കൃതികള്‍" പുസ്തകം സിപിഐ എം ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ദേശാഭിമാനി വാരിക എഡിറ്റര്‍ ഡോ. കെ പി മോഹനന് നല്‍കി പ്രകാശനം ചെയ്തു. "വായനയുടെ ലോകം" എന്ന വിഷയത്തില്‍ പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് സംസാരിച്ചു. കെ ടി രാധാകൃഷ്ണന്‍ സ്വാഗതവും വേണു അമ്പലപ്പടി നന്ദിയും പറഞ്ഞു.

ഏപ്രില്‍ എട്ടുവരെ കോര്‍പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറ് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ രാവിലെ ഒമ്പതര മുതല്‍ രാത്രി എട്ട് വരെയാണ് പുസ്തകോത്സവം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമായി അറുപതോളം പ്രസാധകരും പുസ്തകശാലകളും മേളയില്‍ പങ്കെടുക്കും. പ്രമുഖ ഇംഗ്ലീഷ് പ്രസാധകരായ പെന്‍ഗ്വിന്‍, മാക്മില്ലന്‍, ഓക്സ്ഫോര്‍ഡ്, കേംബ്രിഡ്ജ്, റൂട്ലെസ്, ഇടതുപക്ഷ പ്രസാധകശാല ലെഫ്റ്റ്വേഡ്, ഐപിഡിഎല്‍, പ്രജാശക്തി(ആന്ധ്ര), ഭാരതീയപുസ്തകശാല(ചെന്നൈ) തുടങ്ങിയവരും കേരളത്തിലെ പ്രസാധകരും മേളയെ സജീവമാക്കും. ചിന്ത പബ്ലിഷേഴ്സുമായി സഹകരിച്ചാണ് പാര്‍ടി കോണ്‍ഗ്രസ് സ്വാഗതസംഘം മേള ഒരുക്കുന്നത്. പ്രദര്‍ശനം രാവിലെ ഒമ്പതിനാരംഭിക്കും.

ഇവിടെ വായനയുടെ പുതുലോകം

ബെന്യാമിന്റെ "മഞ്ഞവെയില്‍ മരണങ്ങള്‍" മുതല്‍ ചെഗുവേരയുടെ "ഗറില്ലായുദ്ധം"വരെ. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ നീണ്ട നിര. ലോക ക്ലാസിക്കുകള്‍ ഏതും ലഭിക്കും.സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം വായനയുടെ വസന്തം തീര്‍ക്കുകയാണ്. രാഷ്ട്രീയം, സാംസ്കാരികം, സിനിമ, വൈജ്ഞാനികം, ആത്മീയം, ബാലസാഹിത്യം തുടങ്ങി ഏത് വിഭാഗത്തിലുമുള്ള പുസ്തകങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. എഴുപത്തഞ്ചോളം പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ പതിനായിരക്കണക്കിന് പുസ്തകങ്ങളാണുള്ളത്. ചിന്ത പബ്ലിഷേഴ്സിന്റെ സ്റ്റാളില്‍ ചെഗുവേരയുടെ "ഗറില്ലായുദ്ധത്തിനും" ചെഗുവേരയുടെ കത്തുകള്‍ക്കും ആവശ്യക്കാരേറെയാണ്. ഇടതുപക്ഷാശയപ്രചാരണത്തിനുള്ള പുസ്തകങ്ങളേതും സ്റ്റാളിലുണ്ട്. ഇഎംഎസിന്റെ സമ്പൂര്‍ണ കൃതികളുടെ പ്രത്യേക ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവര്‍ത്തനങ്ങളും നിരവധിയാണ്. സേതുവിന്റെ മറുപിറവി, മുകുന്ദന്റെ ഡല്‍ഹിഗാഥകള്‍ എന്നിവയുള്‍പ്പെടെയുള്ള കൃതികള്‍ തേടിയാണ് കൂടുതല്‍ പേരെത്തുന്നത്. എം എഫ് ഹുസൈന്റെ ലേഖന സമാഹാരം, റഷ്യന്‍ നോവല്‍ "വിപ്ലവത്തിന്റെ തീച്ചൂളയി"ലിന്റെ ആദ്യ മലയാള പരിഭാഷയും ചിന്തയുടെ സ്റ്റാളിലുണ്ട്. ചിന്ത പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശനവും പ്രദര്‍ശനത്തോടൊപ്പമുണ്ട്. കെ ഇ എന്നിന്റെ "കേരളത്തിന്റെ മാഷ് മലയാളത്തിന്റെ മുഴക്കം", ഗോഗോളിന്റെ നോവല്‍ "പരേതാത്മാക്കള്‍" എന്നിവ അടുത്ത ദിവസങ്ങളില്‍ പ്രകാശനം ചെയ്യും.

ഡിസി, കറന്റ്, മാതൃഭൂമി, ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങി പഴയ പ്രസാധകരായ മാരാര്‍ സാഹിത്യപ്രകാശം, വള്ളത്തോള്‍ വിദ്യാപീഠം വരെയുള്ളവര്‍ മേളയിലുണ്ട്. പ്രജാശക്തിയുടെ സ്റ്റാളും ശ്രദ്ധേയമാണ്. ഇംഗ്ലീഷ് പുസ്തങ്ങള്‍ക്കായി പ്രത്യേക സ്റ്റാള്‍ ഒരുക്കിയിട്ടുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്, മാക്മില്ലന്‍, യൂണിവേഴ്സിറ്റി ഓഫ് ഓക്സ്ഫോര്‍ഡ്, വെസ്റ്റ്ലാന്‍ഡ് തുടങ്ങിയ പ്രസാധകരുടെ പുസതകങ്ങളും ലഭിക്കും. 10മുതല്‍ 50ശതമാനം വരെ വിലക്കിഴിവിലാണ് വില്‍പ്പന. പുസ്തകോത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് വൈക്കം മുഹമ്മദ് ബഷീര്‍ വേദിയില്‍ സാഹിത്യചര്‍ച്ചയും പുസ്തകപ്രകാശനവും നടക്കും. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ടുവരെയാണ് മേള. ഏപ്രില്‍ എട്ടിന് സമാപിക്കും.

deshabhimani 280312

1 comment:

  1. ബെന്യാമിന്റെ "മഞ്ഞവെയില്‍ മരണങ്ങള്‍" മുതല്‍ ചെഗുവേരയുടെ "ഗറില്ലായുദ്ധം"വരെ. മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ നീണ്ട നിര. ലോക ക്ലാസിക്കുകള്‍ ഏതും ലഭിക്കും.സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് ഇ എം എസ് സ്റ്റേഡിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം വായനയുടെ വസന്തം തീര്‍ക്കുകയാണ്. രാഷ്ട്രീയം, സാംസ്കാരികം, സിനിമ, വൈജ്ഞാനികം, ആത്മീയം, ബാലസാഹിത്യം തുടങ്ങി ഏത് വിഭാഗത്തിലുമുള്ള പുസ്തകങ്ങള്‍ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം. എഴുപത്തഞ്ചോളം പ്രസാധകര്‍ പങ്കെടുക്കുന്ന മേളയില്‍ പതിനായിരക്കണക്കിന് പുസ്തകങ്ങളാണുള്ളത്. ചിന്ത പബ്ലിഷേഴ്സിന്റെ സ്റ്റാളില്‍ ചെഗുവേരയുടെ "ഗറില്ലായുദ്ധത്തിനും" ചെഗുവേരയുടെ കത്തുകള്‍ക്കും ആവശ്യക്കാരേറെയാണ്.

    ReplyDelete