Thursday, March 29, 2012

ഫൈവ്സ്റ്റാര്‍ ഹോട്ടലിന് മാത്രം ബാര്‍ ലൈസന്‍സ്: മുഖ്യമന്ത്രി


ഫൈവ്സ്റ്റാര്‍ പദവിയുള്ള ഹോട്ടലിനു മാത്രമേ ഇനി ബാര്‍ ലൈസന്‍സ് നല്‍കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള മദ്യനിരോധനസമിതിയുടെ പ്രൊഹിബിഷന്‍ മാസികയുടെ പുനഃപ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ത്രീസ്റ്റാറുകളില്‍ ബാര്‍ അനുവദിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതിനാല്‍ പല ഹോട്ടലും ഫോര്‍സ്റ്റാര്‍ പദവിക്കുവേണ്ടി ശ്രമിക്കുകയാണ്. കേന്ദ്ര ടൂറിസം വകുപ്പാണ് ഫോര്‍സ്റ്റാര്‍ പദവി നല്‍കേണ്ടത്. ബാറുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനോട് കേന്ദ്ര ടൂറിസം വകുപ്പിനു വിയോജിപ്പാണ്. ടൂറിസം വികസനത്തിന്റെ ആവശ്യകതയാണ് കേന്ദ്ര ടൂറിസം വകുപ്പ് ഉയര്‍ത്തിക്കാട്ടുന്നത്. മദ്യലഭ്യത കുറയ്ക്കാനുള്ള എല്ലാ നിര്‍ദേശവും സര്‍ക്കാര്‍ സ്വീകരിക്കും. മദ്യവില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം സര്‍ക്കാരിന്റെ യഥാര്‍ഥവരുമാനമായി കാണുന്നില്ല. ഈ വരുമാനം മുഴുവന്‍ ഉപേക്ഷിക്കാന്‍ തയ്യാറാണ്. സംസ്ഥാനത്ത് പുതിയ ബിവറേജസ് ഔട്ട്ലെറ്റുകള്‍ അനുവദിക്കില്ലെന്നും കോടതിയുടെ ഇടപെടലിലൂടെയോ മറ്റോ അനുവദിക്കേണ്ടിവന്നാല്‍ ഇപ്പോഴുള്ള ഒന്ന് നിര്‍ത്തലാക്കി മാത്രമേ മറ്റൊന്ന് അനുവദിക്കൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ നടപ്പാക്കുന്ന മദ്യനയം അട്ടിമറിക്കാന്‍ മദ്യലോബി ശ്രമിക്കുന്നതായി വി എം സുധീരന്‍ പറഞ്ഞു. ഹോട്ടലുകള്‍ക്ക് ഫോര്‍സ്റ്റാര്‍ പദവി നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥര്‍ വന്‍ ക്രമക്കേട് നടത്തുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു. സീറോ മലങ്കരസഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ അധ്യക്ഷനായി. കേരള മദ്യനിരോധനസമിതി പ്രസിഡന്റ് ഫാദര്‍ തോമസ് തൈത്തോട്ടം, തമ്പാനൂര്‍ ഇമാം ജനാബ് ഹംസ മൗലവി ഫാറൂഖി, പി എന്‍ ശാന്തകുമാരി, ഒ ജെ ചിന്നമ്മ, അശോക്കുമാര്‍, ജി സദാനന്ദന്‍, പ്രൊഹിബിഷന്‍ മാസിക എഡിറ്റര്‍ ടി പി ആര്‍ നാഥ് എന്നിവര്‍ സംസാരിച്ചു.

deshabhimani 290312

No comments:

Post a Comment